ഇടുക്കി: മോഷണത്തിന് പിടികൂടപ്പെടുക. കുടുങ്ങിയ പ്രതികൾ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുക. കൊലപ്പെടുത്തിയത് നവജാതശിശുവിനെയും സുഹൃത്തായ വിഷ്ണുവിന്റെ അച്ഛനെയും. അറസ്റ്റിലായത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31), കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു(29) എന്നിവർ. വിഷ്ണുവിന്റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയത്. കട്ടപ്പന ഇരട്ടക്കൊലപാതക കേസ് പ്രതികളിൽ ഒരാളായ നിതീഷിനെ കുറിച്ചാണ് ഇപ്പോൾ കൗതുകകരമായ വിവരം പുറത്തുവന്നത്.

നിതീഷിന്റെ പ്രവൃത്തികളിൽ ദുരൂഹതയുള്ളതായി നാട്ടുകാർ നേരത്തെ ആരോപിച്ചിരുന്നു. ഇയാൾ മോഷ്ടാവാണോ, ജ്യോത്സ്യനാണോ, അതോ, രണ്ടും ചേർന്ന കൊടും ക്രിമിനലാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതെല്ലാം മാറ്റി വച്ചാൽ, ഇപ്പോൾ പുറത്തുവരുന്ന വിവരം ഇയാൾ നോവൽ രചയിതാവ് ആണെന്നാണ്. ഓൺലൈൻ പ്രസിദ്ധീകരണത്തിൽ അരലക്ഷം പേർ വായിച്ച നോവലിന്റെ രചയിതാവ്.

നിതീഷിന്റെ സ്വാധീനത്തിൽ, വിജയന്റെ കുടുംബം അന്ധവിശ്വാസത്തിന് അടിമകളായി മാറിയതോടെയാണ് ജീവിതം തകർന്നതും, കട്ടപ്പന ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെന്നും വ്യക്തമായിരുന്നു. 2016ലാണ് നിതീഷിനും വിഷ്ണുവിന്റെ സഹോദരിക്കും ജനിച്ച നവജാത ശിശുവിനെ ഇവർ കൊലപ്പെടുത്തിയത്. കുട്ടിയുണ്ടായതിന്റെ നാണക്കേട് മറയ്ക്കാനായിരുന്നു ഇത്. കൊല്ലപ്പെട്ട വിജയൻ കുഞ്ഞിനെ നിതീഷിന് നൽകിയെന്നും തുടർന്ന് നിതീഷ് കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് മൊഴി. കൊന്ന ശേഷം അക്കാലത്ത് താമസിച്ച വീടിന്റെ സമീപമുള്ള തൊഴുത്തിൽ കുഴിച്ചിട്ടു. 2023ലാണ് വിജയനെ കൊലപ്പെടുത്തിയത്.

പഠനകാലത്തൊക്കെ നാട്ടുകാരോടു നല്ല രീതിയിൽ സൗഹൃദം പ്രകടിപ്പിച്ചിരുന്ന വിജയന്റെ മകൾ പിന്നീട് ഇവരിൽ പലരും വീട്ടിലെത്തിയാൽപ്പോലും മുറിയിൽനിന്നു പുറത്തിറങ്ങിയിരുന്നില്ല. നിതീഷിന്റെ വരവോടെ ആളാകെ മാറുകയായിരുന്നു. വിജയന്റെ മകളെ വർഷങ്ങളോളം വീട്ടിൽ നിന്നും പുറത്തിറക്കാതെ ഒളിപ്പിച്ച് പാർപ്പിക്കുകയായിരുന്നു. ഒടുവിൽ രണ്ടാഴ്ച മുമ്പ് നിതീഷും വിഷ്ണുവും മോഷണ കേസിൽ അറസ്റ്റിലാകുമ്പോഴാണ് വീടിനുള്ളിലെ മുറിയിൽ പൂട്ടിയിട്ടിരുന്ന യുവതി പുറം ലോകം കാണുന്നത്. വിജയന്റെ കുടുംബത്തിൽ നിതീഷ് കാട്ടിക്കൂട്ടിയത് ഇയാൾ എഴുതിയ 'മഹാമാന്ത്രികം' എന്ന് ദുർമന്ത്രവാദ കഥ പറയുന്ന നോവലിലെ സംഭവങ്ങൾക്ക് സമാനമാണ്.

കൊലപാതകത്തിന് വർഷങ്ങൾക്ക് മുമ്പേ പ്രതി എഴുതി പ്രസിദ്ധീകരിച്ച ഓൺലൈൻ നോവലിൽ ആഭിചാര ക്രിയകളിലൂടെ ബുദ്ധിഭ്രമത്തിനടിപ്പെടുത്തി ഒരു പെൺകുട്ടിയെ അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ദുർമന്ത്രവാദിയുടെ കഥയാണ്.

