കോയമ്പത്തൂർ: കോയമ്പത്തൂർ ടൗൺഹാളിനു സമീപം കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ കാറിലുണ്ടായ സ്‌ഫോടനത്തിൽ യുവാവ് മരിച്ചത് ബോംബ് സ്‌ഫോടനത്തിനുള്ള ശ്രമത്തിനിടെയെന്ന് സംശയം. കാർ പൂർണമായി കത്തിനശിച്ചു. ഉക്കടം ജിഎം നഗറിലെ ജമേഷ മുബിൻ (25) ആണു മരിച്ചത്. ഈ സാഹചര്യത്തിൽ പാലക്കാട് അടക്കം സുരക്ഷ കർശനമാക്കി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന് ഈ സംഭവത്തിൽ പങ്കുണ്ടെന്ന സംശയവും ഉണ്ട്. വിശദമായ അന്വേഷണമാണ് ഇക്കാര്യത്തിൽ നടക്കുന്നത്.

2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. ചെക്‌പോസ്റ്റിൽ പൊലീസിനെ കണ്ട യുവാവ് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണു സ്‌ഫോടനമെന്നാണു പൊലീസ് പറയുന്നത്. ഇന്നലെ പുലർച്ചെ നാലോടെയാണു സംഭവം. കാറിലുണ്ടായിരുന്ന കാർ ഡ്രൈവറാണു മരിച്ചതെന്നും ഇയാൾ മാത്രമാണു വാഹനത്തിൽ ഉണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ.

ഭീകരാക്രമണമാണോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ചെക് പോസ്റ്റിൽ ഇയാളുടെ കാർ തടഞ്ഞിരുന്നു. 24 മണിക്കൂറും പൊലീസുള്ള ചെക് പോസ്റ്റ് കടക്കാൻ ഇയാൾ കഴിഞ്ഞില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാകാം സ്‌ഫോടനം എന്നാണ് സംശയം. അതോ മനപ്പൂർവ്വം ഉണ്ടാക്കിയതാണോ എന്നും അറിയില്ലെന്നും തമിഴ്‌നാട് പൊലീസ് പറയുന്നു. ഏതായാലും കേന്ദ്ര ഏജൻസികൾ അടക്കം സ്‌ഫോടനത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. 1998ലെ ഭീകരക്രമണത്തിന് സമാനമാണ് സംഭവമെന്ന ആരോപണവും ഉയർന്നിരുന്നു.

2019ൽ ദേശീയ സുരക്ഷാ ഏജൻസി ജമേഷ മുബിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസൊന്നും എടുത്തിരുന്നില്ല. കൊല്ലപ്പെട്ട ആളിന്റെ പേരിൽ മറ്റ് കേസുകളുമില്ല. എന്നാൽ പ്രത്യേക സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. അറസ്റ്റിലായ പല നേതാക്കളുമായും ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. ദീപാവലിയായതു കൊണ്ട് തന്നെ വൻ സുരക്ഷയാണ് തമിഴ്‌നാട്ടിൽ ഉടനീളം ഒരുക്കിയിട്ടുള്ളത്. എൽപിജി സിലിണ്ടർ വച്ചിരുന്ന മാരുതി 800 ആണ് പൊട്ടിത്തെറിച്ചത്.

ഉക്കടം എന്നത് കോയമ്പത്തൂരിലെ സാമുദായിക സംഘർഷങ്ങൾ ഉള്ള പ്രദേശമാണ്. ഇവിടെയാണ് സ്‌ഫോടനം നടന്നതെന്നത് ഏറെ നിർണ്ണായകമാണ്. പ്രത്യേക സംഘത്തെ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാനും നിയോഗിച്ചിട്ടുണ്ട്. പൊള്ളാച്ചിയിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 9 ഉടമസ്ഥർ കൈമാറിയിട്ടുള്ള കാറാണ് ഇത്. ഈ കാർ ജമേഷ മുബിൻ വാങ്ങിയെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ കാറിന്റെ ഉടമസ്ഥാവകാശം ഇയാളുടെ പേരിൽ വാങ്ങിയിട്ടില്ല. എവിടെ നിന്നാണ് ഗ്യാസ് സിലിണ്ടർ വാങ്ങിയതെന്നതിലും അന്വേഷണം നടക്കും.

കാറിൽ കൊണ്ടുവരികയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തീയണച്ചപ്പോൾ പൊട്ടാത്ത രണ്ട് സിലിണ്ടറുകൾ കാറിൽനിന്ന് കണ്ടെടുക്കുകയും ചെയ്തിരുന്നു. കൂടുതൽ ദുരൂഹതയില്ലെങ്കിലും സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് കോയമ്പത്തൂർ എ.ഡി.ജി.പി. മാധ്യമങ്ങളോട് പറഞ്ഞു. പൊള്ളാച്ചി സ്വദേശിയായ പ്രഭാകരന്റെ പേരിലാണ് കാറിന്റെ രജിസ്ട്രേഷൻ. എന്നാൽ ഇയാളിൽനിന്ന് അഞ്ചുപേർക്കെങ്കിലും കാർ കൈമാറിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ദീപാവലി പ്രമാണിച്ച് തുറന്നിരുന്ന സമീപത്തെ കച്ചവടസ്ഥാപനങ്ങളെല്ലാം അപകടത്തെ തുടർന്ന് അടച്ചിട്ടു.

തുണിക്കച്ചവടക്കാരനായിരുന്നു മുബിൻ. ബോംബ് ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കളാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. കോയമ്പത്തൂരിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി അടക്കം മുബിന് അടുപ്പമുണ്ടായിരുന്നു. ഐസിസ് മോഡൽ സ്‌ഫോടനമാണ് നടന്നതെന്ന് ബിജെപി ആരോപിക്കുന്നു.