- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളാ പൊലീസിന് ബിഗ് സല്യൂട്ട്
കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ കേരളാ പൊലീസ് നടത്തിയത് അതിവേഗ നീക്കങ്ങൾ. പ്രതിയെ പൊലീസ് പിടികൂടി. സംഭവം നടന്ന് 30 മണിക്കൂറിനുള്ളിൽ തന്നെ കവർച്ചക്കാരനെ കുടുക്കി. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കർണാടകയിൽ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികൾ പൂർത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ജോഷിയുടെ കൊച്ചിയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്.
സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായാണ് വിവരം. സ്വർണാഭരണങ്ങൾ, വജ്ര നെക്ലേസ്, വാച്ചുകൾ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വിരലടയാള വിദ?ഗ്ധരടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്.
ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങളാണു മോഷണം പോയത്. തൊപ്പി ധരിച്ചെത്തിയ മോഷ്ടാവു ജനലിനു സമീപത്തെത്തുന്നതും ജനൽ തുറക്കുന്നതുമായ ദൃശ്യങ്ങളാണു സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചത്. ഇതിനു ശേഷമുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല. മോഷ്ടാവ് സിസിടിവി ക്യാമറകൾ മറുവശത്തേക്കു തിരിച്ചു വച്ചതിനാലാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കയ്യുറ ധരിച്ചാണു മോഷ്ടാവ് എത്തിയത്. ഒരാളുടെ ചിത്രം മാത്രമാണ് കിട്ടിയതെങ്കിലും ഒന്നിലേറെ പേർ കവർച്ചയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.
അടുക്കള ജനലിന്റെ കമ്പികൾ വളച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മുകളിലത്തെ നിലയിലുള്ള ആളില്ലാത്ത രണ്ടു മുറികളിലെ ലോക്കർ കുത്തിത്തുറന്നാണ് മോഷണം. പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ 'അഭിലാഷത്തി'ൽ വെള്ളിയാഴ്ച രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തു കൂടിയെത്തി അടുക്കളയുടെ ജനൽ തുറന്നാണു മോഷ്ടാവ് ഉള്ളിൽ കയറിയത്. വീടിനെ കുറിച്ച് വ്യക്തമായ അറിവ് ഇയാൾക്കുണ്ടെന്നാണ് നിഗമനം.
വീടിന്റെ മുകൾ നിലയിലെ വടക്കു കിഴക്കേ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു സെറ്റ് വജ്ര നെക്ലസ്, 10 വജ്രമോതിരങ്ങൾ, 12 വജ്ര കമ്മൽ, രണ്ട് സ്വർണ വങ്കി(മോതിരം), 10 സ്വർണമാലകൾ, 10 സ്വർണ വള, 10 വാച്ചുകൾ എന്നിവയാണു കവർന്നത്. ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവർന്നത്. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മോഷണം നടക്കുമ്പോൾ അഭിലാഷ് വീട്ടിൽ ഉണ്ടായിരുന്നില്ല.
ജോഷി, മരുമകൾ വർഷ, മൂന്നു പേരക്കുട്ടികൾ, അടുത്ത ബന്ധുവിന്റെ മക്കൾ എന്നിവർ വീട്ടിലുണ്ടായിരുന്നു. ആളില്ലാത്ത മുറിയും ലോക്കറുമെല്ലാം മുൻകൂട്ടി മനസ്സിലാക്കിയ ശേഷമായിരുന്നു മോഷണം എന്ന് വ്യക്തമാണ്. പ്രദേശത്തെ കൂടുതൽ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. വീടിന് ചുറ്റുമുള്ള സി.സി ടി.വി ക്യാമറകളിലെ ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചു. ഇതെല്ലാം പ്രതിയിലേക്ക് എളുപ്പം പൊലീസിനെ എത്തിച്ചു.
സമീപത്തെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. നഗരത്തിലെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലും അന്വേഷണം വ്യാപകമാക്കി. ഇതിൽ നിന്നാണ് പ്രതിയുടെ യാത്രവാഴിയെ കുറിച്ച് സൂചനകൾ കിട്ടിയത്.