കടപ്ലാമറ്റം: കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞുവീണു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുര (77) മരിച്ചത് വിവാദത്തിൽ. പാർട്ടിയുടെ മുതിർന്ന നേതാവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച യോഗത്തിനിടെയാണു കുഴഞ്ഞു വീണത്. ഇന്നലെ രാത്രി 7.53ന് ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിലായിരുന്നു അന്ത്യം. പഞ്ചായത്ത് വാർഡ് 12 വയലാ ടൗൺ അംഗമാണ്.

കടപ്ലാമറ്റം ടൗണിലെ പാർട്ടി ഓഫിസിൽ നടന്ന യോഗത്തിനിടെയാണു ജോയ് കുഴഞ്ഞുവീണത്. യോഗത്തിനിടെ തർക്കമുണ്ടായെന്നും അതിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണു പ്രവർത്തകർ പറയുന്നത്. സംഭവത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ലിസമ്മ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരങ്ങാട്ടുപിള്ളി പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30നു കടപ്ലാമറ്റത്തു കൊണ്ടുവരും. 3.30 വരെ പഞ്ചായത്ത് ഓഫിസിലും തുടർന്നു വയലാ ജംക്ഷനിലും പൊതുദർശനം. വൈകിട്ട് വസതിയിൽ കൊണ്ടുവരും. നാളെ രാവിലെ പത്തിന് വസതിയിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. 10.30ന് വയലാ സെന്റ് ജോർജ് പള്ളിയിൽ സംസ്‌കാരം. ജോയിയുടെ ഭാര്യ ലിസമ്മ വെമ്പള്ളി തെക്കേടത്ത് കുടുംബാംഗമാണ്. മകൾ: സ്വപ്ന. മരുമകൻ: ചങ്ങനാശേരി കരിമറ്റത്തിൽ സണ്ണി (ബിസിനസ്).

പ്രസിഡന്റ് സ്ഥാനം രാജി വെക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് പിന്നീട് കേരള കോൺഗ്രസ് എമ്മിന്റെ പാർട്ടി ഓഫീസിൽ വെച്ചും സംഘർഷമുണ്ടായി. ഇതിനിടെ ആണ് ജോയ് കല്ലുപുര കുഴഞ്ഞ് വീഴുന്നതെന്നാണ് ആരോപണം. ജോയ് കല്ലുപുരയെ നേതാക്കൾ മാനസികമായി പീഡിപ്പിച്ചു അന്തരിച്ച കേരള കോൺഗ്രസ് എം അതികായനും മുൻ ധനമന്ത്രിയുമായിരുന്ന കെ എം മാണിയുമായി ജോയി കല്ലുപുരയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. 1964 ൽ കേരളാ കോൺഗ്രസ് രൂപീകൃതമായപ്പോൾ കല്ലുപുര കുടുംബത്തിൽ വച്ചായിരുന്നു കേരളാ കോൺഗ്രസിന്റെ ആദ്യ യോഗം ചേർന്നിരുന്നത്.

അന്ന് ഇലയ്ക്കാട് പഞ്ചായത്ത് എന്നായിരുന്നു കടപ്ലാമറ്റം പഞ്ചായത്ത് അറിയപ്പെട്ടിരുന്നത്. പ്രദേശത്ത് കേരളാ കോൺഗ്രസ് എമ്മിനെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചത് കല്ലുപുര കുടുംബത്തിൽ വച്ചായിരുന്നു. കേരളാ കോൺഗ്രസിന്റെ ആദ്യകാല നേതാക്കളായ കെ എം ജോർജ്, ആർ ബാലകൃഷ്ണ പിള്ള , ഇ ജോൺ ജേക്കബ്ബ്, ജോസഫ് പുലിക്കുന്നേൽ, ഡോക്ടർ ജോർജ് മാത്യു എന്നിവർ ഈ കുടുംബത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. ഒരിക്കൽ കെ എം മാണിക്ക് സഞ്ചരിക്കാൻ വാഹനം ആവശ്യമായി വന്നപ്പോൾ ഈ തറവാട്ടിലെ തേങ്ങാ ഇടീച്ചതിന്റെ പണം കൊടുത്താണ് ജോയി കല്ലുപുര അക്കാലത്ത് കെ എം മാണിക്ക് ജീപ്പ് വാങ്ങി നൽകിയത് എന്നാണ് കേരള കോൺഗ്രസ് എം പ്രവർത്തകർ പറയുന്നത്.

