കൊച്ചി: ഐ ടി ജോലിയും, എൻജീയറിംഗും പോലെ മോഷണത്തെ ഒരു സുന്ദരൻ പ്രൊഫഷനായി കാണുന്ന മോഷ്ടാവ്... അതാണ് പെരുമ്പാവൂരിലെ ജോസി മാത്യു എന്ന അമ്പതുകാരൻ. മോഷ്ടിച്ച പണം കൈമോശം വരാതിരിക്കാൻ ഏറ്റവും നല്ലത് ഓഹരിവിപണിയാണെന്ന് കരുതുന്ന വ്യക്തി. ജയിലിൽ കിടന്ന് പുറത്തിറങ്ങുമ്പോഴും ഓഹരിവിപണിയിലെ പണം തന്നെ ലക്ഷപ്രഭുവാക്കുമെന്ന് കണുക്കൂട്ടിയ സാമ്പത്തിക വിദഗ്ധൻ കൂടിയാണ് ജോസ്. കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ മോഷണശ്രമത്തിനിടെ പിടിയിലായ ജോസ് മാത്യു പിടിയിലായത്. ജോസിനെ കുറിച്ച് പൊലീസുകാർക്കെല്ലാം പരിചയമുണ്ട്. ഓരോ തവണ മോഷണം കഴിഞ്ഞ് ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോഴും മറ്റൊരു മോഷണത്തിൽ പെട്ട് വേഗത്തിൽ വീണ്ടും അദ്ദേഹം തിരിച്ചെത്തും. ഇതാണ് ജോസിന്റെ ശൈലി. മാത്രമല്ല, മോഷണം അനായാസമാക്കാൻ പുതിയ നൂറ് ടൂളുകൾ എങ്കിലും സ്വന്തമായി വികസിപ്പിച്ചെടുത്ത വ്യക്തി കൂടിയാണ് ജോസ്. ചുരുക്കി പറഞ്ഞാൽ ഒരു പ്രൊഫഷണൽ കള്ളൻ!

മോഷണത്തിലൂടെ സമ്പാദിച്ച ലക്ഷങ്ങൾ ഇയാൾ ഓഹരിവിപണിയിൽ നിക്ഷേപിച്ചതായി കണ്ടെത്തി. വ്യാപാരത്തിനിടെ ഒറ്റയടിക്ക് വിവിധ ഓഹരികൾ വാങ്ങുന്നതിനായി 20 ലക്ഷം രൂപ വരെ ചെലവഴിച്ച സന്ദർഭം ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 20 വർഷത്തിനിടെ ഏഴു കിലോ സ്വർണമാണ് ജോസ് മാത്യു കവർന്നത്. 30 കേസുകളിൽ ജയിൽ ശിക്ഷ പൂർത്തിയാക്കി. അതിന് ശേഷവും ഭവനഭേദനം അടക്കമുള്ള കുറ്റകൃത്യങ്ങൾ ഇയാൾ തുടർന്നതായി പൊലീസ് പറയുന്നു. മറ്റു മോഷ്ടാക്കളിൽ നിന്ന് വ്യത്യസ്തമായി മോഷണത്തെ പ്രൊഫഷനായാണ് ഇയാൾ കാണുന്നത്. മോഷണം ഒരു ലഹരിയായി കാണുന്ന ഇയാൾക്ക് കവർച്ചയ്ക്ക് വേറിട്ട രീതിയുണ്ടെന്നും പൊലീസ് പറയുന്നു.

മോഷ്ടിക്കുന്ന സ്വർണാഭരണങ്ങൾ ഉരുക്കി ബാറുകളാക്കി മാറ്റി സ്വർണവ്യാപാരികൾക്ക് വിൽക്കുന്നതാണ് പതിവെന്ന് എറണാകുളം റൂറൽ എസ്‌പി വിവേക് കുമാർ പറയുന്നു. 1992ലാണ് ഇയാൾ ആദ്യമായി കുറ്റകൃത്യം ചെയ്യുന്നത്. ഇതിൽ അറസ്റ്റിലായെങ്കിലും പിന്നീടും കുറ്റകൃത്യം തുടർന്നു. മോഷണത്തിനായി സ്വന്തമായി ഇയാൾ ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതാണ് രീതി. നൂറിലധികം വ്യത്യസ്തമായ ഉപകരണങ്ങളാണ് ഇയാളുടെ കൈവശമുള്ളത്. കാർ വൈപ്പർ മോട്ടോർ ഉപയോഗിച്ച് വികസിപ്പിച്ച ഡ്രില്ലിങ് മെഷീനാണ് മോഷണത്തിനായി ഉപയോഗിക്കുന്നത്.

ഡ്രില്ല് ചെയ്യുമ്പോൾ ശബ്ദം ഉണ്ടാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ പ്രത്യേകതരത്തിലുള്ള സ്‌ക്രൂ ഡ്രൈവർ അടക്കം മോഷണത്തിന് സഹായിക്കാൻ നിരവധി ഉപകരണങ്ങൾ ഇയാൾ വികസിപ്പിച്ചിട്ടുണ്ടെന്നും എസ്‌പി പറയുന്നു. മോഷണ സ്ഥലത്തിന് പോകാൻ വാഹനം ഉപയോഗിക്കുന്നതിന് പകരം നടന്നാണ് പോകാറ്. വാഹനത്തിലാണ് വരുന്നതെങ്കിൽ തിരിച്ചറിയാൻ എളുപ്പമാണ്. നടന്നുപോകുന്നത് കാരണം എളുപ്പം മോഷ്ടാവിലേക്ക് അന്വേഷണം എത്തില്ല എന്ന് ഇയാൾ കരുതുന്നതായും പൊലീസ് പറയുന്നു.

സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളെയാണ് ഇയാൾ മോഷണത്തിനായി ലക്ഷ്യമിടാറ്. മത്സ്യ കർഷകൻ എന്നാണ് ഇയാൾ എല്ലാവരോടും സ്വയം പരിചയപ്പെടുത്തുന്നതെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറയുന്നു. ഐഡന്റിറ്റി പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് ഇയാൾ ഇങ്ങനെ ചെയ്യുന്നതെന്നും പൊലീസ് പറയുന്നു.