തൃശൂർ: ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേൽപ്പിച്ചു. വീട്ടിലെ വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിനു കാരണം. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് (79) വെട്ടേറ്റത്. ശ്രീകുമാർ ലഹരിയിലാണു മുത്തച്ഛനെ ആക്രമിച്ചതെന്നാണു സൂചന.

വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ശ്രീകുമാർ വീട്ടിലെ കത്തി ഉപയോഗിച്ച് കേശവനെ ആക്രമിക്കുകയായിരുന്നു്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന കേശവന്റെ ആരോഗ്യനില ഗുരുതരമാണ്. ശ്രീകുമാർ തന്നെയാണ് കേശവനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമ കേസിൽ പ്രതിയാണ് ശ്രീകുമാർ.

ഇന്നലെ രാത്രിയായിരുന്നു സംഭവം. തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി. സംഭവം അറിഞ്ഞ് ആശുപത്രിയിലെത്തിയ ഇരിങ്ങാലക്കുടയിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശ്രീജിത്ത് പ്രതിയായ ശ്രീകുമാറിനെ തടഞ്ഞു വെയ്ക്കുകയും പിന്നീട് സ്ഥലത്തെത്തിയ കാട്ടൂർ പൊലീസിന് കൈമാറുകയും ചെയ്തു. ശ്രീകുമാർ ലഹരിക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു.