- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താടിയും മുടിയും വടിച്ചാൽ കേരള പൊലീസിനെ പറ്റിക്കാമെന്ന് കരുതി; സിസി ടിവി നോക്കി ആളെ ക്യത്യമായി പഠിച്ച് പൊലീസ് ബുദ്ധി; ഫോൺ ഉപേക്ഷിച്ച് കൂട്ടുകാരുമായി മുങ്ങിയെങ്കിലും ഒളിയിടത്തിൽ നിന്ന് പൊക്കി; കലൂർ ഡിജെ പാർട്ടിക്കിടെ നടന്ന കൊലപാതകക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഹസനെ പിടികൂടിയത് ഇങ്ങനെ
കൊച്ചി: കലൂരിൽ, ഡിജെ പാർട്ടിക്കിടെ യുവതിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പിടകൂടിയത് മൈസൂരുവിൽ നിന്ന്. ഇയാളെ സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്നയുടൻ, ഒന്നാം പ്രതി മുഹമ്മദ് ഹസനും(25) സംഘവും നാടുവിട്ടു. പൊലീസിനെ വെട്ടിക്കാൻ രൂപമാറ്റം വരുത്തിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്.
ഫോൺ ഉപേക്ഷിച്ചായിരുന്നു പ്രതികളുടെ യാത്ര. ഇവരുടെ കാർ ബെംഗളൂരുവിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഇതിനുശേഷം മുഹമ്മദ് ഹസനും സംഘവും വേഷംമാറി വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരുകയായിരുന്നു. താടിയും മുടിയും വടിച്ചായിരുന്നു ഒളിവിൽ കഴിഞ്ഞത്. പ്രതികളെ സഹായിക്കാൻ സാധ്യതയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേരള-കർണാടക അതിർത്തിയിൽനിന്ന് സംഘം പിടിയിലായത്. കൊലപാതകം നടന്ന ഉടൻ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നു.പിടിയിലായ മുഹമ്മദ് ഹസനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. പ്രാഥമിക ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്പൂരി സ്വദേശിയും ഇരുപത്തിനാലുകാരനുമായ അഭിഷേക് ജോണും പ്രധാന പ്രതിയുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി അഭിഷേകും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പൊലീസിന്റെ പിടിയിലായത്. അഭിഷേകിന്റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നുമാണ് കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ പറയുന്നത്.
അതേസമയം, ഒന്നര മാസത്തിനിടെ കൊച്ചിയിൽ ആറ് കൊലപാതകങ്ങളുണ്ടായ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി പട്രോളിങ് ഉർജിതമാക്കിയെന്ന് സിറ്റി പൊലീസ് അറിയിച്ചു. ലഹരിക്കെതിരായ ബോധവത്കരണം ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ അഭിഷേക് ജോണും സുഹൃത്ത് കാസർകോട് സ്വദേശി മുഹമ്മദും പങ്കെടുത്തു. പാർട്ടിക്കിടെ ഇരുവരും പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഇതുകൊല്ലപ്പെട്ട എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷ് അടക്കമുള്ള സംഘാടകർ ചോദ്യം ചെയ്തു, ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതിൽ വൈരാഗ്യം പൂണ്ട അഭിഷേകും മുഹമ്മദും ഡിജെ പാർട്ടി കഴിഞ്ഞതിന് ശേഷം തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ അഭിഷേക് കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചത് രാജേഷിന്റെ സുഹൃത്തുക്കൾ തടഞ്ഞു. ഈ സമയം ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് രാജേഷിനെ തുരുതുരാ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