കൊല്ലം: കൊല്ലം സിറ്റി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സഹോദരങ്ങൾക്ക് പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു. സൈനികനായ വിഷ്ണു, സഹോദരൻ വിഘ്‌നേഷ് എന്നിവർക്കാണ് കിളികൊല്ലൂർ പൊലീസിൽനിന്ന് ക്രൂര മർദനമേറ്റത്. കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ്.കെ, സബ് ഇൻസ്‌പെക്ടർ അനീഷ്.എ.പി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രകാശ് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ മണികണ്ഠൻ പിള്ള എന്നിവർക്കാണ് സസ്‌പെൻഷൻ. ഇവരുടെ ഇടപെടലാണ് മൂന്നാം മുറയിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്ന കാര്യം. അതേസമയം സംഭവത്തിൽ പൊലീസ് ഭാഗം ന്യായീകരിക്കാൻ വേണ്ട പുറത്തുവിട്ട വീഡിയോ അവർക്ക് തന്നെ തിരിച്ചടിയാകുന്ന കാര്യമാണ് വ്യക്തമാകുന്നത്.

പൊലീസ് സ്‌റ്റേഷനുള്ളിലേക്ക് സൈനികനായ വിഷ്ണുവിനെ പൊലീസ് റൈറ്ററായ എഎസ്ഐ ഷർട്ടിന് കുത്തിപ്പിടിച്ച് ഉള്ളിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ സമയം സൈനികന്റെ ഷർട്ട് കീറുകയും ചെയ്തു. സംഭവത്തെ കുറിച്ച് വിഷ്ണുവും വിഗ്നേഷും അവിടെ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയോട് പരാതി പറയവേ എഎസ്‌ഐ പ്രകാശൻ കൈവീശി സൈനികന്റെ മുഖത്ത് അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായി അടിയേറ്റപ്പോൾ സൈനികനായ വിഷ്ണു തിരിച്ചടിക്കുന്നതും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തുടർന്ന് ഇരുവരും നിലത്തു വീണിരുന്നു. വനിതാ ഉദ്യോഗസ്ഥർ അടക്കം എത്തിയാണ് ഇരുവരെയും പിടിച്ചു മാറ്റുന്നതും.

3.18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ, ഈ ദൃശ്യങ്ങൾ പൊലീസിനു തന്നെ പണിയാകുന്നതാണ്. കാരണം പൊലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയതിന് നേർ ഘടകവിപരീതമാണ് കാര്യങ്ങളെന്ന് വ്യക്തമാണ്. ദൃശ്യങ്ങൾ പൂർണ്ണമല്ല. എംഡിഎംഎ പ്രതികളെ ജാമ്യത്തിലിറക്കാൻ എത്തി സ്റ്റേഷനിൽ പരാക്രമം കാണിച്ചെന്നും റൈറ്റർ പ്രകാശ് ചന്ദ്രനെ മർദ്ദിച്ചെന്നുമായിരുന്നു എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്നത്. എംഡിഎംഎ കേസിലെ പ്രതികളെ കാണണം എന്നു പറഞ്ഞപ്പോൾ അൽപ്പം കഴിഞ്ഞ് സംസാരിക്കാം എന്നു പറഞ്ഞതിന് നീ അവരെ കാണക്കത്തില്ലയോടാ.. താ.. ളി എന്നു ചോദിച്ച് ആവലാതിക്കാരന്റെ കുത്തിന് പിടിച്ചു മർദ്ദിച്ചെന്നാണ് എഫ്.ഐ.ആറിൽ പറഞ്ഞിരിക്കുന്നത്. ഈ വാദം പൂർണമായും പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ. ഈ വീഡിയോ ദൃശ്യങ്ങൾ പ്രകാരം ഇതിന് ശേഷം ഇരുവരെയും പൊലീസുകാർ ക്രൂരമായി മർദ്ദിച്ചുവെന്ന് വേണം മനസ്സിലാക്കാൻ. ഇത് വ്യകതമാക്കുന്ന ചിത്രങ്ങൾ അടക്കം പുറത്തുവന്നിരുന്നു.

എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷമാണ് കിളികൊല്ലൂർ സ്റ്റേഷനിൽ പേരൂർ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർദ്ദിച്ചത്. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിലാണ് ഇരുവർക്കുമെതിരെ കള്ളക്കേസ് ചമച്ചത്. ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

കൈവിരലുകൾ തല്ലി ഒടിച്ചെന്ന് സഹോദരങ്ങൾ പറയുന്നു. പൊലീസുകാർക്കെതിരെ നീങ്ങിയാൽ വീട്ടിൽ കഞ്ചാവ് കൊണ്ടുവെച്ച് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഇവർക്കെതിരെ കേസെടുത്ത് 12 ദിവസം റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് മർദ്ദനമുണ്ടെയെന്ന പരാതിയിലാണ് കോടതി ഇടപെടൽ ഉണ്ടായതും.

കസറ്റഡിയിലുണ്ടായത് മൃഗീയ മർദ്ദനം

അതേസമയം കസറ്റഡിയിൽ മൃഗീയ മർദ്ദനമാണ്് വിഷ്ണുവിനും വിഗ്നേഷിനും നേരിടേണ്ടി വന്നതെന്നാണ് വ്യക്തമാകുന്നത്. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങളും. കൈവിരലുകൾ അടക്കം അടിച്ചു പൊട്ടിക്കുകയാണ് പൊലീസ് ചെയ്തത്. കൈകളിൽ നിന്നടക്കം ചോര ഒലിക്കുന്നതും പുറത്ത് അടക്കം ലാത്തിയടിയേറ്റിരുന്നു എന്നും ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.

ക്രൂരമായ മർദ്ദനമാണ് താൻ നേരിടേണ്ടി വന്നതെന്നാണ് മർദ്ദനത്തിന് ഇരയായ വിഘ്നേഷ് പറഞ്ഞത്. മർദിച്ച് അവശനാക്കിയ ശേഷം കുടിക്കാൻ പോലും വെള്ളം തന്നില്ലെന്നാണ് സൈനികൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മജിസ്ട്രേറ്റിനോട് വിവരം തുറന്നുപറഞ്ഞാൽ ജീവിതം തുലച്ചുകളയുമെന്നായിരുന്നു പൊലീസുകാരുടെ ഭീഷണി. ഈ സംഭവം കൊണ്ട് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വർഷത്തെ പ്രണയത്തിനൊടുവിലാണ് ചേട്ടന്റെ വിവാഹം ഉറപ്പിച്ചത്. അതാണ് മുടങ്ങിപ്പോയത്. തന്റെ കാൽ അടിച്ചുപൊട്ടിച്ചു, കൈയ്ക്ക് ശക്തമായ അടിയേറ്റതിനാൽ ഒരു സ്പൂൺ പോലും പിടിക്കാനാവാത്ത അവസ്ഥയാണിപ്പോൾ.

