- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദീപു എന്തിന് ഗുണ്ടാ നേതാവായിരുന്ന അമ്പിളിയെ കാറിൽ ഒപ്പം കൂട്ടി?
തിരുവനന്തപുരം: കളിയാക്കാവിളയിൽ കാറിൽ ക്വാറി ഉടമ ദീപു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ അമ്പിളി എന്ന സജികുമാർ ദീപുവിന്റെ അടുത്ത സുഹൃത്തെന്ന് പൊലീസ്. നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് ആക്രി വ്യാപാരിയായ സജികുമാർ. ജയിൽ മോചിതനായ ശേഷം പശു വളർത്തൽ പോലുള്ള കാര്യങ്ങളാണു ചെയ്തിരുന്നത്. മലയത്തുനിന്നാണ് അമ്പിളിയെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും പണം സംബന്ധിച്ച് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി അമ്പിളി പൊലീസിനോട് പറഞ്ഞത്. എന്നാൽ മധ്യവയസ്‌കനും ശാരീരികമായി അവശതകളുമുള്ള പ്രതിക്ക് ആരോഗ്യവാനായ ദീപുവിനെ ഒറ്റയ്ക്ക് കൊലപ്പെടുത്താൻ കഴിയില്ലെന്നും തമിഴ്‌നാട് പൊലീസ് വിലയിരുത്തുന്നു. ചോദ്യം ചെയ്യലിൽ അമ്പിളി മൊഴി മാറ്റി മാറ്റി പറയുകയാണ്. പണം എവിടെ എന്നതിലും വ്യക്തമായ മൊഴി നൽകിയിട്ടില്ല. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ ഉണ്ടാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയുടെ മൊഴിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
കൊല്ലപ്പെട്ട ദീപുവിന്റെ സ്ഥിരം ഡ്രൈവറുടേയും ക്രഷർ യൂണിറ്റിലെ അടുത്ത സുഹൃത്തുക്കളുടേയും മൊഴി പൊലീസ് രേഖപ്പെടുത്തിരുന്നു. ഇതിൽ നിന്നും ദീപുവും പ്രതി അമ്പിളിയും അടുത്ത സൗഹൃദം പുലർത്തിയിരുന്നു എന്നാണ് മനസ്സിലായത് എന്ന് പൊലീസ് സൂചിപ്പിച്ചു.
അമ്പിളി ദീപുവിന്റെ സുഹൃത്താണെന്ന് ദീപുവിന്റെ ക്രഷർ സൂപ്പർവൈസർ മാധ്യമങ്ങളോട് പറഞ്ഞു. കരൾ സംബന്ധമായ രോഗമുള്ള അമ്പിളി സ്ഥിരമായി ദീപുവിന്റെ അടുത്തെത്തി പണം വാങ്ങിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ദീപുവിന്റെ ക്വാറിയിലെത്തി പണം ആവശ്യപ്പെട്ടു. തലസ്ഥാനത്തെ പഴയ ഗുണ്ടാനേതാവായിരുന്ന അമ്പിളി ഇരട്ടക്കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായിരുന്നു. ഇപ്പോൾ ക്വാറി, മണൽ മാഫിയയുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. മുക്കുന്നിമലയിൽ ദീപുവിന് ക്വാറിയുണ്ടായിരുന്നു. ഇതിനു സമീപത്താണ് അമ്പിളി താമസിച്ചിരുന്നത്. അതേസമയം, ദീപു എന്തിനാണ് പൊള്ളാച്ചിയിലേക്കുള്ള യാത്രയിൽ അമ്പിളിയെ ഒപ്പം കൂട്ടിയത് എന്ന സംശയമാണ് പൊലീസിനുള്ളത്.
