- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിശ്ചയത്തിന് ഇടാനായി വാങ്ങിച്ച വസ്ത്രമാണ് എന്റെ കുഞ്ഞ്.. ഇതിന്റെ ടാഗ് പോലും പൊട്ടിച്ചിട്ടില്ല; മകന്റെ സ്വപ്നങ്ങളെല്ലാം തകർത്തു.. എന്റെ കുഞ്ഞുങ്ങൾ രണ്ടും ജയിലിൽ കിടന്നു'; കണ്ണീരോടെ കിളികൊല്ലൂർ പൊലീസ് കള്ളക്കേസിൽ കുടുങ്ങിയ യുവാക്കളുടെ മാതാവ്; സ്റ്റേഷനിൽ നടന്നത് ക്രൂരമായ മൂന്നാംമുറ; കുറ്റക്കാരായ പൊലീസുകാർക്ക് സസ്‌പെൻഷൻ പോലുമില്ല
കൊല്ലം: നിരപരാധികളായ രണ്ട് യുവാക്കളെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുക്കിയതിൽ കടുത്ത അമർഷം. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനും ഡിവൈഎഫ്ഐ. പ്രവർത്തകനായ സഹോദരനുമാണ് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. ജിഷ്ണുവിന്റേയും വിഘ്‌നേഷിനും മർദ്ദനമേറ്റ സംഭവത്തിൽ ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുള്ള വീഴ്‌ച്ച പകൽപോലെ തെളിഞ്ഞിട്ടും എസ്‌ഐയെയും രണ്ട് പൊലീസുകാരെയും സ്ഥലം മാറ്റുക മാത്രമാണ് ഉണ്ടായത്. സസ്‌പെൻഷൻ പോലും ഇവർക്ക് നൽകിയിട്ടില്ല. ക്രൂരമർദ്ദനം നടത്തിയ പൊലീസുകാർക്കെതിരെ കൂടുതൽ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.
സൈനികനേയും സഹോദരനേയും പൊലീസുകാർ ക്രൂരമർദനത്തിനിരയാക്കിയതായാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നിട്ടും കടുത്ത നടപടികൾ ഇവർക്കെതിരെ നൽകിയില്ല. ഇത് നാട്ടുകാരുടെ രോഷത്തിനും ഇടയാക്കിയിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് യുവാക്കളിൽ ഒരാളുടെ വിവാഹം മുടങ്ങുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം ഇവരുടെ മാതാവ് കണ്ണീരോടെയാണ് വിവരിക്കുന്നതും. 'നിശ്ചയത്തിന് ഇടാനായി വാങ്ങിച്ച വസ്ത്രമാണ് എന്റെ കുഞ്ഞ്. ഇതിന്റെ ടാഗ് പോലും പൊട്ടിച്ചിട്ടില്ല. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട വാർത്തകൾ വന്നതോടെ ആ കുട്ടിയുടെ അച്ഛൻ വിളിച്ചുപറഞ്ഞു ഈ ബന്ധം തുടരാൻ താത്പര്യമില്ലെന്ന്. അവന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു. എന്റെ കുഞ്ഞുങ്ങൾ രണ്ടും ജയിലിൽ കിടന്നു. ഞാൻ മാത്രമേയുള്ളൂ ഈ വീട്ടിൽ'-ജിഷ്ണുവിന്റേയും വിഘ്‌നേഷിന്റേയും അമ്മ പറയുന്നു.
കള്ളക്കേസ് ഉണ്ടാക്കിയാണ് സൈനികനേയും സഹോദരനേയും ജയിലിൽ അടച്ചത്. എസ്‌ഐയുടെ നേതൃത്വത്തിൽ തങ്ങളെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതിക്കാരൻ വിഘ്‌നേഷും പറഞ്ഞിരുന്നു. കേസിനെത്തുടർന്ന് സൈനികനായ വിഷ്ണുവിന്റെ വിവാഹവും മുടങ്ങിയിരുന്നു. മകന്റെ എല്ലാ സ്വപ്നങ്ങളും തല്ലിച്ചതച്ചെന്ന് അമ്മ പറഞ്ഞു. ഓഗസ്റ്റ് 26-ാം തീയതിയായിരുന്നു കിളിക്കല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ച സൈനികനും സഹോദരനും അറസ്റ്റിലായി എന്ന വിധത്തിൽ വ്യാജമായി പരാതി ഉണ്ടാക്കുകയാണ് ചെയ്തത്.
