- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും മർദ്ദിച്ചത് പിന്നെ കുട്ടിച്ചാത്തനോ മറ്റോ ആണോ? കസ്റ്റഡി മർദ്ദനത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട്; വിഷ്ണുവിനെയും വിഘ്‌നേഷിനെയും മർദ്ദിച്ചത് ആരെന്ന് അറിയില്ലെന്നും വാദം; തെളിവ് കണ്ടെത്താനും കഴിഞ്ഞില്ല; മനുഷ്യാവകാശ കമ്മീഷനിൽ നൽകിയത് ഉദ്യോഗസ്ഥരെ വെള്ളപൂശിയ റിപ്പോർട്ട്
കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്തുവന്നത്. സൈനികൻ വിഷ്ണുവിനും സഹോദരനും വിഘ്‌നേഷിനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചത് ആരാണെന്നതിൽ വ്യക്തയില്ലെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ടിലുള്ളത്.
പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ലെന്നാണ് വാദം. അതിനാൽ മർദ്ദിച്ചതാരാണെന്ന് അറിയില്ല. സ്റ്റേഷന് പുറത്തുവച്ചാണ് ഇരുവർക്കും മർദ്ദനമേറ്റതെന്ന പൊലീസ് വാദവും റിപ്പോർട്ട് തള്ളി സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ടിലുണ്ട്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശങ്ങളുള്ളത്.
ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ റിപ്പോർട്ട് പുറത്തുവന്നതോടെ സൈബറിടത്തിലും പരിഹാസം ഉയരുകയാണ്. നേരത്തെ മർദ്ദന വീഡിയോ അടക്കം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി മർദ്ദിച്ചത് വല്ല കുട്ടിച്ചാത്തനും മറ്റോ ആണോ എന്ന വിധത്തിൽ സൈബറിടത്തിൽ ട്രോളുകളും ഉയരുന്നത. പൊലീസിനെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് മർദ്ദനമേറ്റ വിഘ്‌നേഷ് പ്രതികരിച്ചു.
ആരോപണ വിധേയരായ എസ് ഐയെയും സിഐയെയും സംരക്ഷിക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചു. കേസ് താഴേ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മേൽ കെട്ടിവെക്കാനും ശ്രമം നടക്കുന്നുണ്ട്. പൊലീസുകാർക്കെതിരെ തുടർ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിഘ്‌നേഷ് വ്യക്തമാക്കി. 'ജീവിതം തകർത്തു, ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാക്കി, ഏറ്റവും ക്രൂരമായി മർദ്ദിച്ചവർക്കെതിരെ യാതൊരു നടപടിയുമില്ലെന്ന രീതി. ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും വിഘ്‌നേഷ് പറഞ്ഞു.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചു വരുത്തിയ ശേഷം പേരൂർ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മഫ്തിയിലുണ്ടായിരുന്ന എഎസ്‌ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന്റെ പേരിൽ ഇരുവർക്കുമെതിരെ കള്ളക്കേസും ചമച്ചു. ലഹരിക്കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐയെ ആക്രമിക്കുന്നുവെന്ന തരത്തിൽ വാർത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയുമായിരുന്നു.
സംഭവത്തിൽ കൊല്ലം സെപെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്‌ച്ചയുണ്ടായതായി കണ്ടെത്തി. പിന്നാലെ എസ്എച്ച്ഒ, എസ്‌ഐ അടക്കമുള്ളവരെ സസ്‌പെൻഡ് ചെയ്തു. എസ്എച്ച്ഒ വിനോദ് എസ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്‌പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ആരാണ് മർദ്ദിച്ചതെന്നതിൽ വ്യക്തതയില്ലെന്ന രീതിയിൽ കമ്മീഷണറുടെ റിപ്പോർട്ട്.
കൊല്ലം കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. പൊലീസിലെ ചില ഉദ്യോഗസ്ഥർ സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞത്. കുറ്റക്കാരായ മുഴുവൻ ആളുകളേയും മാതൃകാപരമായി ശിക്ഷിക്കണം. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഇവരെ രക്ഷപ്പെടുത്താൻ സാധിക്കില്ലെന്നും ഡിവൈഎഫ്‌ഐ വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തിയതായും വി.കെ.സനോജ് പറഞ്ഞു. പൊലീസ് മർദ്ദനത്തിന് ഇരയായ വിഘ്‌നേഷിനെ സനോജ് വീട്ടിലെത്തി കണ്ടിരുന്നു.
ഭീകരവാദികൾ പോലും ചെയ്യാത്ത തരത്തിലുള്ള മർദ്ദനമാണ് കിളികൊല്ലൂരിൽ സൈനികനായ വിഷ്ണുവിന് നേരെ പൊലീസിൽ നിന്നുണ്ടായതെന്ന് കരസേന റിട്ടയേർഡ് കേണൽ എസ് ഡിന്നിയും അഭിപ്രായപ്പടെുകയുണ്ടായി. സംഭവം മിലിറ്ററി പൊലീസും അന്വേഷിച്ചിരുന്നു. ഒരു സൈനികനെ അറസ്റ്റ് ചെയ്യുകയോ എഫ്‌ഐആർ ചുമത്തുകയോ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ അടുത്ത മിലിട്ടറി സ്റ്റേഷനിൽ അറിയിക്കണം. എന്നാൽ പൊലീസ് അത് ചെയ്തില്ല. പിന്നീടാണ് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ അറിയിക്കുന്നതെന്നും കേണൽ എസ് ഡിന്നി അഭിപ്രായപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