അമ്പിളി എന്ന സജികുമാർ നേരത്തെ ഗുണ്ടാ നേതാവായിരുന്നു. പിന്നീട് ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് ഗുണ്ടാപ്പണി നിർത്തി. സജികുമാരിന്റെ വീട്ടുകാര്യങ്ങൾക്കടക്കം ദീപു പണം നൽകി സഹായിച്ചിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സുഹൃത്തായ ദീപുവിനെ എന്തിനാണ് അമ്പിളി കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ തമിഴ്‌നാട് പൊലീസ് ആശയക്കുഴപ്പത്തിലാണ്. ഇക്കാര്യത്തിൽ അമ്പിളിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. തെർമോകോൾ കട്ടർ ഉപയോഗിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടയാണ് അമ്പിളി. തിരുവനന്തപുരത്തെ ഗുണ്ട മൊട്ട അനിയെ കൊലപ്പെടുത്തിയ കേസിലും അമ്പിളി പ്രതിയാണ്. തമിഴ്‌നാട് മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഉള്ളത്. ദീപുവിന്റെ സ്ഥാപനത്തിലെ ജീവനക്കാർ പൊലീസിന് നൽകിയ ചില സൂചനകളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലയം സ്വദേശിയായ അമ്പിളി എന്ന സജി കുമാറിലേക്ക് അന്വേഷണം എത്തിയത്. ഇയാൾ പണമാവശ്യപ്പെട്ട് ദീപുവിനെ നേരത്തേയും ഭീഷണിപ്പെടുത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ എന്തിനായിരുന്നു കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ദീപുവിന്റെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘമാണെന്ന സൂചന നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. പണമാവശ്യപ്പെട്ട് അടുത്തിടെ ഗുണ്ടാസംഘം ദീപുവിനെ വിളിച്ചിരുന്നതായി ഭാര്യ വിധു മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം പത്തുലക്ഷവും പിന്നീട് അഞ്ച് ലക്ഷവും ആവശ്യപ്പെട്ടെന്ന് ദീപു പറഞ്ഞിരുന്നു. പണം നൽകാതായപ്പോൾ മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തി.മറ്റൊരു സംഘം 50 ലക്ഷം ആവശ്യപ്പെട്ടു. അച്ഛൻ രണ്ടുമാസം മുൻപ് ഇക്കാര്യങ്ങൾ തന്നോടും പറഞ്ഞിരുന്നെന്ന് മകൻ മാധവ് പറഞ്ഞു. ആക്രിക്കച്ചവടം നടത്തുന്ന നെടുമങ്ങാട് സ്വദേശിയുമായുള്ള തർക്കത്തെ തുടർന്ന് ഭൂമി അറ്റാച്ച് ചെയ്തിരുന്നുവെന്നും ആ കേസ് കോടതിയിലാണെന്നും ഇവർ വ്യക്തമാക്കി. കൊലപാതകത്തിൽ ആക്രികച്ചവടക്കാരന് ബന്ധമുണ്ടെന്ന് തുടക്കത്തിൽ പൊലീസിന് സംശയമുണ്ടായിരുന്നു. ജീവനക്കാരെ ഉൾപ്പടെ ഒഴിവാക്കി ദീപു അമ്പിളിയുമായി എന്തിന് കാറിൽ കോയമ്പത്തൂരിലേക്ക് പോയി എന്നതാണ് ഇനി കണ്ടെത്തേണ്ടത്.
തിരുവനന്തപുരം കൈമനം വിവേക് നഗർ ദിലീപ് ഭവനിൽ സോമന്റെ മകൻ ദീപുവിനെ(45) ഇന്നലെയാണ് കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടിൽ തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി കവർന്നിരുന്നു.12 വർഷം മുമ്പ് മലയിൻകീഴ് അണപ്പാട് വച്ച വീട്ടിലാണ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ദീപു താമസിച്ചിരുന്നത്.
വീടിനോട് ചേർന്ന് ജെസിബി, ഹിറ്റാച്ചി എന്നിവയുടെ വർക്ക്ഷോപ്പും സ്‌പെയർപാർട്സ് വില്പനയുമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് വീട്ടിൽ നിന്ന് ദീപു മഹീന്ദ്ര കാറിൽ പണവുമായി പോയത്. നെയ്യാറ്റിൻകരയിൽ നിന്ന് മെക്കാനിക്കും തക്കലയിൽ നിന്ന് മറ്റൊരാളും ഒപ്പമുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു.തമിഴ്‌നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിലാണ് കാർ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു.
സ്റ്റാർട്ടായിരുന്ന കാറിന്റെ ആക്‌സിലേറ്ററിൽ ദീപുവിന്റെ കാൽ അമർന്നിരുന്നു. അരമണിക്കൂറോളം കാർ റൈസായിക്കിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഡ്രൈവർ സീറ്റിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്കു പോവാൻ ഇറങ്ങിയതായിരുന്നു ദീപു. കാറിലുണ്ടായിരുന്ന പണം നഷ്ടമായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്.