കൊച്ചി: ലോക്‌സഭാ വോട്ടെടുപ്പിന് മുമ്പ്് കരുവന്നൂർ കേസിൽ അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പായി. തൃശൂർ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരാകാനുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായ എം.എം.വർഗീസ് ഇന്നലെയും ഹാജരായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടിയാണു ചോദ്യം ചെയ്യൽ ഒഴിവാക്കിയത്.

തിരഞ്ഞെടുപ്പിനു ശേഷം 29നു ഹാജരാകാൻ വർഗീസിന് ഇ.ഡി വീണ്ടും നോട്ടിസ് നൽകി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വർഗീസ് പല തവണ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു. ഇത് ഇഡി അംഗീകരിച്ചു. തിങ്കളാഴ്ച ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകി. ഇതോടെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പായി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ വർഗ്ഗീസിനെ അറസ്റ്റു ചെയ്യുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ചുമതലകളിൽ വർഗ്ഗീസിന്റെ ന്യായം ശരിയാണെന്ന് ഇഡി വിലയിരുത്തി. കോടതിയിൽ നിന്നും തിരിച്ചടികൾ ഉണ്ടാകാതിരിക്കാൻ അറസ്റ്റും മറ്റും വോട്ടെടുപ്പിന് മുമ്പ് ഒഴിവാക്കുകയും ചെയ്തു. നേരത്തെ പലതവണ ചോദ്യം ചെയ്യലിന് എത്തിയ സാഹചര്യത്തിലാണ് ഇത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലകളുണ്ടെന്നും തിരഞ്ഞെടുപ്പ് നടക്കുന്ന 26-ന് ശേഷം ഹാജരാകാമെന്നുമാണ് എം.എം. വർഗീസ് ഇ.ഡി. നോട്ടീസിന് നേരത്തേ മറുപടി നൽകിയിരുന്നത്. ഇതു തള്ളിക്കൊണ്ട് തുടർച്ചയായി നോട്ടീസുകൾ നൽകിയെങ്കിലും വർഗീസ് ഹാജരായിരുന്നില്ല. ഒടുവിൽ വർഗീസ് ആവശ്യപ്പെട്ടതുപോലെ തിരഞ്ഞെടുപ്പിനുശേഷമാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം കരുവന്നൂരിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് ഇഡി നൽകുന്ന സൂചന.

നേരത്തെ മൂന്ന് തവണ ഇഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ചുമതലയുടെ പേരിൽ ഹാജരാകാൻ കഴിയില്ലെന്നാണ് വർ?ഗീസി ഇഡിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. കരുവന്നൂർ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടുകളെക്കുറിച്ചും ബിനാമി വായ്പ നൽകിയതിൽ സിപിഎം നേതാക്കളുടെ ഇടപെടലിലുമാണ് വർഗീസിനെ ചോദ്യം ചെയ്യുന്നത്. ബാങ്ക് ക്രമക്കേടിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ വിശദാംശങ്ങൾ ഇഡി തേടിയിരുന്നെങ്കിലും അത്തരം റിപ്പോർട്ടില്ലെന്നാണ് വർഗിസ് നൽകിയ മറുപടി. സിപിഎമ്മിന്റെ തൃശൂർ ജില്ലയിലെ ആസ്ഥി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകൾ വഴി തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശേധിച്ച് വരികയാണ്. കരുവന്നൂർ ബാങ്കിൽ മാത്രം സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇഡി വിലയിരുത്തുന്നത്. എന്നാൽ ഇത്തരത്തിൽ രഹസ്യ അക്കൗണ്ടുകളില്ലെന്നാണ് എംഎം വർഗീസ് നൽകുന്ന വിശദീകരണം.