കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ പ്രധാന പ്രതി നിതീഷിന്റെ പിതൃസഹോദരൻ ഷാജിയുടെ ആത്മഹത്യ അന്വേഷിക്കണമെന്നും ആവശ്യം. ഏതാനും വർഷം മുൻപാണ് ഷാജി തറവാട്ടുവീട്ടിൽ തൂങ്ങിമരിച്ചത്. ഈ സമയം നിതീഷും ഇവരോടൊപ്പമാണ് താമസിച്ചിരുന്നത്. മരണത്തിൽ നാട്ടുകാർക്കും പൊലീസിനും സംശയം ഉണ്ടായിരുന്നു. തൂങ്ങിമരിച്ചതിന്റെ ലക്ഷണമില്ലായിരുന്നു. പരാതിക്കാർ ഇല്ലാത്തതിനാൽ കാര്യമായ അന്വേഷണം നടന്നില്ല.

അതിനിടെ ഇരട്ടക്കൊലക്കേസിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. മുഖ്യപ്രതി നിതീഷ് മൊഴി മാറ്റി പറയുന്നത് പൊലീസിന് വെല്ലുവിളിയാണ്. കുഞ്ഞിന്റെ മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്തെന്നായിരുന്നു ആദ്യം നൽകിയ മൊഴി. തൊഴുത്തിൽ പരിശോധന നടത്തി ഒന്നും കണ്ടെത്താതെ വന്നതോടെ മൃതദേഹം ഇവിടെ നിന്ന് മാറ്റിയെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. എന്നാൽ കൂട്ട് പ്രതി വിഷ്ണു ഈ കാര്യം നിഷേധിച്ചു.

പ്രതികളായ നിതീഷും വിഷ്ണുവും മാർച്ച് രണ്ടിന് പുലർച്ചെ കട്ടപ്പന സ്‌കൂൾ കവലയിലെ വർക്ക് ഷോപ്പിൽ മോഷ്ടിക്കാൻ എത്തി. ആളില്ലെന്ന ധാരണയിൽ വിഷ്ണു സ്ഥാപനത്തിന് ഉള്ളിൽ കയറി. നിതീഷ് പുറത്ത് കാവൽനിന്നു. എന്നാൽ, മുൻപ് വർക്ക് ഷോപ്പിൽ മോഷണം നടന്നതിനാൽ ഉടമയുടെ മകൻ ഇവിടെ കാവൽ കിടപ്പുണ്ടായിരുന്നു. മോഷണം തടയാൻ ഇയാൾ വിഷ്ണുവിനെ ഇരുമ്പുവടി കൊണ്ട് കാലിന് അടിച്ചു. നിതീഷ് ഓടി രക്ഷപ്പെട്ടു. പൊലീസെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വീട്ടിൽ പൊലീസെത്തി. വിഷ്ണുവിന്റെ അച്ഛനെവിടെ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു. ബന്ധുക്കളോട് അന്വേഷിച്ചപ്പോൾ വിഷ്ണുവിന്റെ അച്ഛൻ വിജയനെ മാസങ്ങളായി കാണാനില്ലെന്ന് മനസ്സിലായി. വീട്ടിൽ മന്ത്രവാദത്തിനുള്ള സാധനങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തി. നിധീഷിന്റെ നേതൃത്വത്തിൽ ദുർമന്ത്രവാദം നടത്താറുണ്ടെന്ന് പൊലീസിന് മനസ്സിലായി. ഇതോടെയാണ് ചുരുൾ തുറന്നത്.

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകങ്ങൾ നരബലിയെന്നും ആഭിചാരക്രിയകളെന്നും പ്രചരിച്ചെങ്കിലും അത്തരം വാദങ്ങളെല്ലാം പൊലീസ് തള്ളി. മാനഹാനി, തർക്കം തുടങ്ങിയ കാരണങ്ങളാണു കൊലപാതകത്തിനു കാരണമായി പൊലീസ് പറയുന്നത്. കക്കാട്ടുകടയിലെ വാടകവീട്ടിൽ പൂജകൾ നടത്തിയിരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. മൃതദേഹം മറവു ചെയ്തിരുന്ന മുറിയിൽ മറ്റു വസ്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മറ്റു 2 മുറികളിൽ പൂജകൾ ചെയ്യാനായി കറുത്ത പ്ലാസ്റ്റിക് കൊണ്ടു മറച്ച് പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. ജനലുകളെല്ലാം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ചിരുന്നു. ഇതിൽ ഒരു മുറിയിലാണു വിജയന്റെ ഭാര്യ സുമയും മകളും കഴിഞ്ഞിരുന്നത്. വീട്ടിൽ രാത്രിയിൽ പുറത്തുനിന്നുള്ളവർ എത്താറുണ്ടായിരുന്നു എന്ന സമീപവാസികളുടെ മൊഴിയും മന്ത്രവാദ സൂചനകൾ നൽകുന്നതാണ്.

നിതീഷിനു നിയമപ്രകാരം വിവാഹം ചെയ്യാതെ വിജയന്റെ മകളിൽ ഉണ്ടായ ആൺകുഞ്ഞിനെ, അഞ്ചുദിവസം മാത്രമുള്ളപ്പോൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. തർക്കത്തിനിടെയാണു വിജയനെ ഷർട്ടിൽ പിടിച്ച് വലിച്ചു നിലത്തിട്ടശേഷം നിതീഷ് ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ഏഴു മാസത്തോളമായി വിഷ്ണുവും നിതീഷും ഉൾപ്പെടെ ഇവിടെ വാടകയ്ക്കു താമസിക്കുകയാണെങ്കിലും മറ്റാളുകളുമായി യാതൊരുവിധ ബന്ധങ്ങളും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്ന് അയൽവാസി ഉമ്മിക്കുന്നേൽ ജിസ് ഏബ്രഹാം പറയുന്നു.

ആ വീട്ടിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന കാര്യം നാട്ടുകാർ അറിയുന്നത് പൊലീസ് എത്തുമ്പോൾ മാത്രമാണ്. രാത്രിയിലാണു താമസക്കാർ പുറത്തിറങ്ങിയിരുന്നത്. രാത്രിയിൽ സാധനങ്ങൾ വാങ്ങാൻ കടയിൽ പോകാനും മറ്റും മകൻ വിഷ്ണു ഇറങ്ങുമ്പോൾ ആരെങ്കിലും പരിചയപ്പെടാൻ ശ്രമിച്ചാലും ഫോണിൽ നോക്കിക്കൊണ്ടു പോകുകയാണ് ചെയ്തിരുന്നത്-അയൽ വാസികൾ പറയുന്നു.