മലപ്പുറം: ആ പ്രണയത്തിന് പിന്നിലുണ്ടായിരുന്നത് ചതി മാത്രമായിരുന്നു. പക്ഷേ പെൺകുട്ടി വിട്ടുകൊടുത്തില്ല. ആ ചതി അംഗീകരിക്കില്ലെന്ന അവൾ വീറോടെ പൊരുതി. അങ്ങനെ പൊലീസും നാട്ടുകാരും ഇടപെട്ട് കാര്യങ്ങൾ വിവാഹത്തിൽ എത്തിച്ചു. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കുമെന്നത് പോലെയായിരുന്നു പിന്നീട് കാര്യങ്ങൾ. ഭാര്യയെ ഭർത്താവോ വീട്ടുകാരോ അംഗീകരിച്ചില്ല. ഇത് പലപ്പോഴും കേസായി. പൊലീസും താൽപ്പര്യം കാട്ടിയില്ല. അങ്ങനെ ആ അച്ഛൻ സ്വന്തം കുഞ്ഞിനെ കൊന്ന് പ്രതികാരത്തെ പുതിയ തലത്തിലെത്തിച്ചു. കാളികാവിലെ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

രണ്ടരവയസ്സുള്ള മകളെ കൊന്ന കേസിൽ പ്രതിയായ ഉദരംപൊയിലിലെ ഫായിസ് വിവാഹംമുതൽ ഭാര്യയോടും ഭാര്യാവീട്ടുകാരോടും പെരുമാറിയത് പകയോടെയായിരുന്നു. യുവതിയുമായി ഫായിസ് പ്രണയത്തിലായി. പിന്നീട് പിരിയണമെന്നായിരുന്നു. വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചതിന് കേസായി. ഇതോടെ അതിൽ നിന്ന് ഊരാൻ വിവാഹത്തിന് തലയാട്ടി സമ്മതിച്ചു. അതിന് ശേഷം വാഹനാപകട നാടമുണ്ടാക്കിയും കാമുകിയെ പറ്റിക്കാൻ ശ്രമിച്ചു. ഒരു കൈയുടെ സ്വാധീനം നഷ്ടമായെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാൽ ആ പെൺകുട്ടി വിട്ടു കൊടുത്തില്ല. അങ്ങനെ കല്യാണം. കല്യാണത്തിനു മുമ്പ് ഭാര്യ നൽകിയ കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

കബളിപ്പിക്കൽ പരാതിയെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. പൊതുമധ്യത്തിൽ സമ്മതിച്ചെങ്കിലും വിവാഹത്തിന് ഫായിസ് താൽപ്പര്യം കാണിച്ചില്ല. ഒഴിഞ്ഞുമാറാനായി വാഹനാപകടമുണ്ടാക്കി ആത്മഹത്യക്കുവരെ ശ്രമിച്ചു കാമുകൻ. ഈ കാമുകൻ പിന്നീടൊരിക്കലും ജീവിതത്തിൽ ആ യുവതിക്ക് സമാധാനം നൽകിയില്ല. വിവാഹം കഴിഞ്ഞപ്പോൾ മുതൽ മർദനം തുടർന്നു.

വീട്ടിലെ പീഡനത്തിന് ഭാര്യ നൻകിയ കേസ് കോടതി പരിഗണിക്കാൻ വെച്ചിരുന്നത് ചൊവ്വാഴ്ചയാണ്. അന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഫായിസ് അറസ്റ്റിലായി. ഭാര്യവീട്ടുകാർ കാളികാവ്, പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയപ്പോഴൊക്കെ കൂടുതൽ അക്രമം നടത്തി പരാതി പിൻവലിപ്പിക്കുന്നതായിരുന്നു ഫായിസിന്റെ രീതി. കുട്ടിയേയും ശത്രുവായി തന്നെ ഇയാൾ കരുതി. ഇയാളുടെ വീട്ടുകാരും ഇതിനെല്ലാം കൂട്ടു നിന്നു.

കരുളായിയിലെ ഭാര്യയുടെ വീട്ടിൽ കയറി മാതാവിനെ ആക്രമിച്ചതായും ഫായിസിനെതിരേ പരാതിയുണ്ട്. മർദനം ഭയന്ന് പൊലീസിനെ സമീപിക്കാൻ പോലും ഭാര്യയും വീട്ടുകാരും മടിച്ചു. വീട്ടിൽ ഫായിസിന്റെ മകളുടെ പ്രായമുള്ള സഹോദരിയുടെ കുട്ടിയുമുണ്ട്. രണ്ട് കുട്ടികളോടും വിവേചനപൂർവമാണ് വീട്ടിലുള്ളവരടക്കം പെരുമാറിയിരുന്നത്. സഹോദരിയും ഭർത്താവും തമാസിച്ചിരുന്നതും ഈ വീട്ടിൽ. അവരും ഈ ക്രുരതകളെ തടഞ്ഞില്ല. പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഫായിസിന്റെ പിതാവ് മരത്തിൽനിന്ന് വീണ് മരിച്ചശേഷം കുടുംബത്തിന് നാട്ടുകാരാണ് വീടുവെച്ചുനൽകിയത്.?

കൊലപാതക കേസിൽ ഫായിസിന്റെ വീട്ടിലെ മറ്റ് അംഗങ്ങളും പ്രതിയായേക്കാമെന്ന് കാളികാവ് സിഐ. എം. ശശിധരപിള്ള പറഞ്ഞു. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം തുടർനടപടികളിലേക്ക് കടക്കും. കുട്ടിക്ക് മുൻപ് മർദ്ദനമേറ്റ വിവരം മുത്തശ്ശി പൊലീസിനെ അറിയിച്ചിട്ടില്ലെന്നും സിഐ വ്യക്തമാക്കി. കുട്ടിക്ക് മർദ്ദനമേറ്റ പാടുകൾ കാളികാവ് പൊലീസിനെ കാണിച്ചിട്ടും നടപടി എടുത്തില്ലെന്ന് നേരത്തെ കുട്ടിയുടെ മുത്തശ്ശി റംലത്ത് ആരോപിച്ചിരുന്നു.

അതേസമയം, കുട്ടിയുടെ മാതാവും ക്രൂരപീഡനത്തിന് ഇരയായതായി സൂചനകൾ. പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരി കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദം ലഭിച്ചു. ഏത് പൊലീസിനെ കേൾപ്പിച്ചാലും പേടിയില്ലെന്നും അമ്മയെയും മക്കളെയും പിരിക്കാൻ മടിയില്ലെന്നും ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. അതിനിടെ, കാളികാവ് സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി രംഗത്തു വന്നു.

സ്വമേധയാ കേസെടുക്കുന്നതിനായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ ഹൈക്കോടതി രജിസ്റ്റ്രിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. കേരളത്തിൽ ഇത്തരം സംഭവം നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നു കോടതി പറഞ്ഞു.

(ദുഃഖവെള്ളി പ്രമാണിച്ച് നാളെ(29-03-2024) പൊതു അവധി ആയതിനാൽ മറുനാടൻ മലയാളി പ്രവർത്തിക്കുന്നതല്ല... അപ്‌ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)