- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹോട്ടൽ മുറിയിലേക്ക് ഇരച്ചുകയറി ആക്രമിച്ച സംഭവം; ബലാത്സംഗത്തിനും കേസെടുത്തു
ന്യൂഡൽഹി: കർണാടകയിൽ ഹോട്ടൽ മുറിയിൽ കയറി മിശ്രവിവാഹിതരായ ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് ബലാത്സംഗത്തിനും കേസെടുത്തു. ആക്രമിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുറിയിൽ നിന്ന് തന്നെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അക്രമികൾ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ഏഴുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഹോട്ടൽ മുറിയിൽ തന്നെ ബലമായി കാറിൽ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതി പുറത്തുവിട്ട വിഡിയോയിൽ പറയുന്നത്. വണ്ടിയുടെ ഡ്രൈവറും ബലാത്സംഗത്തിനിരയാക്കി. അതിനു ശേഷം ബസ്സ്റ്റോപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കുറ്റവാളികളെ ശിക്ഷിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
ആദ്യം ബലാത്സംഗത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും യുവതിയുടെ വിഡിയോ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ഇക്കാര്യം മനസിലായതെന്നും പൊലീസ് പ്രതികരിച്ചു. മുസ്ലിം യുവതി മറ്റൊരു മതത്തിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഹാവേരി ജില്ലയിലെ ഹനഗൽ താലൂക്കിലാണ് സംഭവം. യുവാവും യുവതിയും താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെത്തിയായിരുന്നു ആറംഗസംഘം അക്രമം നടത്തിയത്. ഇതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.വാതിലിൽ മുട്ടിയ ശേഷം ആറുപേർ ഹോട്ടൽമുറിയുടെ പുറത്ത് കാത്തുനിൽക്കുന്നത് വിഡിയോയിൽ കാണാം. ഉടൻ തന്നെ ഒരു യുവാവ് വാതിൽ തുറന്നു. അകത്തിരുന്ന യുവതി ശിരോവസ്ത്രം കൊണ്ട് തലമറക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
അക്രമികൾ യുവതിയെ അടിച്ചു താഴെയിട്ടു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അക്രമികൾ വളഞ്ഞിട്ട് പൊതിരെ തല്ലുകയും ചെയ്തു. അക്രമികളിലൊരാൾ യുവതിയെ കട്ടിലിൽ നിന്ന് താഴേക്ക് വലിച്ചിഴച്ചു. യുവതി തലമറക്കാൻ ശ്രമിച്ചപ്പോൾ അക്രമികൾ അത് വലിച്ചൂരിയെറിയുകയും ചെയ്തു.
കസിൽ മുന്ന് പേരെ അറസ്റ്റ ചെയ്തതായും അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതിയെ ഡിസ്ചാർജ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ജനുവരി എട്ടിന് വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട യുവതിയും യുവാവും ഹോട്ടലിൽ മുറിയെടുത്ത വിവരമറിഞ്ഞാണ് ആറംഗസംഘം ഇവിടേക്ക് ഇരച്ചെത്തിയത്. തുടർന്ന് മുറിയിൽ അതിക്രമിച്ചുകയറി ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു.
ഹോട്ടലിന് പുറത്തിറക്കിയശേഷവും പ്രതികൾ ഇരുവരെയും മർദിച്ചു. ഈ സംഭവങ്ങളെല്ലാം പ്രതികൾ മൊബൈൽഫോണിൽ ചിത്രീകരിക്കുകയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. പ്രതികൾ ഒരു സംഘടനയുമായും ബന്ധമുള്ളവരല്ലെന്നും ഇതുവരെ അറസ്റ്റിലായവർക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും എന്നാൽ അത് പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.