കൊല്ലം: കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിലെ സംഭവത്തിൽ സൈന്യം അന്വേഷണം തുടങ്ങി. പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമത്തെപറ്റിയും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. സംഭവത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി വഴി പ്രതിരോധമന്ത്രിക്ക് പരാതി നൽകാനാണ് സൈനികന്റെ കുടുംബത്തിന്റെ തീരുമാനം.

ഒരു സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കേണ്ടതാണ്. എന്നാൽ വിഷ്ണുവിനെ ഓഗസ്റ്റ് 25ന് അറസ്റ്റ് ചെയ്‌തെങ്കിലും വൈകിയാണ് സൈനിക ക്യാമ്പിൽ പൊലീസ് വിവരമറിയിച്ചത്. സൈനികൻ അവധിയിലാണെങ്കിലും അയാൾ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസിൽ സൈനികൻ പ്രതിയായാൽ സമീപത്തെ റെജിമന്റിനെ അറിയിക്കണമെന്നാണ് നിയമം. അതിനാൽ തിരുവനന്തപുരം പാങ്ങോട് റെജിമന്റിലാണ് അറിയിക്കേണ്ടത്. ഇതുണ്ടായില്ല. സംഭവം സൈന്യത്തെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും.

വിഷ്ണുവിനെയും സഹോദരൻ വിഘ്‌നേഷിനെയും മർദിച്ചിട്ടില്ലെന്ന് വരുത്താൻ പൊലീസ് പുറത്തുവിട്ട വീഡിയോ അവർക്കുതന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നീക്കമെന്നും ആക്ഷേപമുണ്ട്. എന്നാൽ പൊലീസുകാരൻ തന്നെയാണ് സൈനികനെ അകാരണമായി ആദ്യം അടിച്ചതെന്ന് പുറത്തുവിട്ട ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും വീഡിയോയിലുണ്ട്. പൊലീസ് സ്‌റ്റേഷനിലെ മുഴുവൻ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടില്ല. ഇതു മുഴുവൻ പൊലീസിനോട് സൈന്യം ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

എഎസ്ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സിഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് വിഘ്‌നേഷ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരാവകാശ രേഖ സമർപ്പിക്കും. മർദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വീഡിയോ പുറത്തു വന്നതോടെ എഫ് ഐ ആർ വ്യാജമെന്നും തെളിഞ്ഞു.

സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കിയതും പൊലീസ് സ്റ്റേഷനുള്ളിൽ മർദിച്ചതും വിവാദമായതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂർ സ്വദേശികളായ വിഘ്‌നേഷിനെയും വിഷ്ണുവിനെയും പൊലീസുകാർ ക്രൂരമായി മർദ്ദിച്ചത്. ഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്‌ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.

ഈ കേസിന് പിറകെ മിലിറ്ററി പൊലീസ് ഉണ്ടാകും. അതുകൊണ്ട് തന്നെ സൈനികനെ മർദ്ദിച്ചവർക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. മിലിറ്ററി പൊലീസിന് കേസെടുക്കാൻ കഴിയില്ലെങ്കിലും അവർക്ക് പ്രാഥമിക പരിശോധനകളിലൂടെ സത്യം ഉറപ്പിക്കാം. അതിന് ശേഷം സംസ്ഥാന സർക്കാരിന് ശുപാർശകൾ നൽകാം. അങ്ങനെ നൽകുന്ന ശുപാർശകൾ തള്ളിക്കളയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ കിളികൊല്ലൂരിൽ ക്രൂരത കാട്ടിയ പൊലീസുകാർക്കെതിരെ നടപടി ഉറപ്പാണ്. സേനയിൽ നിന്ന് തന്നെ അവരെ പറഞ്ഞ് അയയ്ക്കേണ്ടി വരും. സിബിഐ അന്വേഷണം സൈന്യം ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മണികണ്ഠൻ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എംഡിഎംഎ ലഹരിക്കേസുമായി ബന്ധപ്പെട്ട പ്രതിക്ക് ജാമ്യം നിൽക്കാനെന്നു പറഞ്ഞ് വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. ജാമ്യം നിൽക്കാൻ കഴിയില്ല എന്ന് അറിയിച്ച വിഘ്നേഷ് സ്റ്റേഷനിൽനിന്ന് തിരികെപ്പോകാൻ ശ്രമിച്ചു. ഇതിനിടെ വിഘ്‌നേഷിനെ തിരക്കി സ്റ്റേഷനിലേക്ക് എത്തിയ ജ്യേഷ്ഠനുമായി മഫ്തി വേഷത്തിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ തർക്കത്തിൽ ഏർപ്പെടുകയും സൈനികനെ സ്റ്റേഷനിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോകുകയുമായിരുന്നു.

ഈ പൊലീസുകാരൻ മദ്യപിച്ചിരുന്നു എന്ന് സ്റ്റേഷനിൽ പരാതി പറയാൻ ശ്രമിച്ച ഇവരെ പൊലീസുകാർ സ്റ്റേഷനുള്ളിൽ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. പിടിവലിയെത്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതോടെ മർദനം മാരകമായി. വിഘ്നേഷിനെ കൈവിലങ്ങ് അണിയിച്ച് ശരീരമാസകലം ലാത്തിയും ബൂട്ടും ഉൾപ്പെടെ ഉപയോഗിച്ച് മർദിച്ചു. വിഘ്നേഷിന് ഈ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് എംഡിഎംഎ കേസിലെ പ്രതികളെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരുന്നു. വിഘ്നേഷിനെയും സഹോദരനെയും ജാമ്യമില്ലാവകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുകയായിരുന്നു.