തിരുവനന്തപുരം: കാട്ടക്കട ഡിപ്പോയിൽ കൺസഷൻ എടുക്കാനെത്തിയ വിദ്യാർത്ഥിനിയോടും പിതാവിനോടും അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടി കെഎസ്ആർടിസി അധികൃതർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്.അജികുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മറുപടി.

ഈ സംഭവത്തിൽ നേരത്തെ നാല് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് വിഭാഗം വിശദമായി വീഡിയോ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് എസ് അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

സെപ്റ്റംബർ 20നാണ് സംഭവമുണ്ടായത്. മലയിൻകീഴ് മാധവകവി ഗവ.കോളജിൽ ബിരുദ വിദ്യാർത്ഥിനിയായ മകൾ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കി വാങ്ങാനാണു പൂവച്ചൽ പഞ്ചായത്ത് ജീവനക്കാരൻ ആമച്ചൽ ഗ്രീരേഷ്മയിൽ പ്രേമനൻ (53) എത്തിയത്. രേഷ്മയും ഒപ്പമുണ്ടായിരുന്നു. കൺസഷൻ ലഭിക്കാൻ കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്നു കൗണ്ടറിലിരുന്ന ജീവനക്കാരൻ പറഞ്ഞു. മൂന്ന് മാസം മുൻപ് കാർഡ് എടുത്തപ്പോൾ സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പ്രേമനൻ വിശദീകരിച്ചു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പ്രേമനനെ വളഞ്ഞിട്ടു മർദിക്കുകയുമായിരുന്നു.

തന്നെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ തീരുമാനിച്ചിരുന്നു. കെഎസ്ആർടിസിയെ താൻ അപമാനിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം പ്രേമനൻ തള്ളി. അതേസമയം പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും . കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ കൺസഷൻ എടുക്കാനെത്തിയ അച്ഛനേയും മകളയേും ആണ് കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ചത്

കാട്ടക്കടയിൽ വിദ്യാർത്ഥി കൺസെഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ സമർപ്പിച്ചത് വാദിയെ പ്രതിയാക്കുന്ന ആരോപണങ്ങൾ അടങ്ങുന്ന ഹർജി.പ്രേമനൻ കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ ക്യാമറയുമായി ഒരാളെ കൊണ്ടുവന്ന് ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന് തുടങ്ങി പ്രേമജൻ സ്ഥിരം പ്രശ്‌നക്കാരനാണെന്ന വ്യക്തിപരമായ ആരോപണങ്ങളിൽ വരെ എത്തിനിൽക്കുന്നു പ്രതികളുടെ വാദം.

ഒരാഴ്ചയ്ക്ക് മുമ്പ് നടന്ന സംഭവത്തിൽ പ്രതികളെ ഇനിയും പിടിക്കാത്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷധേ ഉയരുന്നുണ്ട്.എവിടെപ്പോയി ഒളിച്ചാലും പൊലീസ് കണ്ടെത്തുമെന്നാണ് ഇന്നലെ ഗതാഗതമന്ത്രി പറഞ്ഞത്.നാളെ കോടതി തീരുമാനം പറയും വരെ പ്രതികൾ ഒളിവിൽ തുടരാനാണ് സാധ്യത