- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ അന്വേഷിക്കണം
അടൂർ: വില്ലേജ് ഓഫീസർ വീടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് താലൂക്കിലെ 12 വില്ലേജ് ഓഫീസർമാർ ജില്ലാ കലക്ടർക്ക് പരാതി നൽകി. പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ആരോപിച്ചു.
കടമ്പനാട് വില്ലേജ് ഓഫീസറായിരുന്ന ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ്(47) ആണ് വീടുനുള്ളിലെ കിടപ്പുമുറിയിൽ കഴിഞ്ഞ തിങ്കളാഴ്ച ഫാനിൽ തൂങ്ങി മരിച്ചത്. അമിത ജോലിഭാരവും മാനസികസമ്മർദ്ദവും രാഷ്ട്രീയ ഇടപെടലുകളും മൂലമുള്ള മാനസിക സംഘർഷവുമാണ് ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് ആരോപണങ്ങൾ ഉയർന്ന് കേൾക്കുന്ന സാഹചര്യത്തിലാണ് വില്ലേജ് ഓഫീസർമാർ പരാതി നൽകിയത്.
മനോജിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് സമഗ്രവും കാര്യക്ഷമവുമായ അന്വേഷണം ഉണ്ടാകണമെന്നും കലക്ടർക്ക് നൽകിയ കത്തിൽ സൂചിപ്പിക്കുന്നു. ഒരു ദിവസം 12, 14 മണിക്കൂർ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്ന വില്ലേജ് ഓഫീസർമാരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും അനാവശ്യവും നിയമാനുസൃതമല്ലാത്തതുമായ ബാഹ്യഇടപെടലുകൾ ഒഴിവാക്കാനുള്ള ഉചിതമായ നടപടികൾ വകുപ്പ് അധികാരികൾ സ്വീകരിക്കണമെന്നും വില്ലേജ് ഓഫിസർമാർ പറയുന്നു. പെരിങ്ങനാട്, പള്ളിക്കൽ,ഏഴംകുളം, അടൂർ, പന്തളം തെക്കേക്കര, തുമ്പമൺ, ഏറത്ത്, കൊടുമൺ, അങ്ങാടിക്കൽ, കുരമ്പാല, പന്തളം, ഏനാദിമംഗലം എന്നീ വില്ലേജുകളിലെ ഓഫീസർമാരാണ് പരാതി നൽകിയത്.
വില്ലേജ് ഓഫീസർ മനോജിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു. മനോജിന്റെ കുടുംബവും സഹപ്രവർത്തകരായ വില്ലേജ് ഓഫീസർമാരും പൊലീസിലും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും അധികൃതർ ഒരു ഗൗരവവും കാണിക്കുന്നില്ല. വില്ലേജിൽ മണ്ണ് ഖനനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മനോജിനെ ചിലർ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ തന്നെ പരാതിപ്പെട്ടിട്ടുണ്ട്. അടൂരിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന മണ്ണെടുപ്പു സംഘവും മണ്ണ് ലോബിയുമാണ് ഈ ദുരൂഹമായ മരണത്തിന് പിന്നിൽ എന്ന് ജനങ്ങൾക്ക് സംശയമുണ്ട്.
പൊലീസും റവന്യൂ ഉദ്യോഗസ്ഥന്മാരും സിപിഎം നേതാക്കന്മാരുടെ ആജ്ഞാനുവർത്തികളെ പോലെ അനധികൃത മണ്ണെടുപ്പിന് കൂട്ടുനിൽക്കുകയാണ്. പള്ളിക്കൽ, കടമ്പനാട് പഞ്ചായത്തുകളിലെ നിരവധി മലകൾ ഇടിച്ചുനിരത്തി. സർക്കാർ പ്രോജക്ടുകൾക്ക് എന്ന വ്യാജേന െപൊലീസ് കാവൽ നിന്നാണ് ഇത്തരം മണ്ണു ഖനനം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധിക്കുന്നവരെ ഒരു വശത്ത് ഗുണ്ടകളും മറുവശത്ത് പൊലീസും ഉപദ്രവിക്കുകയാണ്.
ഒരു സാധാരണക്കാരൻ വീട്ടാവശ്യത്തിന് ഒന്നോ രണ്ടോ സെന്റിലെ മണ്ണ് ഇളക്കിയിട്ടാൽ പോലും പൊലീസും റവന്യു ഉദ്യോഗസ്ഥന്മാരും എത്തി അവരെ ഭീഷണിപ്പെടുത്തുന്നത് നിത്യ സംഭവമാണ്. ജിയോളജിയിലെ ഉദ്യോഗസ്ഥർ ഇതിനെല്ലാം കൂട്ടുനിൽക്കുന്നു. കടമ്പനാട് വില്ലേജിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്തെ സിപിഎം നേതാക്കൾ ഓഫീസർ മനോജുമായി ഏറ്റുമുട്ടിയെന്നും അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സംശയമുണ്ട്. ഒരു വില്ലേജ് ഓഫീസർക്ക് പോലും സ്വന്തം നാട്ടിൽ ജോലിചെയ്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നാട്ടിലുള്ളത്. പൊലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം തുടങ്ങേണ്ടിവരുമെന്നും പഴകുളം മധു മുന്നറിയിപ്പ് നൽകി.