കൊച്ചി: ബിനാമി-അനധികൃത വായ്പകള്‍ക്കു കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷന്‍ കൈപ്പറ്റിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക്. ഇതില്‍ കൂടുതലും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളാണ്. കരുവന്നൂരില്‍ നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി നീക്കം. കേരളത്തിലെ സഹകരണത്തില്‍ ശുദ്ധികലശത്തിനാണ് ഇഡിയുടെ ശ്രമം. കരുവന്നൂരില്‍ കൂടുതല്‍ നേതാക്കളെ അറസ്റ്റു ചെയ്യുന്നതും പരിഗണനയിലുണ്ട്. സഹകരണ ബാങ്കിലെ സ്വര്‍ണലേലം ക്രമക്കേടുകളിലും ഇ.ഡി. അന്വേഷണം നടത്തും. യഥാര്‍ഥമൂല്യത്തിലും കുറച്ച് സ്വര്‍ണം ലേലംചെയ്തുള്ള കമ്മീഷന്‍ ഇടപാടുകള്‍ ബാങ്കുകളില്‍ നടന്നിട്ടുണ്ട്.

കരുവന്നൂര്‍ കേസില്‍ ഇ.ഡി. നടപടി സ്ഥിരീകരിച്ച് സി.പി.എം. രംഗത്തു വന്നിരുന്നു. സ്വത്ത് കണ്ടുകെട്ടിയതായും അക്കൗണ്ട് മരവിപ്പിച്ചതായും പാര്‍ട്ടി സ്ഥിരീകരിച്ചു. തൃശ്ശൂര്‍ പൊറത്തശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ ഭൂമി ഇ.ഡി. കണ്ടുകെട്ടി. 4.66 സെന്റ് ഭൂമിയാണ് ഇ.ഡി. കണ്ടുകെട്ടിയതെന്നും സി.പി.എം. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് സ്ഥിരനിക്ഷേപങ്ങളും ചില അക്കൗണ്ടുകളും മരവിപ്പിച്ചെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. ഇ.ഡി.യെ ബി.ജെ.പി. ദുരുപയോഗം ചെയ്യുന്നുവെന്ന് സി.പി.എം. ജില്ല സെക്രട്ടേറിയറ്റിന്റെ വിമര്‍ശനവുമുണ്ട്. ഇങ്ങനെ സിപിഎം വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് കൂടുതല്‍ ബാങ്കുകളിലേക്ക് ഇഡി അന്വേഷണം കടുപ്പിക്കുന്നത്.

തൃശൂരിലെ കരുവന്നൂരിലേതിനു സമാനമായി മറ്റ് പല സഹകരണ ബാങ്കുകളിലും അനധികൃതവായ്പകള്‍ തരപ്പെടുത്തി നല്‍കി കോടികള്‍ സംഭാവന കൈപ്പറ്റിയെന്ന പരാതികള്‍ ഇഡിക്ക് മുന്നിലുണ്ട്. ഇതും ഗൗരവത്തോടെ എടുക്കും. കരുവന്നൂരിനു പുറമേ 12 സഹകരണ ബാങ്കുകളില്‍ക്കൂടി നിയമലംഘനം നടന്നതായി ഇ.ഡി. കണ്ടെത്തിയിരുന്നു. എട്ട് ബാങ്കുകള്‍ അന്വേഷണം നേരിടുന്നുമുണ്ട്. ഇവിടെ കൂടുതല്‍ ശ്രദ്ധ ഇഡി കേന്ദ്രീകരിക്കും. സ്വര്‍ണ്ണ വായ്പ അടക്കം നല്‍കുന്നതില്‍ വലിയ തട്ടിപ്പുണ്ടെന്നാണ് നിഗമനം. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എമ്മിന്റെ 63.62 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. കരുവന്നൂരില്‍ സി.പി.എമ്മിനു ലഭിച്ചത് അനധികൃതവായ്പകള്‍ക്കായി നേതാക്കള്‍ ഇടപെട്ടതിന്റെ കമ്മീഷനാണെന്നും കണ്ടെത്തി. സമാനമായി, മറ്റ് സഹകരണ ബാങ്കുകളിലും നടന്നിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതില്‍ ചിലത് കോണ്‍ഗ്രസ് ഭരണത്തിലുള്ളതാണ്.

വായ്പാത്തട്ടിപ്പ് നടന്ന അയ്യന്തോള്‍, മാരായമുട്ടം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജണല്‍, ബി.എസ്.എന്‍.എല്‍. എന്‍ജിനീയേഴ്സ്, മൂന്നിലവ്, പെരുകാവില എന്നീ 12 സഹകരണ ബാങ്കുകളുടെ വിവരങ്ങള്‍ ഇ.ഡി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇവിടങ്ങളിലും രാഷ്ട്രീയ പങ്കാളിത്തത്തോടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നോയെന്നാണ് അന്വേഷണം. സമഗ്ര അന്വേഷണം നടത്താനാണ് നീക്കം.