- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമനെ മകളുടെ മുമ്പിലിട്ട് തല്ലിചതയ്ക്കുന്ന ദൃശ്യങ്ങൾ എടുത്തത് കെ എസ് ആർ ടി സിയിലെ ഡ്രൈവർ; മകളുടെ മുന്നിലിട്ടാണോടാ അച്ഛനെ മർദിക്കുന്നതെന്ന്' ചോദ്യം ക്രൂരതയ്ക്ക് തെളിവ്; ഭീഷണി കാരണം ഡ്രൈവറെ സ്ഥലം മാറ്റി; എസ് സി-എസ് ടി വകുപ്പ് നിലനിൽക്കില്ലെന്നതും വിചിത്ര ന്യായം; കാട്ടാക്കടയിൽ പ്രതികളെ സുരക്ഷിതരാക്കാനോ അന്വേഷണം? നടക്കുന്നത് അട്ടിമറി
തിരുവനന്തപുരം : കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിക്കുന്നത് ചിത്രീകരിച്ചത് കെ എസ് ആർ ടി സിയിലെ ഡ്രൈവറാണെന്ന് റിപ്പോർട്ട്. പ്രതികളെ പിടികൂടാത്തത് ചർച്ചയായിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്. ഇവരെ സമ്മർദ്ദം ചെലുത്തി കീഴടക്കാനാണ് പൊലീസിന്റെ ശ്രമം. പ്രതികൾക്കെതിരെ എസ് സി/എസ്ടി അതിക്രമ നിയമം നിലനിൽക്കില്ലെന്നാണ് പൊലീസിന് കിട്ടിയ നിയമപദേശം. എന്നാൽ ഇത് സംഭവത്തിൽ പെട്ട ഇടതു നേതാക്കളെ രക്ഷിക്കാനാണെന്നാണ് സൂചന.
എസ് സി/എസ്ടി അതിക്രമ നിയമം പ്രത്യക്ഷത്തിൽ തന്നെ നിലനിൽക്കുന്ന കേസാണ് ഇത്. അതു ചുമത്തിയാൽ ഒരു കോടതിക്കും പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാൻ കഴിയില്ല. ഏതെങ്കിലും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം വാങ്ങി കൊടുക്കാൻ വേണ്ടിയാണ് ഈ ഒത്തുകളി. കേസിലെ പ്രതികളെല്ലാം പൊലീസിന് അറിയാവുന്നിടത്തു തന്നെയുണ്ട്. പക്ഷേ ആരേയും പിടിക്കുന്നില്ല. ഇതിനിടെയാണ് ദൃശ്യങ്ങൾ പകർത്തിയത് കെ എസ് ആർ ടി സി ഡ്രൈവറാണെന്ന വാർത്തും എത്തുന്നത്. ഇയാൾക്കെതിരെ ഭീഷണിയുമായി സഹപ്രവർത്തകർ രംഗത്തു വന്നിട്ടുണ്ട്. ജീവനക്കാരിൽ നിന്നുള്ള ഭീഷണിയെ തുടർന്ന് ഡ്രൈവർ സ്ഥലംമാറ്റം വാങ്ങിപ്പോയെന്നാണ് റിപ്പോർട്ട്.
കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവറായിരുന്ന ഇയാളെ സ്വന്തം സ്ഥലമായ കോഴിക്കേട്ടേയാക്കാണ് സ്ഥലംമാറ്റിയത്. ഇയാളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സുരക്ഷാ മുൻകരുതലെന്ന വിധത്തിലാണ് നടപടി. കെഎസ്ആർടിസി ഡിപ്പോയിൽ മകൾക്കു മുന്നിൽവെച്ച് അച്ഛനെ മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ഈ ഡ്രൈവർക്കെതിരെ കെഎസ്ആർടിസി ജീവനക്കാർ രംഗത്ത് എത്തിയിരുന്നു. 'മകളുടെ മുന്നിലിട്ടാണോടാ അച്ഛനെ മർദിക്കുന്നതെന്ന്' ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇതാണ് വീഡിയോ ചിത്രീകരിച്ചത് ഇയാളാണോ എന്ന സംശയത്തിനിടയാക്കിയത്. തുടർന്ന് സഹപ്രവർത്തകരിൽ നിന്നും ഭീഷണി ഉയർന്നതോടെ ഡ്രൈവർ സ്ഥലം മാറ്റത്തിനായി അധികൃതരെ സമീപിക്കുകയായിരുന്നു.
ഇതിനിടെയിലും അച്ഛനെയുംമകളെയും മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണ്. അതിനാൽ ഇതുവരെ കണ്ടെത്താൻ സാധിച്ചില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം. മർദ്ദിച്ച സംഘത്തിലുൾപ്പെട്ട മെക്കാനിക് അജിയേയും പ്രതി ചേർത്തിട്ടുണ്ട്. ഇതും സോഷ്യൽ മീഡിയാ ഇടപെടലിന്റെ ഭാഗമാണ്. ഇയാൾ ആദ്യം കേസിൽ പ്രതിയായിരുന്നില്ല. തുടർന്ന് പരാതികൾ എത്തി. ഇതോടെ പൊലീസിന് അജിയേയും പ്രതിയാക്കേണ്ടി വന്നു.
അതിനിടെ മകളുടെ മുന്നിലിട്ട് മർദിച്ച കെഎസ്ആർടിസി ജീവനക്കാരെ അഞ്ചാം ദിവസവും അറസ്റ്റ് ചെയ്യാത്ത പൊലീസിനെതിരെ കടുത്ത വിമർശനവുമായി അച്ഛൻ പ്രേമൻ രംഗത്ത്.പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാത്തതിൽ സങ്കടവും പ്രതിഷേധവും ഉണ്ട്..അറസ്റ്റ് ഇനിയും വൈകിയാൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും. നീതി തേടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.ഹൈക്കോടതി ഇടപെട്ടിട്ടും അറസ്റ്റ് വൈകുന്നത് ദുരൂഹമാണെന്നും പ്രേമൻ പറഞ്ഞു.
.ആരോഗ്യപ്രശ്‌നങ്ങൾ ഇപ്പോഴും മാറിയിട്ടില്ല.തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപ പ്രചരണം നടക്കുന്നു.ഇത് മക്കളുടെ പഠനത്തെ അടക്കം ബാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ ഇന്നലെ കേസിൽ പ്രതി ചേർത്തിരുന്നു. എഫ്‌ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നെങ്കിലും പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർത്തത്. ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെയാണ് സിഐടിയുവിൽ ചേർന്നത്. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനം ഉയർന്നിരുന്നു
കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മർദ്ദനമേറ്റ പ്രേമനനെയും മകളെയും നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതായി കെഎസ്ആർടിസി അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരുവർക്കും ഉറപ്പ് നൽകി. അക്രമി സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് അന്വേഷിച്ചതായും റിപ്പോർട്ടിലുണ്ട്. ദൃശ്യങ്ങൾ ചിത്രീകരിച്ച കെഎസ്ആർടിസിയിലെ ജീവനക്കാരന് നേരെ സുരക്ഷാ ഭീഷണിയുണ്ടെന്നും കേസിൽ ഉൾപ്പട്ടവരുടെ യൂണിയൻ ഇദ്ദേഹത്തെ ലക്ഷ്യം വെക്കുന്ന സാഹചര്യത്തിൽ സുരക്ഷകരണങ്ങളാൽ ഇയാളെ മറ്റൊരു യുണിറ്റിലേക്ക് സ്ഥലം മാറ്റിയതായും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി.
വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മർദ്ദിച്ചത്.
മറുനാടന്‍ മലയാളി ബ്യൂറോ