എംഡിഎംഎ കേസിലെ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ട് എന്നായിരുന്നു വാർത്ത. ഈ വാർത്ത എല്ലാ മാധ്യമങ്ങളും നൽകുകയും ചെയ്തിരുന്നു. ഈ കേസിലാണ് പിന്നീട് വഴിത്തിരിവുണ്ടായത്. രണ്ട് യുവാക്കളെ കള്ളക്കേസിൽ കുടുക്കി അവരുടെ ജീവിതം തകർക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
'എംഡിഎംഎ കേസിലെ പ്രതികളെ ഇറക്കാൻചെന്നു എന്നാണ് പറഞ്ഞു പരത്തിയത്. അങ്ങനെയല്ല, എം.ഡി.എം.എ. കേസിലെ പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്തത് ഇരയായ മറ്റൊരാളെ ഉപയോഗിച്ചാണ്. പൊലീസുകാരനായ മണികണ്ഠന്റെ അയൽക്കാരനായ അനന്തുവാണ് ആ ഇര. മണികണ്ഠന് ഇയാളെ ഇറക്കാനുള്ള താത്പര്യത്തിന്റെ പുറത്താണ് എന്നെ വിളിച്ചത്. അവിടെ ചെല്ലുമ്പോൾ എന്റെ ജാമ്യത്തിൽ വിടാം എന്നാണ് പറഞ്ഞത്. കേസൊന്നുമില്ല, നമ്മുടെ അനന്തുവല്ലേ എന്നാണ് അയാൾ പറഞ്ഞത്. പക്ഷേ, സംഭവം എം.ഡി.എംഎ കേസായതിനാൽ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഞാൻ ഡിവൈഎഫ്ഐയിൽ പ്രവർത്തിക്കുന്നയാളാണ്. മാത്രമല്ല, പി.എസ്.സി. റാങ്ക് ലിസ്റ്റിലും പേരുണ്ട്. അതുകൊണ്ട് അവിടെനിന്ന് ഇറങ്ങി.
തിരിച്ചുവരാൻ വണ്ടിയെടുക്കാൻ തുടങ്ങുമ്പോൾ ഒരു സ്ത്രീ തലകറങ്ങി വീഴുന്നത് കണ്ട് അവരെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് സാധാരണവേഷത്തിൽ എഎസ്ഐ. പ്രകാശ് ചന്ദ്രൻ അവിടെ എത്തുന്നത്. മദ്യലഹരിയിൽ അയാൾ തർക്കമുണ്ടാക്കി. ആർക്കും പരാതിയില്ലല്ലോ എന്ന് ചോദിച്ചപ്പോൾ നീ എന്നെ നിയമം പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് മുഖത്തടിക്കുകയായിരുന്നു. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഒരുമനുഷ്യനും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഒരാളും ദ്രോഹിക്കപ്പെടരുത്', വിഘ്‌നേഷ് പറഞ്ഞു.
സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. വിഷ്ണുവിന്റെ സഹോദരനായ വിഘ്നേഷ് പ്രാദേശിക ഡിവൈഎഫ്ഐ. നേതാവാണ്. കിളികൊല്ലൂർ സ്റ്റേഷനിൽ എം.ഡി.എം.എ.യുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് പൊലീസുകാരൻ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യംനിൽക്കാൻ തയ്യാറായില്ല. തുടർന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ, സഹോദരൻ സ്റ്റേഷനിലേക്ക് പോയ വിവരമറിഞ്ഞ് വിഷ്ണുവും ഇവിടേക്കെത്തി. തുടർന്നാണ് രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.
എം.ഡി.എം.എ. കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പൊലീസിനെ ആക്രമിച്ചെന്നും എഎസ്ഐ.യെ പരിക്കേൽപ്പിച്ചെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. ഇക്കാര്യം വിശദമാക്കിയുള്ള പത്രക്കുറിപ്പും പൊലീസ് പുറത്തിറക്കിയിരുന്നു. മാധ്യമങ്ങളിൽ വാർത്തയും വന്നു. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ 12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലിൽ കഴിയേണ്ടിവന്നത്.
സഹോദരങ്ങളുടെ പരാതിയിൽ പൊലീസ് ആഭ്യന്തര അന്വേഷണം നടത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കിളികൊല്ലൂർ സ്റ്റേഷനിലെ പൊലീസുകാർ സഹോദരങ്ങളെ ക്രൂരമായി മർദിച്ചെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു. തുടർന്നാണ് എസ്‌ഐ. ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റിയത്. കേസിൽ 12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്നേഷിനും ജയിലിൽ കഴിയേണ്ടിവന്നത്.
ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു. സ്റ്റേഷനിൽ നടന്നത് മൂന്നാം മുറയാണെന്ന് വിഘ്‌നേഷ് പറഞ്ഞു.സ്റ്റേഷനിൽ നടന്നത് ക്രൂരമായ പീഡനമാണെന്ന് ബോധ്യമാകുന്നതാണ് ഇവരുടെ ശരീരത്തെ പാടുകൾ. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