- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്വിമ്മിങ് പൂൾ മരണത്തിൽ ദുരൂഹത മാത്രം; ജോയ്സ് എബ്രഹാമിന്റേത് ആത്മഹത്യയോ?
കട്ടപ്പന: സ്വകാര്യ ഫാമിലെ സ്വിമ്മിങ് പൂളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന നിലപാടിലേക്ക് പൊലീസ്. ആത്മഹത്യയെന്നാണ് നിഗമനം. വാഴവര മോർപ്പാളയിൽ എം.ജെ.ഏബ്രഹാമിന്റെ ഭാര്യ ജോയ്സ് ഏബ്രഹാമിന്റെ (52) മരണത്തിലാണ് ആത്മഹത്യാ വാദം എത്തുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ജോയ്സിന്റെ ബന്ധുക്കൾ രംഗത്തു വന്നിരുന്നു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് കണ്ടെത്തൽ.
ഡിസംബർ ഒന്നിന് ഉച്ചകഴിഞ്ഞാണു ഏബ്രഹാമിന്റെ സഹോദരൻ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ സ്വിമ്മിങ് പൂളിൽ ജോയ്സിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മകനൊപ്പം കാനഡയിലായിരുന്ന ജോയ്സും ഭർത്താവും നാട്ടിലെത്തിയശേഷം ഷിബുവിനും കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു മരണം. വീടിന്റെ അടുക്കളയിൽ തീപിടിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഡീസലിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. അവിടെ നിന്ന് 25 മീറ്ററോളം അകലെയുള്ള സ്വിമ്മിങ് പൂളിലാണു മൃതദേഹം കണ്ടത്.
കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ തങ്കമണി പൊലീസ് നടത്തിയ അന്വേഷണത്തിലാണു മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചത്. ശരീരത്തിൽ 76 ശതമാനം പൊള്ളലേറ്റിരുന്നെന്നാണ് കണ്ടെത്തൽ. അതേസമയം അടുക്കളയിൽ വച്ച് പൊള്ളലേറ്റ ജോയ്സ് അവിടെ നിന്നിറങ്ങി ഏതാനും മീറ്റർ അകലെയുള്ള സ്വിമ്മിങ് പൂളിൽ എത്തിയത് എങ്ങനെയെന്നതു സംബന്ധിച്ച് അവ്യക്തത ഉണ്ടായിരുന്നു.
പാചക വാതകവും ഡീസലുമാണ് പൊള്ളലേൽക്കാൻ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പാചകവാതക സിലിണ്ടറിന്റെ കണക്ഷൻ സ്റ്റൗവിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു. മുറിയിൽ ഉണ്ടായിരുന്ന തടി അലമാരയ്ക്കും മറ്റും തീപിടിച്ച് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മകനൊപ്പം കാനഡയിലായിരുന്ന ജോയ്സും ഭർത്താവും ഏതാനും മാസം മുൻപാണ് നാട്ടിലെത്തിയത്. ഇവരുടെ വീട് പാട്ടത്തിനു നൽകിയിരിക്കുന്നതിനാൽ ഏബ്രഹാമിന്റെ സഹോദരൻ ഷിബു താമസിക്കുന്ന തറവാട്ടു വീട്ടിൽ താമസിച്ചു വരികയുമായിരുന്നു.
ഫാം സന്ദർശിക്കാൻ എത്തിയവർക്കൊപ്പം ഷിബുവിന്റെ ഭാര്യ വീടിനു പുറത്തേക്കു പോയ സമയത്താണ് സംഭവമെന്നാണ് മൊഴി. വീടിനും പൂളിനും മധ്യേയുള്ള ഭാഗങ്ങളിൽ വസ്ത്രങ്ങളുടെയും കത്തിയ വസ്ത്രത്തിന്റെയും മറ്റും ഭാഗങ്ങൾ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നും സൂചനകളെത്തി. സംഭവത്തിനുശേഷം ഈ മേഖലയിൽ ശക്തമായ മഴ പെയ്തിരുന്നു.
ജോയ്സിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും വ്യക്തമാക്കി സഹോദരൻ കൊല്ലിയിൽ തങ്കച്ചൻ പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ടര മാസം മുൻപാണ് ജോയ്സും ഭർത്താവ് ഏബ്രഹാമും കാനഡയിൽ നിന്ന് വന്നതെന്ന് തങ്കച്ചൻ പറഞ്ഞിരുന്നു. ഏബ്രഹാമിന്റെ സഹോദരന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ ഇവർ നൽകിയ തുക തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് ആരോപണം.
വീട്ടിൽ നിന്ന് 25 മീറ്ററോളം ദൂരെയാണ് സ്വിമ്മിങ് പൂൾ. പൂളിലേക്കുള്ള വാതിൽ അടച്ചിടുകയാണ് പതിവ്. കാണാൻ ആളുകൾ വരുമ്പോൾ പാസ് എടുത്തശേഷമാണ് തുറന്നു നൽകുന്നത്. ശരീരത്തിൽ തീപിടിച്ചയാൾ ഈ വാതിൽ തുറന്ന് അകത്തുകയറി പൂളിൽ ചാടിയെന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. അതിനാലാണ് കൊലപാതകമാണെന്ന് സംശയിക്കുന്നതെന്നും തങ്കച്ചൻ പറഞ്ഞിരുന്നു.