- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കട്ടപ്പന ഇരട്ടകൊലപാതകം: വീടിന്റെ തറ കുഴിച്ചപ്പോൾ മൂന്ന് മടങ്ങായി മൃതദേഹം കണ്ടെത്തി
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛൻ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്. പ്രതി മൊഴി നൽകിയത്് വിജയന്റേതാണ് മൃതദേഹം എന്നാണ്. പ്രതി നിതീഷുമായുള്ള തെളിവെടുപ്പിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തിരുന്നു. തുടർന്ന് ഫോറൻസിക് സർജൻ സ്ഥലത്തെത്തിയതോടെ തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു.
കാർഡ്‌ബോർഡ് പെട്ടിയിൽ മൂന്നായി മടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളുമാണു പരിശോധനയിൽ കണ്ടെത്തിയത്. പാന്റ്, ഷർട്ട്, ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. തറയിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തതായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. "നാലടി താഴ്ചയിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് തയാറാക്കും. ഒരു കാർഡ്‌ബോർഡ് കൂടിനകത്ത് മൂന്നായി മടങ്ങി പാന്റും ഷർട്ടും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാർഡ്‌ബോർഡ് സെല്ലോടേപ്പ് വച്ച് ഒട്ടിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അസ്ഥിമാത്രമാണുള്ളത്." അദ്ദേഹം പറഞ്ഞു.
മോഷണക്കേസിൽ പിടിയിലായ നെല്ലാനിക്കൽ വിഷ്ണു വിജയൻ(27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ്(രാജേഷ്-31) എന്നിവർ താമസിച്ചിരുന്ന കാഞ്ചിയാർ കക്കാട്ടുകടയിൽ വാടക വീടിന്റെ ഹാളിലെ തറ പൊളിച്ചാണ് മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുവെന്ന് കരുതുന്ന സാഗര ജങ്ഷനിലെ വീട്ടിലേക്ക് പ്രതിയുമായി പോയി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. മോഷണത്തിന് പിടികൂടിയ പ്രതികൾ മുമ്പ് ഇരട്ടക്കൊലപാതകം നടത്തിയിരുന്നുവെന്ന് കണ്ടെത്തുന്നത് പൊലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ്.
നവജാതശിശുവിനെയും പ്രായമായ ആളെയും കൊലപ്പെടുത്തിയെന്ന് പ്രതികളിലൊരാളായ പുത്തൻപുരയ്ക്കൽ നിതീഷാണ് (രാജേഷ്-31) കുറ്റസമ്മതം നടത്തിയത്. മറ്റൊരു പ്രതിയായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു(29)വിന്റെ അച്ഛൻ വിജയനെയും സഹോദരിയുടെ കുഞ്ഞിനെയുമാണ് ഇവർ കൊലപ്പെടുത്തിയത്.
പ്രതിയായ വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ, അയാളുടെ സഹോദരിയോട് അച്ഛനെവിടെയെന്ന് ചോദിച്ചിരുന്നു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടർന്ന് പ്രതികളെ ചോദ്യംചെയ്തപ്പോഴും മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി. പൊലീസ് രഹസ്യാന്വേഷണവിഭാഗം ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. വിജയനെ കഴിഞ്ഞ ഓണംമുതൽ കാണാതായെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കളിൽ ചിലർ പറഞ്ഞു.
2023 ഓഗസ്റ്റിലാണ് കാഞ്ചിയാർ കക്കാട്ടുകടയിൽ വാടകവീട്ടിൽ വച്ച് വിജയനെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെ ഹാളിൽവെച്ച് വിജയനെ തള്ളി നിലത്തിട്ടശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നെന്നാണ് എഫ്.ഐ.ആർ. ഭാര്യ സുമയുടെയും മകൻ വിഷ്ണുവിന്റെയും സഹായത്തോടെ മുറിയുടെ തറ തുരന്ന് വിജയന്റെമൃതദേഹം കുഴിച്ചുമൂടിയെന്നും നിതീഷ് സമ്മതിച്ചു.
2016 ജൂലായിലാണ് വിഷ്ണുവിന്റെ സഹോദരിയും നിതീഷും തമ്മിലുള്ള ബന്ധത്തിൽ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയത്. ദുരഭിമാനത്തിന്റെ പേരിലാണ് നിതീഷും വിഷ്ണുവും കൊല്ലപ്പെട്ട വിജയനും ചേർന്ന് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കേസിൽ നിതീഷ് ഒന്നാംപ്രതിയും വിജയനും വിഷ്ണുവും രണ്ടും മൂന്നും പ്രതികളാണ്.
വിജയന്റെ കൊലപാതകത്തിൽ അയാളുടെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവർക്കും പങ്കുണ്ടെന്നാണു പൊലീസ് പറയുന്നത്. വിജയനെ വീട്ടിലെ ഹാളിൽ വച്ച് ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം ഭാര്യയുടെയും മകന്റെയും സഹായത്തോടെ പ്രതി നിതീഷ്, മൃതദേഹം വീടിന്റെ തറയിൽ കുഴിച്ചുമൂടിയെന്നാണു റിപ്പോർട്ട്. 2016ലാണ് വിജയന്റെ മകളുടെയും നിതീഷിന്റെയും കുഞ്ഞിനെ ഇവർ കൊലപ്പെടുത്തുന്നത്. അവിവാഹിതയായ യുവതി അമ്മയാകുന്നതിന്റെ നാണക്കേട് ഭയന്നായിരുന്നു കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കുഞ്ഞിനെ തൊഴുത്തിൽ കുഴിച്ചുമൂടി.