'രാത്രിയുടെ മൂന്നാം യാമം ആരംഭിച്ചു, നന്മയ്ക്കും തിന്മയ്ക്കും തുല്യതയുള്ള മുഹുർത്തം'-ഇങ്ങനെയാണ് മഹാമാന്ത്രികം നോവൽ തുടങ്ങുന്നത്. ഇക്കാലമത്രയും പുറംലോകം കാണാതെ കഴിഞ്ഞ യുവതി ഇപ്പോൾ മാനസിക വെല്ലുവിളി നേരിടുകയാണ്. 'മഹാമാന്ത്രികം' എന്ന പേരിൽ പ്രസിദ്ധികരിച്ച നോവലിൽ അടിമുടി ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമൊക്കൊയാണ് കഥ. ആറ് അദ്ധ്യായങ്ങൾ മാത്രം എഴുതി, തുടരും.... എന്ന് കാട്ടി അവസാനിപ്പിച്ച നോവലിലെ നായികയെ കുറിച്ച് നോവലിൽ പറയുന്നത് ഇങ്ങനെയാണ് 'ഒരു നിഷ്‌കളങ്ക പെൺകുട്ടിയെ കളങ്കിതയാക്കി ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ദുർമന്ത്രവാദിയും അയാൾക്കെതിരെ പ്രവർത്തിച്ച് പെൺകുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിന്റെ ഇതിവൃത്തം.

നിതീഷ് പിആർ എന്ന പേരിൽ ഒരു ഓൺലെൻ സൈറ്റിൽ എഴുതി പ്രസിദ്ധീകരിച്ച നോവൽ അര ലക്ഷത്തോളം ആളുകൾ വായിച്ചതായി കാണിക്കുന്നു. ഫോളോവേഴ്‌സ് മാത്രം 2200 പേരുണ്ട്. 2018ൽ പുറത്തിറക്കിയ നോവലിന്റെ ആറ് അധ്യായങ്ങൾ മാത്രമാണ് ഇതുവരെ പ്രസിദ്ധീകരിച്ചത്. പിന്നീട് ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും നോവൽ പൂർത്തിയാക്കിയിട്ടില്ല. ഇതിന്റെ ബാക്കി കഥ അന്വേഷിച്ചും എഴുത്തുകാരനെ അഭിനന്ദിച്ചും നിരവധി വായനക്കാരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ദൃശ്യം സിനിമ മോഡലിൽ കബളിപ്പിക്കാൻ ശ്രമം

കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ വിജയന്റേതെന്ന് കരുതുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയിരുന്നു. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും, പാന്റ്സ്, ബാൽറ്റ് എന്നിവയും കണ്ടെടുത്തു. വിജയനെ കൊന്ന് കുഴിച്ചിട്ടു എന്ന് പ്രതി നിതീഷ് മൊഴി നൽകിയിരുന്നു.കാഞ്ചിയാറിലെ വീടിന്റെ തറ കുഴിച്ച് പരിശോധിച്ചപ്പോഴാണ് വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വിജയനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് സമ്മതിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി വിഷ്ണു, വിജയന്റെ മകനാണ്. നിതീഷിന്റെ സുഹൃത്താണ് വിഷ്ണു . ഇയാളും മാതാവ് സുമയും കേസിലെ പ്രതികളാണ്. നവജാത ശിശുവിനെ കൊലപ്പെടുത്തിയതും നിതീഷ് തന്നെയാണ്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളിൽ കുഴിച്ചുമൂടുകയായിരുന്നു.

ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പൊലീസ് സ്റ്റേഷന്റെ തറയിലാണ് മറവു ചെയ്തതെങ്കിൽ ഇവിടെ മറവു ചെയ്തത് താമസിച്ചിരുന്ന വീടിന്റെ തറയിലാണെന്നതാണ്. പിന്നീട് സുഹൃത്ത് വിഷ്ണു പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാൻ ബസ് ടിക്കറ്റ് കാണിക്കലും തിരിച്ചും മറിച്ചും നുണപറച്ചിലുമൊക്കെ നടത്തിയ ശേഷമാണ് നിതീഷ് പിടിയിലാവുന്നത്.

2016ലാണ് നിതീഷിനും വിഷ്ണുവിന്റെ സഹോദരിക്കും ജനിച്ച നവജാത ശിശുവിനെ ഇവർ കൊലപ്പെടുത്തിയത്.കുട്ടിയുണ്ടായതിന്റെ നാണക്കേട് മറയ്ക്കാനായിരുന്നു ഇത്. കൊല്ലപ്പെട്ട വിജയൻ കുഞ്ഞിനെ നിതീഷിന് നൽകിയെന്നും തുടർന്ന് നിതീഷ് കുഞ്ഞിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് മൊഴി.കൊന്ന ശേഷം അക്കാലത്ത് താമസിച്ച വീടിന്റെ സമീപമുള്ള തൊഴുത്തിൽ കുഴിച്ചിട്ടു.

വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളുണ്ട്.നിതീഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, വിഷ്ണു എന്നിവരാണ് പ്രതികൾ.