തിരുവനന്തപുരം: കമലേശ്വരത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലൈൻ ക്രസെന്റ് അപ്പാർട്ട്‌മെന്റിൽ ഫ്‌ളാറ്റ് നമ്പർ 123ൽ കമാൽ റാഫി (52), ഭാര്യ തസ്‌നീം(42) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിന് ബി.ബി.എ.യ്ക്ക് പഠിക്കുന്ന ദമ്പതിമാരുടെ മകൻ ഖലീഫ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് നടുക്കുന്ന സംഭവം പുറംലോകം അറിഞ്ഞത്.

പൊലീസ് നടത്തിയ പരിശോധനയിൽ മുറിയിൽ നിന്നും കമാൽ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് എഴുതിയിരിക്കുന്നത്. കമാൽ തമിഴ്‌നാട് കുലശേഖരം സ്വദേശിയും തസ്‌നീം തേങ്ങാപ്പട്ടണം സ്വദേശിയുമാണ്. ആറു വർഷത്തോളമായി കമാൽ കമലേശ്വരത്താണ് താമസം. ഗൾഫിൽ ഡ്രൈവറായിരുന്ന കമാൽ കൊവിഡിന് മുൻപ് നാട്ടിലെത്തി കാറിന്റെ സ്‌പെയർപാർട്‌സ് കച്ചവടം ആരംഭിച്ചിച്ചിരുന്നു. കോവിഡ് വന്ന് കട പൂട്ടിയതിന്റെ സാമ്പത്തിക ഞെരുക്കവും റാഫിക്കുണ്ടായിരുന്നു.

ഇതിനിടെയാണ് കുടുബം പ്രശ്‌നങ്ങങ്ങളും രൂക്ഷമായത്. കുറച്ച് നാളായി ഭാര്യമായി പിണങ്ങി കമാൽ റാഫി ഫ്‌ളാറ്റിൽ മകനോടൊപ്പമായിരുന്നു താമസം. ഭാര്യ തസ്‌നിം സമീപത്തുള്ള തന്റെ ബന്ധുവീട്ടിൽ രണ്ട് പെൺമക്കളുടെ കൂടെയായിരുന്നു. റാഫിക്ക് ഭക്ഷണമുണ്ടാക്കികൊടുക്കാൻ എല്ലാദിവസവും തസ്‌നിം വരുന്നുണ്ടായിരുന്നു. അങ്ങനെ വന്ന സമയത്താണ് റാഫി കൊലചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.

മകൻ വന്നപ്പോൾ ഫ്‌ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു. ഏറെനേരം വിളിച്ചെങ്കിലും തുറന്നില്ല.തുടർന്ന് വിവരം ബന്ധുക്കളെയും തുടർന്ന് പൂന്തുറ പൊലീസിനെയും അറിയിച്ചു. പൊലീസ് എത്തിയെങ്കിലും വാതിൽ തുറക്കാൻ സാധിച്ചില്ല. ഒടുവിൽ ആശാരി പണിക്കാരന്റെ സഹായത്തോടെയാണ് വാതിൽ പൊളിച്ച് അകത്ത്കയറിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. തസ്‌നീം നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തിൽ പ്‌ളാസ്റ്റിക്ക് കയർ ചുറ്റിയ നിലയിലാണ്. കമാൽ റാഫിയെ ടോയ്‌ലെറ്രിന്റെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.

വിരലടയാള വിദഗ്ദ്ധർ രാത്രി ഒൻപതുമണിയോടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും വെളിച്ചകുറവ് കാരണം മടങ്ങി.ഫോറൻസിക് പരിശോധനയും ഇൻക്വസ്റ്റ് നടപടികളും ഇന്ന് രാവിലെ പൂർത്തിയാക്കുമെന്ന് പൊലീസ് പറഞ്ഞു. വിശദ അന്വേഷണം ആരംഭിച്ചെന്ന് പൂന്തുറ എസ്.എച്ച്.ഒ പ്രദീപ് പറഞ്ഞു. ധനൂറ, ദൈയ്‌സീറ എന്നിവരാണ് മറ്റുമക്കൾ.