കട്ടപ്പന: നാടിനെ നടുക്കിയ കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ ഇനിയും ചുരുളഴിയാൻ രഹസ്യങ്ങൾ നിരവധിയെന്ന സൂചനയുമായി പൊലീസ്. പ്രതികൾ കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹം കാണാമറയത്ത്. കൊലപാതകക്കേസിലെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്നു പറയപ്പെടുന്ന സാഗരാ ജംക്ഷനിലെ വീടിനോടു ചേർന്നുള്ള തൊഴുത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. നിതീഷ് മൊഴി മാറ്റിപ്പറയുന്നതായും സൂചനയുണ്ട്. ഇതോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തേണ്ട ആവശ്യകതയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

മോഷണശ്രമത്തിനിടെ പിടിയിലായ നിതീഷ്, വിഷ്ണു എന്നിവരെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതക വിവരങ്ങൾ പുറത്തായത്. നിതീഷും സുഹൃത്ത് വിഷ്ണുവും ചേർന്നു 2023 ഓഗസ്റ്റിൽ കൊലപ്പെടുത്തിയ വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയന്റെ മൃതദേഹം കഴിഞ്ഞ ദിവസം വാടക വീടിന്റെ തറ കുഴിച്ചു കണ്ടെത്തിയിരുന്നു. ഈ കൊലപാതകത്തിൽ വിജയന്റെ ഭാര്യ സുമയ്ക്കും പങ്കുണ്ടെന്നു പൊലീസ് പറയുന്നു. വിജയന്റെ മകളിൽ നിതീഷിന് ജനിച്ച ആൺകുഞ്ഞിനെ അഞ്ചുദിവസം മാത്രമുള്ളപ്പോൾ മാനഹാനി ഭയന്ന് 2016 ജൂലൈയിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസിൽ വിജയനും കൂട്ടുപ്രതിയാണ്.

ഇന്നലെ നിതീഷിനെ വീണ്ടും ചോദ്യം ചെയ്തപ്പോൾ, മൃതദേഹം തൊഴുത്തിൽനിന്ന് എടുത്തുമാറ്റി നശിപ്പിച്ചെന്നു മൊഴി നൽകിയെന്നാണു സൂചന. കൂടുതൽ ചോദ്യം ചെയ്തശേഷം ഉച്ചകഴിഞ്ഞ് തൊഴുത്തിന്റെ തറ വീണ്ടും കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രതികളെയും വിജയന്റെ ഭാര്യയെയും മകളെയും ചോദ്യം ചെയ്ത് മൃതദേഹാവശിഷ്ടങ്ങൾ എവിടെയാണെന്നു കണ്ടെത്താനുള്ള നീക്കത്തിലാണു പൊലീസ്. വിജയനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുമയെ വൈകാതെ അറസ്റ്റ് ചെയ്തേക്കും. മോഷണശ്രമത്തിനിടെ വീണ് കാലൊടിഞ്ഞ വിഷ്ണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിതീഷിനെ ചുറ്റിപ്പറ്റി ഇപ്പോഴും ദുരൂഹതകൾ നിലവിൽക്കുകയാണ്. മോഷ്ടാവും ജ്യോത്സ്യനും ദുർമന്ത്രവാദിയുമെല്ലാമാണ് ഇയാൾ. ഇയാളുടെ നീക്കങ്ങൾപോലെ ദുരൂഹത നിറഞ്ഞതാണു കുടുംബ പശ്ചാത്തലവും. അമ്മയും നിതീഷും സഹോദരനും വല്യമ്മയ്ക്കൊപ്പമാണു സാഗരാ ജംക്ഷനു സമീപം താമസിച്ചിരുന്നത്. കൊല്ലപ്പെട്ട വിജയന്റെ അയൽവാസികളായിരുന്നു ഇവർ. നിതീഷിന്റെ അച്ഛൻ വർഷങ്ങൾക്കു മുൻപു കുടുംബത്തെ ഉപേക്ഷിച്ചു പോയതാണെന്നാണു നാട്ടുകാർ പറയുന്നത്.

