- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോയിന്റ് സെക്രട്ടറിക്കു മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥരുടെ മെറൂൺ ടാഗോടെയുള്ള തിരിച്ചറിയൽ കാർഡ്; ഇന്നോവാ ക്രിസ്റ്റ ടാക്സി കാറിൽ സർക്കാർ ബോർഡും; സംസ്ഥാന സർക്കാർ മുദ്രയുള്ള ലെറ്റർ ഹെഡിലെ ചീഫ് സെക്രട്ടറിയുടെ കത്ത് വ്യാജമോ? ഡൽഹിയിലെ കെ റെയിൽ പ്രമുഖനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; പിണറായിയുടെ വിശ്വസ്തനെതിരെ കേന്ദ്ര അന്വേഷണം
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദ്ദേശ പ്രകാരം നിയമിച്ച കെ റെയിൽ സ്പെഷൽ ഓഫീസർ വി. വിജയകുമാർ വ്യാജ രേഖ ഹാജരാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അതീവ സുരക്ഷാ തിരിച്ചറിയൽ രേഖകൾ കരസ്ഥമാക്കിയെന്ന് ആരോപണം. പരാതിയിൽ മന്ത്രാലയം അടിയന്തര അന്വേഷണം ആരംഭിച്ചു. മന്ത്രാലയങ്ങൾക്ക് പുറമേ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ആസ്ഥാനങ്ങളിലേക്കടക്കം പ്രവേശനമുള്ള പാസാണിത്. ജോയിന്റ് സെക്രട്ടറിക്കു മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥരുടെ മെറൂൺ ടാഗോടെയുള്ള തിരിച്ചറിയൽ കാർഡാണ് വി. വിജയകുമാർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സ്വന്തമാക്കിയത്. ഡൽഹിയിൽ റെസിഡന്റ് കമ്മിഷണർക്ക് മാത്രമാണ് ഈ കാർഡുള്ളത്.
ഈ കാർഡുണ്ടക്കാൻ തട്ടിപ്പ് നടത്തിയെന്നാണ് വിജയകുമാറിനെതിരായ പരാതി. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നിയോഗിച്ച ഉദ്യോഗസ്ഥൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങൾ മറികടക്കാൻ വ്യാജ രേഖകൾ ഹാജരാക്കി പ്രത്യേക തിരിച്ചറിയൽ കാർഡുകളും വാഹന പാസുകളും സ്വന്തമാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിന്സംസ്ഥാന സർക്കാർ മുദ്രയുള്ള കത്തുകൾ കേരള ഹൗസിലെ ഓഫീസിൽ ഇയാൾ വ്യാജമായി നിർമ്മിക്കുകയായിരുന്നു. ഇയാൾ വ്യാജരേഖ ചമച്ചതായി സംസ്ഥാന സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയിട്ടും നടപടിയെടുത്തില്ലെന്നും സൂചനകളുണ്ട്. ജന്മഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതീവ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.
ഹരിയാന രജിസ്ട്രേഷനിൽ, ഗുഡ്ഗാവിലുള്ള ടാക്സി ഇന്നോവ ക്രിസ്റ്റ കാറിൽ സർക്കാർ വാഹനമെന്ന ബോർഡ് വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക പാസ് സംഘടിപ്പിച്ചാണ് വിജയകുമാറിന്റെ യാത്രകൾ. ടാക്സി വാഹനത്തിന്റെ മഞ്ഞ കളർ നമ്പർ പ്ലേറ്റ് മാറ്റി സർക്കാർ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച നിലയിൽ കേരള ഹൗസിൽ മാസങ്ങളായി ഈ വാഹനമുണ്ട്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രത്യേക പ്രവേശന പാസടക്കം ഈ വാഹനത്തിൽ പതിച്ചിട്ടുണ്ട്. ഇതെല്ലാം പരാതിയായി ആഭ്യന്തര വകുപ്പിന് മുമ്പിലെത്തിയിട്ടുണ്ടെന്നാണ് ജന്മഭൂമി വാർത്ത. ഇതിനോട് ഔദ്യോഗിക കേന്ദ്രങ്ങളാരും പ്രതികരിക്കുന്നുമില്ല.
അനർഹൻ അതീവ സുരക്ഷാ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മന്ത്രാലയങ്ങളിലും മറ്റും നിരന്തരം കയറുന്നത് സംസ്ഥാന സർക്കാർ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നു മറച്ചുവച്ചുവെന്ന ആരോപണവും ജന്മഭൂമി വാർത്തയിലുണ്ട്. കാർഡ് ഉപയോഗിക്കരുതെന്ന് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഓഗസ്ത് നാലിന് വിജയകുമാറിന് ഉത്തരവു നല്കി. മൂന്നര മാസം കഴിഞ്ഞിട്ടും വിജയകുമാർ തിരിച്ചറിയൽ കാർഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തിരികെ സമർപ്പിച്ചിട്ടില്ല.
കണ്ണൂർ വിമാനത്താവളത്തിൽ ലയ്സൺ ഓഫീസറായിരുന്ന വിജയകുമാറിനെ മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് കെ റെയിൽ ചുമതലയിൽ ഡൽഹിയിൽ നിയമിച്ചത്. കേരള ഹൗസിൽ റസിഡന്റ് കമ്മിഷണർക്ക് തുല്യമായ ഓഫീസും സൗകര്യങ്ങളും ഇയാൾക്ക്‌നല്കി. ഇതിന്റെ മറപറ്റിയാണ് തിരിച്ചറിയൽ കാർഡ് തട്ടിയെടുത്തത്. ഇതിന് സംസ്ഥാന സർക്കാർ മുദ്രയുള്ള ലെറ്റർ ഹെഡിൽ ചീഫ് സെക്രട്ടറിയുടെ കത്തും ആഭ്യന്തര മന്ത്രാലയത്തിൽ ഹാജരാക്കി. ഇതിന്റെ ആധികാരികതയാണ് കേന്ദ്രം അന്വേഷിക്കുന്നത്.
ഔദ്യോഗിക സ്റ്റേഷനറികളിൽ വിജയകുമാർ സംസ്ഥാന സർക്കാർ മുദ്ര ഉപയോഗിക്കുന്നതു തടഞ്ഞ്, ഓഗസ്റ്റ് 4ന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. വിജയകുമാറിന്റെ നടപടികൾ കുറ്റകരമാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. എന്നിട്ടും ചീഫ് സെക്രട്ടറി നടപടിയെടുത്തില്ല.
മറുനാടന് മലയാളി ബ്യൂറോ