തിരുവനന്തപുരം: കളിയിക്കാവിളയ്ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ യുവാവുമായി അടുത്ത ബന്ധമുള്ള ആളെന്ന് സംശയം. കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവാണ് (44) കൊലപ്പെട്ടത്. കേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കന്യാകുമാരി എസ്‌പി സുന്ദരവദനം അറിയിച്ചു.

തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. രണ്ട് സംഘങ്ങൾ തിരുവനന്തപുരത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു. 'കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ദീപു ആരോടൊക്കെയാണ് ഫോണിൽ സംസാരിച്ചത് എന്ന് പരിശോധിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്താനാകും. ക്വാറി ബിസിനസിലെ പാർട്ണർമാരെയും ചോദ്യം ചെയ്യും', എസ്‌പി സുന്ദരവദനം പറഞ്ഞു.

കേരള പൊലീസിന്റെ സഹകരണത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നും തക്കലയിൽ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, സിസിടിവി ദൃശ്യങ്ങളനുസരിച്ച്, ഒരാൾ മാത്രമാണ് വാഹനത്തിൽ നിന്നും ഇറങ്ങിപ്പോയത്.

അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു ദീപു. ചെറിയ സാമ്പത്തിക തർക്കങ്ങളുമുണ്ടായിരുന്നു. ദീപുവിന് ജീവന് ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കുന്നു. ഇതോടെ ദീപുവിനെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. പണത്തിനായി ഭർത്താവിനെ ചിലർ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് ദീപുവിന്റെ ഭാര്യ പറഞ്ഞത്. 50 ലക്ഷം ആവശ്യപ്പെട്ട് ഒരു ഗ്യാങ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും ദീപുവിന്റെ ഭാര്യ വ്യക്തമാക്കി.

കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപ കാണാനില്ലെന്നാണ് വിവരം. അവസാനം വന്ന ഫോൺ കോളുകൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. രണ്ട് ദിവസം മുമ്പ് ദീപുവിന് ഒരു ഫോൺ കോൾ വന്നിരുന്നുവെന്നും അയാളുമായി തർക്കം നടന്നിരുന്നുവെന്നും കുടുംബം പറയുന്നു. എന്നാൽ, ആരാണ് വിളിച്ചതെന്ന കാര്യം അവർക്ക് വ്യക്തമല്ല.

പണവുമായാണ് ദീപു യാത്ര ചെയ്തത് എന്ന വിവരം അറിയുന്ന ആളാവണം പ്രതി എന്നും പൊലീസ് പറയുന്നു. ഇന്ന് പുലർച്ചെ 12 മണിയോടെ തിരുവനന്തപുരം - കന്യാകുമാരി ദേശീയപാതയിൽ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള പടംതാലുമൂടുള്ള പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര എസ്യുവി കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം.

കഴുത്തിന്റെ 90 ശതമാനവും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. വാഹനം റോഡരികെ പാർക്ക് ചെയ്ത നിലയിലായിരുന്നു. അതിനാൽ ആരെയോ കാത്ത് നിൽക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് കരുതുന്നത്. പാർക്കിങ് ലൈറ്റിട്ട വാഹനം കണ്ടതോടെ പട്രോളിംഗിനിറങ്ങിയ പൊലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇപ്പോൾ നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.