ജയിലിൽ നിന്ന് ഇറങ്ങിയത് എസ്ഐ എ.പി. അനീഷിനെ കൊല്ലണമെന്ന മാനസികാവസ്ഥയിലാണ്. അത്രത്തോളമാണ് ശാരീരികമായി തന്നെ ഉപദ്രവിച്ചത്. ലാത്തിയെടുത്ത് സ്റ്റേഷനുള്ളിൽ ഓടിച്ചിട്ടാണ് തന്നെ മൃ?ഗീയമായി മർദിച്ചത്. ചോര വന്നിട്ടും അടി നിർത്താൻ എസ്ഐ തയ്യാറായില്ലെന്നും സൈനികൻ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ഇത്തരത്തിലൊരു വാർത്ത പുറത്തുവന്നത്. എംഡിഎംഎ കേസ് പ്രതികളെ കാണാനായി രണ്ട് യുവാക്കളെത്തി, പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നു എന്ന രീതിയിലായിരുന്നു വാർത്ത. എന്നാൽ കേസ് വ്യാജമാണെന്ന് തെളിയിക്കുന്ന കിളികൊല്ലൂർ സ്റ്റേഷനിൽ ഉണ്ടായിരുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സൈനികനായ വിഷ്ണു ബൈക്കിൽ ഇൻഡിക്കേറ്റർ ഇടാതിരുന്നതിനെ ചൊല്ലി എഎസ്ഐ യുമായി ഉണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഉദ്യോഗസ്ഥൻ സമ്മതിക്കുന്ന വീഡിയോയാണ് പുറത്തായത്. എഎസ്ഐ ഷർട്ടിൽ പിടിച്ചു കീറിയെന്ന പരാതി പറയാൻ സൈനികൻ വനിത എസ്ഐയുടെ അടുക്കൽ എത്തുകയായിരുന്നുവെന്നും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ.

അതേസമയം പുറത്തു നിന്നുണ്ടായ അക്രമണത്തിലാണ് യുവാക്കൾക്ക് പരിക്കേറ്റതെന്നിയിരുന്നു പൊലീസ് വാദം. ഈ വാദമാണ് വീഡിയോ പുറത്തുവന്നതോടെ പൊളിയുന്നതും. അന്ന് രാത്രി മെഡിക്കലിനായി ഡോക്ടറുടെ അടുത്തുകൊണ്ടുപോകുന്ന സമയത്ത് അവരെന്നെ ഭീഷണിപ്പെടുത്തി, നിന്നെ കൊന്നുകളയും മര്യാദക്ക് ഞങ്ങൾക്ക് അനുകൂലമായി പറയണം എന്ന് പറഞ്ഞു. പറയാനുള്ള കള്ളം വരെ അവരെനിക്ക് പറഞ്ഞു തന്നു. ആരെങ്കിലും അടിച്ചതാണെന്നോ വണ്ടിയിൽ നിന്ന് വീണതാണെന്നോ പറയണമെന്നായിരുന്നു പറഞ്ഞതെന്നും വിഗ്നേഷ് പറഞ്ഞിരുന്നു.

സൈന്യവും അന്വേഷണം തുടങ്ങി

അതേസമയം കിളികൊല്ലൂരിലെ പൊലീസ് മർദനത്തിൽ സൈന്യവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിഗ്നേഷിൽ നിന്നടക്കം മൊഴികൾ എടുക്കാൻ മിലിറ്ററി ഇന്റലിജൻസ് ശ്രമികക്കുന്നുണ്ട്. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇടപെടൽ. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയിട്ടുണ്ട്. സൈനികൻ വിഷ്ണുവിനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് പരാതി നൽകും.

ആരോപണവിധേയരായ പൊലീസുകാർക്കെതിരെ പൂർണമായി നടപടിയെടുത്തിട്ടില്ല. ഒൻപത് പേർക്കെതിരെ പരാതി നൽകിയതിൽ വെറും നാല് പൊലീസുകാർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഒരു സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോൾ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടർന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് സൈന്യത്തിലെ രീതി.

ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റി. കേസിൽ മർദനം ഉൾപ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, കേസ് പരിഗണിക്കേണ്ടത് ജില്ലാ കോടതിയിലാണ്. ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്രതിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങൾ അറിയിക്കുകയെന്നതാണ് നിയമം. കേസിൽ ഒരു ഭാഗത്ത് പൊലീസ് ആയതിനാൽ മറ്റേതെങ്കിലും ഒരു ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയെന്ന സാധ്യതയും സൈന്യം പരിഗണിക്കുന്നുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സേവിക്കുന്ന സൈനികനായ തന്റെ മകനെ ക്രൂര മർദനത്തിനിരയാക്കിയെന്നും കള്ളക്കേസിൽ കുടുക്കിയെന്നും കാണിച്ചാണ് അമ്മ പരാതി നൽകുക.