- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കരുവന്നൂരിൽ ഇഡി അറസ്റ്റിലേക്കോ?
തൃശൂർ: കരുവന്നൂരിൽ സഹകരണ നിയമങ്ങൾ ലംഘിച്ച് അഞ്ച് അക്കൗണ്ടുകൾ സിപിഎമ്മിനുണ്ടായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ അക്കൗണ്ടിന്റെ വിവരങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അടക്കം ഇഡി കൈമാറി. അഞ്ച് രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ റിസർവ്വ് ബാങ്കിലും ധനമന്ത്രാലയത്തിനും നൽകി. ഈ അക്കൗണ്ടുകൾ ഉപയോഗിച്ച് വായ്പകൾ വിതരണം ചെയ്തു. വൻ തോതിൽ ഭൂമി വാങ്ങാനും ഈ അക്കൗണ്ടുകൾ ഉപയോഗിച്ചെന്ന് ആരോപണമുണ്ട്. ഇതെല്ലാം പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കണമെന്നതാണ് ഇഡിയുടെ ആവശ്യം. കരുവന്നൂരിൽ ഇഡി നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ് ഇത്. രഹസ്യ അക്കൗണ്ടുകൾ ഓഡിറ്റിംഗിൽ നിന്നും മറച്ചു വച്ചുവെന്നും ഇഡി ആരോപിക്കുന്നു.
കരുവന്നൂരിൽ നിക്ഷേപകരുടെ പണം തട്ടിയെടുത്തവർ എത്ര ഉന്നതരായാലും ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരിച്ച് നൽകുമെന്നും ഇതിന് പിന്നിലെ നിയമസാധുത പരിശോധിക്കുകയാണന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ ബൂത്ത് തല പ്രവർത്തകരുമായി ആശയനവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടികൾ. കരുന്നൂരിൽ ചില ഉന്നത സിപിഎം നേതാക്കളെ ഇഡി അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. ഏതായാലും കമ്മീഷന്റെ നിലപാടുകൾ നിർണ്ണായകമാകും. സിപിഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ഇഡി നീക്കമാണ് ഇതെന്നും വിലയിരുത്തലുണ്ട്. ഇതിനൊപ്പം ചില ഉന്നതരെ ഇഡി അറസ്റ്റു ചെയ്യാനും സാധ്യത ഏറെയാണ്.
അതിരൂക്ഷമായാണ് ഈ വിഷയത്തിൽ രണ്ടു ദിവസം മുമ്പ് മോദി പ്രതികരിച്ചത്. ബാങ്കിൽ കൊള്ള നടത്തിയവരിൽ ഇടതുപക്ഷത്തെ ഉന്നതരായ നേതാക്കളുമുണ്ടെന്നാണ് മനസിലാക്കുന്നത്. സാധാരണക്കാരുടെ പണം തട്ടിയെടുത്തത് ഇവരാണെന്നും പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്വർണ്ണക്കള്ളക്കടത്ത് വിഷയം മുഖ്യമന്ത്രിയുടെ പടിവാതിൽക്കൽ വരെയെത്തി. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതിക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ. ടി.എൻ സരസുവിന് ഉറപ്പു നൽകിയിരുന്നു. സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിൽ വലിയ തോതിലുള്ള തട്ടിപ്പുകളാണ് നടക്കുന്നതെന്നും കരുവന്നൂരിലുണ്ടായ തട്ടിപ്പ് ഇത്തരത്തിലുള്ളതാണെന്നും സ്ഥാനാർത്ഥി പറഞ്ഞതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഉറപ്പുനൽകിയത്.
നേരത്തെ കരുവന്നൂർ ബാങ്കുതട്ടിപ്പു കേസിൽ മന്ത്രി പി. രാജീവ് ഉൾപ്പെടെ സിപിഎം നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഇ ഡി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അനധികൃതമായി വായ്പ നല്കാൻ വ്യവസായ മന്ത്രി പി. രാജീവ് സമ്മർദം ചെലുത്തി. സംസ്ഥാനത്തെ വലിയ തട്ടിപ്പുകളിലൊന്നാണിത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് രാജീവ് നിയമ വിരുദ്ധമായി സമ്മർദം ചെലുത്തിയത്. ബാങ്കിലെ മുൻ സെക്രട്ടറി സുനിൽ കുമാറാണ് രാജീവിനെതിരേ മൊഴി നല്കിയത്. വിവിധ സിപിഎം ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ പേരിൽ നിരവധി രഹസ്യ അക്കൗണ്ടുകളുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ആരോപിച്ച് അലി സാബ്റി നല്കിയ ഹർജിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം മുമ്പുണ്ടായത്. ഈ അക്കൗണ്ടുകളിൽ അഞ്ചെണ്ണമാണ് വീണ്ടും ഇഡി ചർച്ചയാക്കുന്നത്.
കരുവന്നൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തട്ടിപ്പ്, സംഘടിത കുറ്റകൃത്യമാണ്. ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, പ്രാദേശിക, ജില്ലാ, സംസ്ഥാന ഭരണതലത്തിലുള്ള വ്യക്തികൾ എന്നവരുടെ ഉന്നത ബന്ധങ്ങൾ ഇതിൽ വെളിപ്പെടുന്നു. രാഷ്ട്രീയ ബന്ധങ്ങൾ, പൊതുതട്ടിപ്പ് എന്നിവയുടെ കാര്യത്തിൽ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്. ഈ വ്യക്തികൾ നടത്തുന്ന ഇടപാടുകൾ ബിനാമി പേരുകളിലും പണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലുമാണ്. സാധാരണക്കാർക്ക് അവരുടെ നിക്ഷേപം നഷ്ടപ്പെട്ടതിനാൽ, യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ പണമിടപാടുകളെയും ബിനാമി സ്വത്തുക്കളെയും സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഹൈക്കോടതിയെ ഇഡി അറിയിച്ചിരുന്നു.
എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ പി. രാജീവ് ഇടപെട്ടു. എ.സി. മൊയ്തീൻ പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ പാർട്ടിയുടെ നേതാക്കൾക്കെതിരേയും മുൻ സെക്രട്ടറി സുനിൽകുമാർ മൊഴി നല്കിയിട്ടുണ്ട്. കരുവന്നൂരിൽ നിയമ വിരുദ്ധമായി ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതിൽ സിപിഎം പങ്കുവഹിച്ചു. തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്നാണ് ഇഡി നിലപാട്. ഈ സാഹചര്യത്തിൽ ഉന്നത നേതാക്കളെ ഇഡി ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.