നിതീഷിന്റെ മാതാവ് ഇടയ്ക്ക് കട്ടപ്പനയിലെ പൊലീസ് ക്വാർട്ടേഴ്സിൽ ശുചീകരണ ജോലികൾക്കും മറ്റുമായി എത്തിയിരുന്നെങ്കിലും പിന്നീട് അവിടെ നിന്നു പോയെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളാണ് അവർ പിണങ്ങിപ്പോകാൻ കാരണമെന്നാണു സൂചന.ചില ക്ഷേത്രങ്ങളിലും മറ്റും കീഴ്ശാന്തിയായി പ്രവർത്തിച്ചാണു നിതീഷ് ചെറിയരീതിയിൽ പൂജകളും മറ്റും പഠിച്ചെടുത്തതെന്നാണു പൊലീസ് നൽകുന്ന സൂചന. ജ്യോതിഷവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചിലരിൽ നിന്നും ഇയാൾ കാര്യങ്ങൾ പഠിച്ചെടുത്തിട്ടുണ്ടെന്ന സൂചനകളും നാട്ടുകാർ പങ്കുവയ്ക്കുന്നു.

നിതീഷ് അടിക്കടി വീട്ടിൽ എത്തുന്നതു സംബന്ധിച്ച് നാട്ടിൽ പല കഥകളും പ്രചരിച്ചതോടെ, ആ വരവ് നിയന്ത്രിക്കാൻ തയാറാകാത്തവിധം അന്ധവിശ്വാസത്തിന് അടിമകളായി മാറിയതാണു വിജയന്റെയും കുടുംബത്തിന്റെയും ജീവിതം തകർത്തതെന്നു നാട്ടുകാർ പറയുന്നു. രണ്ടരയേക്കർ സ്ഥലമാണു വിജയനും കുടുംബത്തിനും കട്ടപ്പന നഗരമധ്യത്തിൽ ഉണ്ടായിരുന്നത്. സമീപത്തെ അപ്പനിർമ്മാണ യൂണിറ്റിൽ വിജയനും ഭാര്യ സുമയും ജോലി ചെയ്തിരുന്നു.

ഇതിനിടെ മകളുടെ കയ്യിൽ മരവിപ്പുപോലെ അനുഭവപ്പെടുന്നതിനാൽ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നും ക്ഷേത്രങ്ങളിൽ പോകുന്നുണ്ടെന്നും വിജയനും ഭാര്യ സുമയുമൊക്കെ നാട്ടുകാരോടു പറഞ്ഞിരുന്നു. പഠനകാലത്തൊക്കെ നാട്ടുകാരോടു നല്ല രീതിയിൽ സൗഹൃദം പ്രകടിപ്പിച്ചിരുന്ന വിജയന്റെ മകൾ പിന്നീട് ഇവരിൽ പലരും വീട്ടിലെത്തിയാൽപ്പോലും മുറിയിൽനിന്നു പുറത്തിറങ്ങിയിരുന്നില്ല. അക്കാലത്ത് ഗർഭിണിയായിരുന്നതാണോ ഇതിനു കാരണമെന്നു നാട്ടുകാർ ഇപ്പോൾ സംശയിക്കുന്നു.

രണ്ടരയേക്കറോളം സ്ഥലം 90 ലക്ഷത്തോളം രൂപയ്ക്കാണു വിജയൻ വിറ്റതെന്നാണു നാട്ടുകാർക്കു ലഭിച്ച വിവരം. എന്നാൽ സ്ഥലംവിറ്റ് ഏതാനും മാസങ്ങൾക്കുശേഷം നാട്ടുകാരിൽ ചിലരോടു വിജയൻ പണം കടം ചോദിച്ചിരുന്നു. ചിലരോട് 200 രൂപ വരെ കടം ചോദിച്ചിരുന്നതായാണു നാട്ടുകാർ പറയുന്നത്. സ്ഥലംവിറ്റുപോയശേഷം സാഗരാ ജംക്ഷനു സമീപത്തെ വീടിരുന്ന ഭാഗത്തേക്കു വരാൻ വിജയൻ തയാറായിരുന്നില്ല. ഈ ഭാഗത്തേക്കു കയറരുതെന്ന് പൂജാരി പറഞ്ഞിട്ടുണ്ടെന്ന് നാട്ടുകാരനോട് വിജയൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു. നിതീഷായിരിക്കാം ഇങ്ങനെ നിർദേശിച്ചിരുന്നതെന്നാണു നാട്ടുകാർ സംശയിക്കുന്നത്. പിന്നീട് ഒരു കേറ്ററിങ് സ്ഥാപനത്തിൽ വിജയൻ ജോലി ചെയ്തിരുന്നതായി നാട്ടുകാർ ഓർക്കുന്നു. സ്ഥലം വിറ്റിട്ടുപോയ വിജയനെ ഏതാനും വർഷത്തിനുശേഷം കണ്ടപ്പോൾ വളരെയധികം ക്ഷീണിച്ച രീതിയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു.

