കൊല്ലം: തുണി മടക്കിവെയ്ക്കാൻ വൈകിയെന്നാരോപിച്ച് കൊല്ലത്ത് പത്ത് വയസ്സുകാരിയെ ക്രൂരമായി മർദിച്ച് തോളെല്ലൊടിച്ച അച്ഛന്റെ നടപടിയിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മകളെ മർദിച്ചത്. ആ കേസിലെ സാക്ഷിയാണ് പത്തുവയസുകാരിയായ മകൾ. അതിന്റെ വൈരാഗ്യമാണോ മർദനത്തിന് കാരണമെന്ന സംശയം പൊലീസിനുണ്ട്.

കൊല്ലം കുണ്ടറയിലാണ് സംഭവം. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാൾ കുട്ടിയെ ക്രൂരമായി മർദിച്ചത്. കേരളപുരം സ്വദേശിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്യും. കൊലക്കേസിൽ ജാമ്യത്തിലാണ്. ആ ജാമ്യവും റദ്ദാക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. അതിക്രൂരമർദ്ദനമാണ് കുട്ടിക്കെതിരെയുണ്ടായത്.

രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി ഇയാൾ മദ്യപിക്കുന്നതിനിടെ, കട്ടിലിൽ കിടന്നിരുന്ന തുണി മടക്കിവെയ്ക്കാൻ മകളോട് ആവശ്യപ്പെട്ടു. തുണിമടക്കിവെയ്ക്കാൻ വൈകിയെന്ന് പറഞ്ഞായിരുന്നു ക്രൂരമർദനം. കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞിട്ടുണ്ട്. കഴുത്തിന്റെ ഭാഗങ്ങളിലും മുറിവേറ്റ പാടുകളുണ്ട്. തലയും മുഖവും വാതിലിൽ ഇടിച്ചുവെന്നും തോളിൽ ചവിട്ടിയെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്താണ് ക്രൂരമർദനം. സംഭവസമയം കുട്ടിയും അനിയത്തിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീണതിനെ തുടർന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിൽ കാണിച്ച് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് തന്നെ അച്ഛൻ മർദിച്ചതാണെന്ന് കുട്ടി അമ്മയോട് പറയുന്നത്. ഇതോടെ അമ്മ പൊലീസിൽ പരാതിയും നൽകി.

തല പല പ്രാവശ്യം വാതിലിൽ ഇടിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. കാലിൽ പിടിച്ച് തറയിലേക്ക് എറിഞ്ഞുവെന്നും കുട്ടി പറയുന്നു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുട്ടി വീട്ടിൽ വിശ്രമത്തിലാണ്.