തിരുവനന്തപുരം: ചാക്കയിലെ നാടോടി കുടുംബത്തിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഇന്ന് രാവിലെ കൊല്ലത്തു നിന്നുമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. കുഞ്ഞിനെ നേരത്തെ തട്ടിക്കൊണ്ടു പോയതിന് ശേഷം 20 മണിക്കൂർ കഴിഞ്ഞ് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഓടയിൽ നിന്നും കണ്ടെത്തിയിരുന്നു. കുഞ്ഞിനെ ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശയായ നിലയിലാണ് കണ്ടെത്തിയയത്. ഈ കേസിൽ കുഞ്ഞിനെ കിട്ടിയെങ്കിലും തട്ടിക്കൊണ്ടു പോയത് ആരെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ് അന്വേഷണം തുടരുകയായിരുന്നു. ഈ അന്വേഷണത്തിന് ഒടുവിൽ രണ്ടാഴ്‌ച്ചക്ക് ശേഷമാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

കഴിഞ്ഞ മാസം ഫെബ്രുവരി 18ന് അർധരാത്രി മുതളാണ് കുഞ്ഞിനെ കാണാതായത്. ഒരു സ്‌കൂട്ടറിലെത്തിയ രണ്ടുപേർ കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്ന, ആറു വയസ്സുള്ള സഹോദരൻ പറഞ്ഞ വിവരം മാത്രമേ പകൽ മുഴുവൻ പൊലീസിനുണ്ടായിരുന്നുള്ളൂ. ചാക്ക-ഓൾസെയ്ന്റ്സ് റോഡുവക്കിലെ ഒഴിഞ്ഞ പറമ്പിൽ തമ്പടിച്ചായിരുന്നു തെലുങ്കാന സ്വദേശികളായ നാടോടി ദമ്പതിമാർ നാലു മക്കൾക്കൊപ്പം ഉറങ്ങിയത്.

റെയിൽപ്പാളത്തിനും റോഡിനുമിടയിലെ ഈ തുറസ്സായ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നുറങ്ങിയത്. ടാർപ്പോളിനും വിരിപ്പുകളും വിരിച്ച നിലത്ത്് ചെറിയ കൊതുകുവലയ്ക്കുള്ളിലാണ് രണ്ടു വയസ്സുകാരിയെ ഉറങ്ങിക്കിടന്നത്. കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് അച്ഛൻ തിങ്കളാഴ്ച രണ്ടുമണിയോടെ പേട്ട പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. അപ്പോൾ മുതൽ പൊലീസ് തിരച്ചിൽ ആരംഭിച്ചു.

തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന പിതാവും കുടുംബവും വർഷത്തിൽ രണ്ടു മാസമാണ് കേരളത്തിലെത്തുന്നത്. 15 വർഷത്തോളമായി കേരളത്തിൽ വന്നുപോകാറുള്ള ഇവർ രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരത്തെത്തിയത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ പൊന്തക്കാട്ടിൽനിന്നാണ് രാത്രി എട്ടോടെ കുഞ്ഞിനെ കണ്ടെത്തിയത്. ട്രാക്കിനു സമീപത്ത് വെള്ളമൊഴുകാത്ത ഓടയ്ക്കുള്ളിൽനിന്നാണ് കുഞ്ഞിനെ പൊലീസ് കണ്ടെടുത്തത്.ഇവിടം പൊന്തക്കാടാണ്. ഈ ഭാഗത്ത് ആൾത്താമസമില്ലെങ്കിലും എതിർഭാഗത്ത് വീടുകളുണ്ട്. കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നപ്പോൾത്തന്നെ ഇവിടെ പലതവണ പരിശോധന നടത്തിയതാണെന്ന് നാട്ടുകാർ പറയുന്നു.

കൊച്ചുവേളിയിലെ റെയിൽപ്പാളത്തിനു സമീപത്തെ ഓടയിൽനിന്നാണ് കുഞ്ഞിനെ പൊലീസ് കണ്ടെത്തിയത്. പലതവണ നാട്ടുകാരും പൊലീസുമെല്ലാം പരിശോധന നടത്തിയ സ്ഥലത്തുനിന്നാണ് അപ്രതീക്ഷിതമായി പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായ സ്ഥലവും കണ്ടെത്തിയ സ്ഥലവും തമ്മിൽ കഷ്ടിച്ച് അര കിലോമീറ്റർ ദൂരമേയുള്ളൂ.

പൊലീസ് പല ഭാഗമായി തിരിഞ്ഞ് പരിശോധന നടത്തുന്നതിനിടയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. മണ്ണന്തല പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെ കാട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സംഘം കുഞ്ഞുമായി ഓടിവരുന്നതാണു കണ്ടതെന്ന് സമീപവാസികൾ പറയുന്നു.

തട്ടിക്കൊണ്ടുപോയവർ പത്തൊൻപത് മണിക്കൂർ കുഞ്ഞിന് ആഹാരമോ വെള്ളമോ നൽകിയില്ല. ഈ വിവരം ആശുപത്രി അധികൃതരെ കുഞ്ഞ് അറിയിച്ചു. ഇപ്പോൾ ആരോഗ്യവതിയാണ്. ദേഹോപദ്രം ഏൽപ്പിച്ചതിന്റെ ലക്ഷണമൊന്നും കാണാനില്ലെന്നാണ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നിന്നും വ്യക്തമായത്. തുടർന്ന് എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കുട്ടിയെ തിരികെക്കിട്ടിയ ശേഷം ഉയരുന്ന പ്രധാന ചോദ്യം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഭിക്ഷാടന മാഫിയയാവാം എന്നതായിരുന്നു തുടക്കംമുതൽ പൊലീസിന്റെ നിഗമനം. കുഞ്ഞുങ്ങളെ വളർത്താനോ വില്പനയ്ക്കോ വേണ്ടി തട്ടിയെടുത്തതാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളഞ്ഞില്ല. ഇതോടെ പൊലീ്‌സ് അന്വേഷണം തുടരുകയായിരുന്നു.

കുഞ്ഞ് സ്വയം നടന്നുപോകാൻ സാധ്യതയില്ലെന്നും ആരോ ഉപേക്ഷിച്ചതായിരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അന്ന് വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിരുന്നു. തുടർന്ന് പലവഴികളിലൂടെ അന്വേഷണം നടത്തിയ ശേഷമാണ് പ്രതിയെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്. പ്രതി മലയാളിയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. സംഭവത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കാൻ വേണ്ടി ആറ് മണിക്ക് പൊലീസ് വാർ്ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.