പത്തനംതിട്ട: ജെസ്നയെ കാണാതായ സംഭവത്തിൽ കുടുംബത്തിന് സംശയം രണ്ടുപേരെ. ജെസ്ന കേസിൽ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെ പ്രതീക്ഷയോടെയാണ് കുടുംബവും കാണുന്നത്. മകളെ അപായപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. തന്റെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ട്. പുനർ അന്വേഷണത്തിൽ നല്ല പ്രതീക്ഷയുണ്ടെന്നും ജെസ്‌നയുടെ അച്ഛൻ ജെയിംസ് പറഞ്ഞു.'സിബിഐ അന്വേഷണത്തിൽ വീഴ്ചയില്ല. പക്ഷേ, അന്വേഷണം വഴിതെറ്റിക്കാൻ പല ഘട്ടങ്ങളിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്. ഞാൻ നൽകിയ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട് ', ജെയിംസ് പറഞ്ഞു.

ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയിൽ സമർപിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. ജെസ്‌ന ജീവിച്ചിരിക്കുന്നു എന്നതിനു തെളിവില്ലെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകളും ഹാജരാക്കി. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുണ്ടെന്നും ആറു മാസം കൂടി സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ജെസ്‌നയുടെ പിതാവ് ആവശ്യപ്പെട്ടത്. ഇതാണ് അംഗീകരിക്കപ്പെട്ടത്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിട്ടും ജെസ്നക്ക് എന്ത് പറ്റിയെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജെസ്ന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ല എന്ന് പറഞ്ഞാണ് സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചു. മുദ്രവച്ച കവറിലാണ് ജെയിംസ് തെളിവുകൾ ഹാജരാക്കിയത്. തുടർന്ന് പുതിയ തെളിവുകൾ കൈമാറിയാൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും അറിയിച്ചു. ഇതോടെ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് മുദ്രവച്ച കവറിൽ ചില തെളിവുകൾ കഴിഞ്ഞ ദിവസം ഹാജരാക്കിയത് കോടതി പരിശോധിച്ചു സ്വീകരിച്ചിരുന്നു. തെളിവുകൾ മുൻപ് സിബിഐ പരിശോധിച്ചിരുന്നോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചിരുന്നു. ഇതിൻപ്രകാരം സിബിഐ കേസ് ഡയറിയും സമർപ്പിച്ചു. ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സിബിഐ പോലും ഇക്കാര്യത്തിൽ, ക്യത്യമായ ഉത്തരം തന്നിട്ടില്ല. എന്നാൽ, ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ ജെയിംസ് പറയുന്നു. സംശയമുള്ള അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നൽകിയിട്ടും ആ ദിശയിൽ അന്വേഷണം വ്യാപിപ്പിക്കാൻ സിബിഐ തയ്യാറായില്ലെന്നും ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് ആരോപിച്ചിരുന്നു. ജസ്നയെ കാണായതിന്റെ തലേദിവസം ജസ്നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താൻ സിബിഐ സംഘം ശ്രമിച്ചില്ലെന്നും അച്ഛൻ കുറ്റപ്പെടുത്തിയിരുന്നു. ഈ വാദങ്ങളിലേക്കും ഇനി അന്വേഷണം പോകും.

ജെസ്നയ്ക്ക് അമിത ആർത്തവ രക്തസ്രാവം ഉണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജെസ്ന വീട് വിട്ടതെന്ന് സംശയിക്കുന്നതായും പിതാവ് ആരോപിച്ചിരുന്നു. അബോർഷൻ മരുന്ന് കഴിച്ചതിനാലാണോ ഇത്തരത്തിൽ അമിത രക്തസ്രാവം ഉണ്ടായതെന്നും സി ബി ഐ അന്വേഷണം നടത്തിയിട്ടില്ല. കാണാതായ ശേഷം വന്ന ഫോൺകോളുകൾ സിബിഐ അന്വേഷിച്ചില്ല. എൻഎസ്എസ് ക്യാമ്പിൽ പങ്കെടുത്തതും പരിശോധിച്ചില്ല. ഹോസ്റ്റലിൽ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തിയിരുന്നു.

ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നാണ് അച്ഛന്റെ പരാതി. . ജെസ്നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവർ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞു. എന്നാൽ മകൾ ഇപ്പോൾ ജീവനോടെയില്ലെന്നാണ് അച്ഛന്റെ നിലപാട്. മുണ്ടക്കയത്തെ വ്യാഴാഴ്ച പ്രാർത്ഥനാലയത്തേയും അച്ഛൻ സംശയ നിഴലിൽ നിർത്തുന്നു.