കടപ്ലാമറ്റം കവലയിൽ ഒന്നാംനിലയിലെ വാടക കെട്ടിടത്തിലാണ് കേരള കോൺഗ്രസ് എം. മണ്ഡലം കമ്മിറ്റി ഓഫീസ്. തിങ്കളാഴ്ച വൈകീട്ടാണ് മണ്ഡലം കമ്മിറ്റി ചേർന്നത്. അജണ്ട അനുസരിച്ചുള്ള ചർച്ചകളെല്ലാം പൂർത്തിയായി കഴിഞ്ഞ് പഞ്ചായത്തിന്റെ വികസനരേഖ മണ്ഡലം കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡന്റ് വിതരണംചെയ്തു. ഇതിൽ ചില വികസന പ്രവർത്തനങ്ങൾ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ജോയി കല്ലുപുരയുടെ എതിർവിഭാഗം വിമർശിച്ചു. ഇത് വാക്കേറ്റത്തിനും കൈയാങ്കളിയുടെ വക്കിലേക്കും എത്തി. ജോയി കല്ലുപുരയെ ആക്രമിക്കും എന്ന ഘട്ടം എത്തിയപ്പോൾ യോഗത്തിൽ പങ്കെടുത്തവരിൽ ചിലർ ഇടപെട്ട് ശാന്തമാക്കി.

ജോയി കല്ലുപുര ഇരുന്ന കസേരയുടെ മുന്നിലും ഒരു കസേര കിടന്നിരുന്നു. ഈ കസേരയിൽ പിടിച്ച് ഇരിക്കുകയായിരുന്നു കല്ലുപുര. പെട്ടെന്ന് മുന്നിലെ കസേര തെന്നിച്ച് നിലത്തേക്ക് വീഴുകയായിരുന്നു. നെറ്റിയിൽ മുറിവേറ്റ് രക്തം വാർന്നു. അബോധാവസ്ഥയിലായ ജോയി കല്ലുപുരയെ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിയതായും ആരോപണമുണ്ട്. ഒരു പഞ്ചായത്തംഗത്തിന്റെ ഭർത്താവും മറ്റൊരാളും ചേർന്നാണ് ഒന്നാംനിലയിൽനിന്ന് താഴേക്ക് ഇറക്കിയത്. മറ്റാരുംതന്നെ ഇവരെ സഹായിക്കാൻ തയ്യാറായില്ലെന്ന് പറയുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ ഡിസംബറിൽ സ്ഥാനം രാജിവെക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന് മുന്നോടിയായിട്ടാണ് വികസന രേഖ തയ്യാറാക്കിയത്.

രക്തസമ്മർദ്ദം ഉയർന്നതോടെയുണ്ടായ ഹൃദയാഘാതമാണ് വീഴ്ചയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി ജോയി കല്ലുപുരയുടെ ഭാര്യ ലീസമ്മ ജോയി പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് കമ്മിറ്റികൾ ചേർന്നു. മൂന്നിലും ഒറ്റതിരിഞ്ഞ് അക്രമിക്കുകയായിരുന്നു ലക്ഷ്യം. പാർട്ടിക്കാർ മാനസികമായി വളരെയധികം തളർത്തിയിരുന്നു. പാർട്ടി നേതാക്കളായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ എംപി., മന്ത്രി റോഷി അഗസ്റ്റിൻ, ലോപ്പസ് മാത്യു തുടങ്ങിയവർ എത്തിയിരുന്നു. അവരോട് ഞങ്ങളുടെ പരാതി അറിയിച്ചു.

വീണയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതിരുന്നവരിൽ ചിലർ ആശുപത്രിയിൽ സന്ദർശിക്കാൻ വന്നു. അവരോട് ഞാനും മോളും കാര്യം തിരക്കിയെന്നും ലീസമ്മ ജോയി പറഞ്ഞു.