കക്കാട്ടുകടയിൽ കൊലപാതകം നടന്ന വീട് വിജയൻ വാടകയ്ക്ക് എടുത്തത് ഉടമസ്ഥയെ തെറ്റിദ്ധരിപ്പിച്ചശേഷമെന്നു വിവരം. 2023 ജൂണിലാണു വിജയന്റെ പേരിൽ വീട് വാടകയ്ക്ക് എടുത്തത്. വീടുപണി നടക്കുന്നതിനാൽ ഏതാനും നാൾ തനിക്കും മകനും താമസിക്കാനാണെന്നാണു വിജയൻ വീട്ടുടമസ്ഥയെ ധരിപ്പിച്ചത്. അജിത് എന്ന പേരാണ് വിജയന്റെ മകൻ വിഷ്ണു പറഞ്ഞത്. വിജയനും മകനും മാത്രമാണ് ഇപ്പോൾ താമസിക്കാനുള്ളതെന്നും ചെന്നൈയിൽ ബാങ്കിൽ ജോലി ചെയ്യുന്ന മകളും അവിടെയുള്ള ഭാര്യയും രണ്ടുമാസം കഴിയുമ്പോൾ വരുമെന്നുമാണു വിജയൻ പറഞ്ഞത്. മകളുടെ വിവാഹമാണെന്നും അതിനു മുന്നോടിയായി ഇരുപതേക്കറിൽ വീടുപണി നടക്കുകയാണെന്നും വിശ്വസിപ്പിച്ചു. വല്ലപ്പോഴും വാടക വീട്ടിൽ വന്നുപോകുകയേ ഉള്ളൂവെന്നും പറഞ്ഞിരുന്നു.

വീട്ടുടമസ്ഥയും സഹായിയും പലപ്പോഴും വിളവെടുപ്പിനും മറ്റുമായി മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചിട്ടുണ്ടെങ്കിലും വീട് അടച്ചിട്ട നിലയിലായിരുന്നു. വിജയനെ ഫോണിൽ വിളിച്ചാൽ വീടുപണിയുന്ന സ്ഥലത്താണെന്നായിരുന്നു മറുപടി. ചില ദിവസങ്ങളിൽ ഉച്ചമുതൽ വൈകിട്ടുവരെ വീടിനു സമീപം ചെലവഴിച്ചിട്ടും വീടിനുള്ളിൽ നിന്ന് ചെറിയ അനക്കംപോലും ഉണ്ടായിട്ടില്ലെന്നും ഉടമസ്ഥ പറയുന്നു. വീടിന്റെ ജനലുകൾ മുഴുവൻ കർട്ടനിട്ട് മറച്ചിരുന്നതു ചെറിയ സംശയത്തിന് ഇടയാക്കിയിരുന്നു. വീടുപണി നടക്കുന്നതിനാൽ താൽക്കാലികമായി വാടക വീടെടുത്തവർ എന്തിനാണ് ഇത്രയധികം കർട്ടനുകൾ ഇട്ടിരിക്കുന്നതെന്നു സംശയിച്ചിരുന്നു. സ്ഥലത്തെത്തിയപ്പോഴെല്ലാം ആരും അവിടെ ഇല്ലാതിരുന്നതിനാൽ പിന്നീട് വീടിനുള്ളിൽ കയറി നോക്കാനും വീട്ടുടമസ്ഥയ്ക്ക് സാധിച്ചിട്ടില്ല.

നിതീഷ് ഈ വീട്ടിൽ താമസിക്കാൻ ഉണ്ടാവില്ലെന്നാണു പറഞ്ഞിരുന്നത്. ഇയാളുടെ മാതാപിതാക്കൾക്കു തിരുവനന്തപുരത്ത് പൊലീസിലാണു ജോലിയെന്നും വിശ്വസിപ്പിച്ചു. 3 മുറികളാണു വീട്ടിലുള്ളത്. കൂടാതെ ഹാൾ, അടുക്കള, ഡൈനിങ് റൂം എന്നിവയുമുണ്ട്. മറ്റെല്ലാ മുറികളും ടൈൽ പാകിയതാണെങ്കിലും പിന്നീടു കൂട്ടിച്ചേർത്തു നിർമ്മിച്ച ഒരുമുറി മാത്രം കോൺക്രീറ്റ് ചെയ്തിരിക്കുകയായിരുന്നു. ആ മുറിയിലാണു മൃതദേഹം മറവു ചെയ്തിരുന്നത്.