എറണാകുളം: കരുവന്നൂർ കേസിൽ പി.കെ.ബിജു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഭയമില്ലെന്ന സന്ദേശം നൽകാനാണ് മുൻ എംപിയായ ബിജുവിന്റെ ശ്രമം. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് ബിജുവിനെ ഇഡിക്ക് മുമ്പിൽ ഹാജരാക്കാൻ സിപിഎം തീരുമാനിച്ചത്. രാവിലെ മാത്രമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് പികെ ബിജു. മുൻ എംപിയുമാണ്.

ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ,ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നൽകുമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.കരുവന്നൂർ തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിനായിരുന്നു. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇഡിക്ക് കിട്ടണമെന്ന നിലപാടുണ്ട്. ഇതിന് വേണ്ടിയാണ് ബിജുവിനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. അറസ്റ്റുണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു. തൃശ്ശൂരിലെ ഇടത് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാൽ ഇന്നലെ ഹാജരാകാൻ ആകില്ല എന്നാണ് ഇഡിയെ അറിയിച്ചത്. എം എം വർഗീസിന്റെ കാര്യത്തിലുള്ള തുടർനടപടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇഡി വ്യക്തമാക്കി. ബിജുവും ചോദ്യം ചെയ്യലിന് എത്തില്ലെന്നായിരുന്നു ഇഡിയുടെ വിലയിരുത്തൽ. ഇതിന് വിരുദ്ധമായാണ് സിപിഎം തീരുമാനം എടുത്തത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള സിപിഎം അന്വേഷണ റിപ്പോർട്ടിൽ പരിശോധനകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുന്നത്. ഈ റിപ്പോർട്ട് ഇ.ഡിക്കു സിപിഎം നൽകേണ്ടിവരുമെന്നാണ് സൂചന. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് നൽകിയ മൊഴിയിൽ, പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തിയെന്നു പറഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണു അന്വേഷണ കമ്മിഷൻ അംഗങ്ങളായ പി.കെ.ബിജുവിനും പി.കെ.ഷാജനും ഇ.ഡി നോട്ടിസ് അയച്ചത്. അന്വേഷണ റിപ്പോർട്ടിൽ പ്രമുഖ നേതാക്കളുടെ പേരില്ല. എ.സി.മൊയ്തീൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടുമില്ല. ബിജുവിനെ ചോദ്യം ചെയ്യുന്നത് ഇതിന് വേണ്ടിയാണ്. ഒപ്പം മറ്റ് ആരോപണങ്ങളും ചോദിക്കും. സിപിഎം അന്വേഷണത്തിൽ തെളിഞ്ഞത് കണ്ടെത്താനാണ് ശ്രമം. ഈ അന്വേഷണ റിപ്പോർട്ട് പ്രകാരമാണു ബാങ്ക് ഡയറക്ടർമാരായ പാർട്ടി നേതാക്കൾക്ക് എതിരെ നടപടിയെടുത്തത്. ഇതെല്ലാം ഇ.ഡിക്കു മുന്നിൽ ബിജുവിന് വിശദീകരിക്കേണ്ടിവരും.

പാർട്ടി അന്വേഷണത്തിനിടയിൽ ഡയറക്ടർമാർ നൽകിയ മൊഴിയും ഹാജരാക്കേണ്ടിവന്നേക്കും. പി.കെ.ബിജുവിന്റെ ആവശ്യപ്രകാരം 5 ലക്ഷം രൂപ പിൻവലിച്ചെന്നു മൊഴിയുണ്ട്. പി.കെ.ഷാജനുമായി ബന്ധപ്പെട്ട്, അയ്യന്തോൾ സഹകരണ ബാങ്കിലെ ചില ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് എൻഫോഴസമെന്റ ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയത് സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച അക്കൗണ്ട് വിവരങ്ങളാണ്. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം. ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.

കേസിൽ സിപിഎം നേതാക്കളായ എം.കെ കണ്ണൻ, എ.സി. മൊയ്തീൻ അടക്കം നേതാക്കൾക്ക് രണ്ടാംഘട്ട അന്വേഷണഭാഗമായി നോട്ടീസ് നൽകും. പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസും ചോദ്യം ചെയ്യലിന് എത്തും. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം വിശദീകരണം.