- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാടകയ്ക്ക് വീടെടുക്കാൻ കാക്കനാട് പൊലീസ് ക്ലീയറൻസ് അനിവാര്യം! തുണ വെബ് സൈറ്റിൽ 620 രൂപ അടച്ച് സർട്ടിഫിക്കറ്റ് നേടാം; ഇന്ത്യയിലെങ്ങും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ഭരണഘടനയുള്ള നാട്ടിൽ ടെനന്റ് വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റും; ഇൻഫോ പാർക്ക് പൊലീസിന്റെ നീക്കം വിവാദത്തിൽ; കാക്കനാട്ടെ ടെക്കികൾ പ്രതിഷേധത്തിൽ
കൊച്ചി: ഇന്ത്യയിൽ എവിടേയും വസ്തു വാങ്ങാനും താമസിക്കാനും ജോലി ചെയ്യാനും നടക്കാനും സംസാരിക്കാനുമെല്ലാം ഓരോ ഇന്ത്യൻ പൗരനും ഭരണ ഘടന അനുമതി നൽകുന്നു. പക്ഷേ ഇനി അതുകൊച്ചിയിൽ മാത്രം നടക്കില്ല. ലഹരി ഇടപാടുകളും കൊലപാതകങ്ങളും തുടർക്കഥയായതോടെ കാക്കനാട് പ്രദേശത്ത് ഇനി വീടു വാടകയ്‌ക്കെടുക്കണമെങ്കിൽ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സുരക്ഷയുടെ പേരിലാണെങ്കിലും ഭരണഘടനാ വിരുദ്ധമാണ് ഈ നടപടിയെന്ന വാദവും ശക്തമാക്കുകയാണ്.
വാടകയ്ക്കു താമസിക്കാൻ പൊലീസിന്റെ സർട്ടിഫിക്കറ്റ് വേണമെന്ന നിർദ്ദേശം ഒരിക്കലെങ്കിലും കേസിൽ പെട്ടവർക്കു താമസിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാക്കും. ഒരു കേസുണ്ടായാൽ അയാൾ കുറ്റക്കാരനെന്നു കോടതി പറയാത്തിടത്തോളം അയാൾ എങ്ങനെ കുറ്റവാളിയാകുമെന്ന ചോദ്യവും സജീവമാണ്. ലഹരി കടത്തു തടയാൻ സ്വീകരിക്കേണ്ട അടിസ്ഥാന നടപടികൾ പോലും സ്വീകരിക്കാതെ വാടകയ്ക്കു താമസിക്കുന്ന ടെക്കികളെ പൊലീസ് കഷ്ടപ്പെടുത്തുന്നുവെന്ന വാദവും സജീവമാണ്.
കാക്കനാട് പൊലീസ് കഴിഞ്ഞ മാസം ഇറക്കിയ സർക്കുലറിലാണ് ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ പൊലീസ് സ്റ്റേഷനിൽ നിന്ന് ടെനന്റ് വെരിഫിക്കേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമായും വാങ്ങി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഇല്ലെന്നും ഇത് നിയമ വിരുദ്ധമാണെന്നും എവിടെയെങ്കിലും താമസിക്കുന്നതിന് ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് വേണമെന്ന് ഇന്ത്യയിലെ ഒരു നിയമത്തിലും പറയുന്നില്ലെന്നുമാണ് ഉയരുന്ന വാദം.
ഇല്ലാത്ത ടെനന്റ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വേണമെന്നു പറയുന്നതിനെക്കുറിച്ചു ചോദിച്ചവരോട് അത് നോൺ ഇൻവോൾവ്‌മെന്റ് ഇൻ ഒഫൻസ്(എൻഐഐഒ) എന്ന സർട്ടിഫിക്കറ്റ് ആണെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞതായി വിഫോർ കൊച്ചി പ്രസിഡന്റ് നിപുൺ ചെറിയാൻ പറയുന്നു. ഈ സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ പോലും പൊലീസിനു നിർബന്ധം പിടിക്കാനാവില്ല. ഇന്ത്യയിൽ എവിടെയെങ്കിലും താമസിക്കാൻ ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് വേണമെന്ന ആവശ്യം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ തുണ വെബ്‌സൈറ്റിൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കണമെന്നാണ് നിർദ്ദേശം. ഇത് നേരെ സർക്കാരിലേയ്ക്കാണ് അടയ്ക്കുന്നതെങ്കിലും വെരിഫിക്കേഷൻ നടത്തേണ്ടത് ഇൻഫോപാർക്ക് പൊലീസാണ്. സർട്ടിഫിക്കറ്റ് എങ്ങനെ കൊടുക്കണം എന്നു തീരുമാനിക്കാൻ വേറെയും നടപടി ക്രമങ്ങളുണ്ട്. ഇതിനെല്ലാം പിന്നിൽ അഴിമതിയുടെ താൽപ്പര്യമുണ്ടെന്നും വാദം സജീവമാണ്. ക്രിമിനൽ കേസ് പ്രതിയാണെങ്കിൽ പോലും വാടകയ്ക്ക് വീടെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ നിർദ്ദേശം ദുരൂഹമാണെന്ന വാദം സജീവമാണ്.
സർക്കാർ സേവനം എന്ന നിലയിൽ എൻഐഐഒ സർട്ടിഫിക്കറ്റ് കിട്ടുന്നതിന് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുമ്പോൾ 620 രൂപ അടയ്ക്കണം. കാക്കനാട് പ്രദേശത്ത് പതിനായിരത്തിലധികം ഇതര ജില്ലക്കാർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്രയും പേരിൽ നിന്ന് 620 രൂപ വീതം പിരിക്കുന്നത് കോടികളുടെ സാമ്പത്തിക ഇടപാടിലേയ്ക്കു കാര്യങ്ങളെ എത്തിക്കും. ഇതിന്റെ മറവിൽ മറ്റു സാമ്പത്തിക തട്ടിപ്പുകൾ നടക്കുമെന്ന വാദവും സജീവമാണ്. ഇത് മറ്റ് മേഖലകളിൽ കൂടി നീണ്ടാൽ സർക്കാരിന് കോളടിക്കും.
പൊതുസമൂഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ചില നിയന്ത്രണങ്ങൾ ഇൻഫോപാർക്ക് പൊലീസ് കൊണ്ടുവരുന്നത് എന്നാണ് പൊലീസ് കേന്ദ്രങ്ങൾ പ്രതികരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