- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എക്സാലോജിക് കമ്പനിയുമായി കടമ്പൂർ സ്കൂളിന് ലക്ഷങ്ങളുടെ ഇടപാട്
കണ്ണൂർ: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ നടപടികൾ ഇപ്പോഴും തുടരുകയാണ്. ഹൈക്കോടതി നോട്ടീസ് അയച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇത് കൂടാതെ എസ്എഫ്ഐഒ അന്വേഷണവും സജീവമായി നടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബ്ന്ധമുള്ള സ്ഥാപനങ്ങളിലേക്ക് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 13ഓളം സ്ഥാപനങ്ങൾക്ക് എസ്എഫ്‌ഐഒ നോട്ടീസ് നൽകിയിരുന്നു എന്ന വിവരം നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ കണ്ണൂരിലെ ഒരു സ്‌കൂളും എക്‌സാലോജിക്കുമായുള്ള ബന്ധത്തിന്റെ പേരിൽ അന്വേഷണം നേരിടുകയാണ്.
അടുത്തിടെ അനധികൃത പിരിവിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ കടമ്പൂർ സ്‌കൂളിലെ മാനേജർക്കാണ് എക്സാലോജിക്ക് കമ്പനിയുമായുള്ള ബ്ന്ധത്തിന്റെ പേരിൽ നോട്ടീസ് ലഭിച്ചിരിക്കുന്നത്. സ്‌കൂൾ മാനേജർ പി മുരളീധരൻ എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ എസ്എഫ്ഐഒ അന്വേഷിക്കുകയാണ്. ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ട് മാനേജർക്ക് എസ്എഫ്ഐഒ നോട്ടീസ് നൽകി.
ലക്ഷങ്ങളുടെ ഇടപാടാണ് എക്സാലോജിക് സൊല്യൂഷൻസുമായി കടമ്പൂർ സ്‌കൂൾ മാനേജർ നടത്തിയത്. എക്‌സാലോജിക് എന്ത് സഹായമാണ് നൽകിയതെന്നാണ് എസ്എഫ്ഐഒക്ക് അറിയേണ്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സ്ഥാപനത്തിന്റ് വഴിവിട്ട് എന്തെങ്കിലും സഹായം മുഖ്യമന്ത്രിൽ നിന്നോ മറ്റോ ലഭിച്ചോ എന്നതിലാണ് അന്വേഷണം.
എക്‌സാലോജിക് സൊല്യൂഷൻസുമായി നടത്തിയ ഇടപാടിന്റെ സ്വഭാവം, ധാരണ പത്രത്തിന്റെ പകർപ്പ്, വർക്ക് ഓർഡർ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ആവശ്യപ്പെട്ട് മാനേജർ പി മുരളീധരന് എസ്എഫ്ഐഒ കത്ത് നൽകിയിരുന്നു. ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ടർ ചാനലാണ് പുറത്തുവിട്ടത്. അടുത്തിടെ സ്‌കൂൾ മാനേജർക്കെതിരെയും സ്‌കൂളിലെ പലവിധ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും വ്യാപക പരാതി ഉയർന്നിട്ടും സർക്കാരും വിദ്യാഭ്യാസ വകുപ്പും മൗനം തുടരുന്നത് ഈ എക്‌സാലോജിക് ബന്ധത്തിന്റെ പുറത്താണെന്ന ആക്ഷേപങ്ങളും സജീവമാണ്.
മാനേജർ മുരളീധരന്റെ നേതൃത്വത്തിൽ വർഷങ്ങളായി സ്‌കൂളിൽ ക്രമക്കേടുകൾ നടത്തുന്നു എന്നാണ് ആരോപണം. ഡിജിറ്റൽ ബോർഡിന്റെ പേരിൽ പിരിച്ച കോടികൾ, സർക്കാർ അച്ചടിച്ച് നൽകുന്ന ചോദ്യപേപ്പറിന്റെ പേരിൽ നടത്തിയ ലക്ഷങ്ങളുടെ പണപ്പിരിവ്, വൈദ്യുതിക്കും കുടിവെള്ളത്തിനും പിരിച്ചെടുത്ത ഭീമമായ തുക, യൂണിഫോം വിതരണത്തിലെ വ്യാജ ജിഎസ്ടി ബില്ല് ഉപയോഗിച്ചുള്ള ക്രമക്കേട് നടത്തി എന്നിങ്ങനെയാണ് ആക്ഷേപങ്ങൾ. അനധികൃത പണപ്പിരിവ് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ നിരവധി തവണ ഉന്നത അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി എടുക്കാത്തത് മകളുടെ കമ്പനിയുടെ ക്ലയിന്റ് ആയതു കൊണ്ടാണെന്ന വിമർശനമാണ് ഇതോടെ സജീവമാകുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനി വലിയ തുകയുടെ സാമ്പത്തിക ഇടപാടു നടത്തിയ മുഴുവൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ നോട്ടിസ് നൽകിയിരുന്നു.ഇടപാടുകളുടെ രേഖകളെല്ലാം ചെന്നൈ ഓഫിസിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് കമ്പനി നിയമ പ്രകാരമാണു നോട്ടിസ് നൽകിയത്.
എക്‌സാലോജിക് സൊലൂഷൻസും കെഎസ്‌ഐഡിസിയും നൽകിയ ഹർജികളിൽ അന്വേഷണം നടക്കട്ടെ എന്നു കോടതികൾ നിലപാടെടുത്തതോടെയാണ് എസ്എഫ്‌ഐഒ തുടർനടപടികളിലേക്കു കടന്നത്. കേരളത്തിൽ മാത്രം 12 സ്ഥാപനങ്ങൾക്കാണു നോട്ടിസ് ലഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി എക്‌സാലോജിക് സൊലൂഷൻസിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എസ്എഫ്‌ഐഒ പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു നോട്ടിസ് അയച്ചത്.
എക്‌സാലോജിക്കുമായി എന്തുതരം ഇടപാടാണു നടത്തിയതെന്നതാണു നോട്ടിസിലെ പ്രധാന ചോദ്യം. ഉൽപന്നമോ സേവനമോ നൽകിയതിന് എക്‌സാലോജിക്കുമായി ഏർപ്പെട്ട കരാറിന്റെ പകർപ്പ്, വർക്ക് ഓർഡർ, ഇൻവോയ്‌സ് എന്നിവയുടെ പകർപ്പ് എന്നിവയെല്ലാം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ബന്ധപ്പെട്ട കമ്പനികളിൽനിന്നു രേഖകൾ വിളിച്ചുവരുത്തുന്നതിനുള്ള വകുപ്പ് 217 (2) പ്രകാരമാണ് എസ്എഫ്‌ഐഒ ചെന്നൈ ഓഫിസിലെ കെ.പ്രഭു നോട്ടിസ് അയച്ചത്.
2016-17 മുതലാണ് എക്‌സാലോജിക്കിനു കർത്തായുടെ കരിമണൽ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നൽകിയതെന്നാണു സിഎംആർഎലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തിൽ പത്തിലധികം സ്ഥാപനങ്ങൾ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്‌ഐഒ കണ്ടെത്തിയത്. മുൻപ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ വിവരശേഖരണത്തിലും ചില സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയിരുന്നു. അന്നു സ്ഥാപന ഉടമകളിൽനിന്നു മൊഴിയെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. ഈ വിവരങ്ങളും എസ്എഫ്‌ഐഒയ്ക്കു കൈമാറിയിട്ടുണ്ട്.