കോഴിക്കോട്: ബെംഗളൂരുവിൽനിന്ന് വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിന് പിന്നിൽ വൻ മാഫിയ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബെംഗളൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് യുവതി അറസ്റ്റിലായത്. മാഫിയയിലെ പ്രധാനിയാണ് ജുമി. ബംഗ്ലൂരു കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയത് യുവതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. മെയ്‌ 19-ന് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്നുണ്ടെന്ന വിവരമാണ് നിർണ്ണായകമായത്. പൊലീസ് നടത്തിയ പരിശോധയിൽ രണ്ടുകോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയിരുന്നു.

ഇവർ കോഴിക്കോട് ബീച്ച്, മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളായിരുന്നു. പിടിയിലായ ഷൈൻ ഷാജി സമാനകേസുകളിൽ രണ്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് പരിചയപ്പെട്ട പുതിയ ആളുകളുമായി ശിക്ഷ കഴിഞ്ഞ് വീണ്ടും ലഹരിക്കച്ചവടത്തിലേക്ക് കടക്കുകയായിരുന്നു ഷൈൻ. ആൽബിൻ സെബാസ്റ്റ്യൻ കോഴിക്കോട് വൻ സെറ്റപ്പിൽ ലഹരി കച്ചവടം നടത്തുമ്പോഴും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത് അർമേനിയയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയെന്നായിരുന്നു.

ആൽബിൻ സെബാസ്റ്റ്യനെ പൊലീസ് പിടികൂടുന്നത് വരെയും സ്വന്തം വീട്ടുകാർ പോലും ഇയാൾ നാട്ടിലുണ്ടെന്ന വിവരം അറിഞ്ഞിരുന്നില്ല. ഒരു വർഷം മുമ്പ് ജോലിക്കായി അർമേനിയയിലേക്ക് പോയ ആൽബിൻ സെബാസ്റ്റ്യൻ എട്ടുമാസം മുമ്പ് കേരളത്തിൽ തിരിച്ചെത്തി കോഴിക്കോട് കേന്ദ്രമാക്കി വൻ സെറ്റപ്പിൽ ലഹരി വ്യാപാരം നടത്തുകയായിരുന്നു. ഷൈൻ ഷാജിയെ കഴിഞ്ഞ ദിവസം ബംഗളൂരൂവിൽ നിന്നും പിടികൂടിയിരുന്നു. പിന്നാലെയാണ് കുമളിയിൽ നിന്ന് ആൽബിൻ സെബാസ്റ്റ്യനെയും പൊലീസ് പിടികൂടിയത്.

ആൽബിൻ സെബാസ്റ്റ്യനും ഷൈൻ ഷാജിയും കോഴിക്കോട് ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുമ്പോൾ സുഹൃത്തുക്കളായതാണ്. ഒരുവർഷം മുമ്പ് ജോലി ആവശ്യത്തിന് രണ്ട് പേരും അർമേനിയയിൽ പോയിരുന്നു. 4 മാസം അവിടെ നിന്ന ശേഷം വീട്ടുകാർ അറിയാതെ കോഴിക്കോട്ടേക്ക് തിരിച്ചു വന്ന് പുതിയങ്ങാടി ഭാഗത്ത് വാടക വീട് എടുത്ത് ലഹരി മരുന്ന് കച്ചവടം നടത്തുകയായിരുന്നു. പൊലീസ് റെയ്ഡ് നടത്തുമ്പോൾ ഓടി രക്ഷപ്പെട്ട ഇവർ രണ്ട് പേരും പൊലീസ് പിടികൂടാതിരിക്കാൻ ഗോവ, ഡൽഹി, ഹിമാചൽപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

ഒരു വർഷം മുമ്പ് വീട്ടുകാരും കുടുംബക്കാരും ചേർന്ന് എയർപോട്ടിൽ നിന്നും അർമേനിയയിലേക്ക് യാത്രയാക്കിയ ആൽബിൻ നാട്ടിൽ എത്തിയ വിവരം വീട്ടുകാർ അറിഞ്ഞില്ല. മകൻ അവിടെ ജോലി ചെയ്ത് നല്ല നിലയിൽ കഴിയുകയാണെന്നാണ് അവർ കരുതിയത്. മയക്കുമരുന്ന് കേസിൽ പൊലീസ് തിരഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മകൻ അർമേനിയയിൽ അല്ല കോഴിക്കോട് എത്തി ലഹരി കച്ചവടം നടത്തുകയാണെന്ന കാര്യം വീട്ടുകാർ പോലും അറിഞ്ഞത്.