- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുമാസം മുൻപ് കേരളത്തിൽ നിന്നെത്തിയ ബസിൽ തമിഴ്‌നാട്ടിലെത്തിച്ച് ജോലിയെടുപ്പിച്ച ഗ്രാമവാസികൾക്ക് നൽകാനുള്ള ശമ്പള കുടിശ്ശിക 2.9 ലക്ഷം രൂപ; കട്ടപ്പനയിലെ ബസ് ജീവനക്കാരെ ഝാർഖണ്ഡിൽ ബന്ദികളാക്കിയത് ശമ്പള കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട്; ആയുധങ്ങളുമായി എത്തിയവർ ബസ് താക്കോൽ പിടിച്ചുവാങ്ങി; മോചനം കേരളാ പൊലീസ് ഉന്നതർ ഇടപെട്ടതോടെ
കട്ടപ്പന: കേരളത്തിലേക്കു തൊഴിലാളികളെ കൊണ്ടുവരാൻ പോയ ടൂറിസ്റ്റ് ബസിലെ 2 ജീവനക്കാരെ ഝാർഖണ്ഡിൽ ഗ്രാമവാസികൾ ബന്ദികളാക്കി മർദിച്ചു സംഭവം ശമ്പള കുടിശ്ശികയുടെ പേരിൽ. കേരളത്തിൽ നിന്നുള്ള ബസിൽ കൊണ്ടുപോയി തമിഴ്‌നാട്ടിൽ എത്തിച്ചു പണിയെടുപ്പിച്ചവർക്ക് പണം നൽകാതെ വന്നതോടെയാണ് ഝാർഖണ്ഡിലെ ഗ്രാമവാസികൾ സംഘടിച്ചെത്തി ബസ് ജീവനക്കാരെ തടഞ്ഞുവെച്ചത്. 22 മണിക്കൂർ ബന്ദികളാക്കിയവരെ ഒടുവിൽ മോചിപ്പിച്ചത് കേരളാ പൊലീസിന്റെ ഇടപെടൽ മൂലം ജാർഖണ്ഡ് പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ്.
ഇടുക്കി വണ്ടന്മേട് കൊച്ചറ ചെമ്പകത്തിനാൽ കെ.പി.അനീഷ് (39), മേരികുളം ചപ്പാത്ത് പ്ലാക്കൽ പി.ബി.ഷാജി (48) എന്നിവരെയാണു ബന്ദിയാക്കിയത്. ആറുമാസം മുൻപ് കേരളത്തിൽ നിന്നെത്തിയ ബസിൽ തമിഴ്‌നാട്ടിലെത്തിച്ച് ജോലിയെടുപ്പിച്ച ഗ്രാമവാസികൾക്ക് 2.9 ലക്ഷം രൂപ ശമ്പള കുടിശികയുണ്ടെന്നും അതു നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ബന്ദിയാക്കൽ. പണം കിട്ടാതെ അരിശം മൂത്തു നിന്നവർ കേരള ബസ് കണ്ടപ്പോൾ കലിതീർക്കുകയായിരുന്നു.
11നു കട്ടപ്പനയിൽനിന്നു പുറപ്പെട്ട ബസ് 13നാണു ഝാർഖണ്ഡിൽ എത്തിയത്. തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 285 കിലോമീറ്ററോളം അകലെയുള്ള ദുംക ജില്ലയിലെ ഒരു ഗ്രാമത്തിലെത്താൻ ശനിയാഴ്ച രാവിലെ പ്രദേശവാസികൾ ഇവരെ വിളിച്ചറിയിച്ചു. 20 തൊഴിലാളികൾ ഉണ്ടെന്നും കേരളത്തിലേക്കു കൊണ്ടുപോകാമെന്നുമാണു പറഞ്ഞത്. ശനിയാഴ്ച വൈകിട്ട് 3ന് അവിടെയെത്തിയപ്പോൾ ആയുധങ്ങളുമായി എത്തിയ നൂറ്റമ്പതോളം പേർ ബസ് ജീവനക്കാരെ തടഞ്ഞുവച്ചു. ബസിന്റെ താക്കോൽ പിടിച്ചുവാങ്ങി. തുടർന്ന് ഇരുവരെയും കൈകൾ കെട്ടി ഗ്രൗണ്ടിൽ ഇരുത്തി ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു.
ഇതിനിടെ, സഹായിയായി വാഹനത്തിൽ ഉണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശി ഓടി രക്ഷപ്പെട്ടു. ബന്ദിയാക്കപ്പെട്ടവരുടെ വാഹന കമ്പനിയിൽപെട്ട മറ്റൊരു ബസും ഝാർഖണ്ഡിൽ എത്തിയിരുന്നു. അതിലെ ജീവനക്കാരനായ ആനവിലാസം സ്വദേശി ഷൈജു ഫ്രാൻസിസിനെ രക്ഷപ്പെട്ടയാൾ വിവരം അറിയിച്ചു. ഷൈജു സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അവിടെ നിന്നുള്ള സംഘത്തിനൊപ്പം രാത്രിയോടെ സംഭവ സ്ഥലത്തെത്തിയെങ്കിലും ഗ്രാമവാസികൾ വഴങ്ങിയില്ല. കേരള പൊലീസ് ഝാർഖണ്ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് ഇരുവരെയും മോചിപ്പിച്ചത്. എന്നാൽ, പണം കിട്ടാതെ ബസ് വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു ഗ്രാമവാസികൾ. തുടർന്നു വൈകിട്ടോടെ കൂടുതൽ പൊലീസ് എത്തിയതോടെയാണു ബസ് വിട്ടയയ്ക്കാൻ സമ്മതിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