തിരുവനന്തപുരം: കിളിമാനൂർ മടവൂർ കൊച്ചാലും മൂടിൽ പ്രഭാകരക്കുറുപ്പ് - വിമലകുമാരി ദമ്പതികളെ ചുറ്റിക കൊണ്ട് തലക്കടിച്ചും പെട്രോളൊഴിച്ച് കത്തിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി മുൻ സൈനികൻ ശശിധരൻ നായരെ ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി റിമാന്റ് ചെയ്തു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തെങ്കിലും മതിയായ വൈദ്യസഹായം നൽകിയ ശേഷം ജയിലിലേക്ക് അയക്കാൻ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. 29 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പകയാണ് 2022 ഒക്ടോബർ 1 പട്ടാപ്പകലിലെ ഇരട്ടക്കൊലപാതകത്തിൽ കലാശിച്ചത്.

പ്രഭാകരക്കുറുപ്പ് ബഹ്‌റനിൽ കൊണ്ടുപോയ ശശിധരൻ നായരുടെ മകന് വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിക്കാതെ ആത്മഹത്യ ചെയ്തതും , ഇതിൽ മനംനൊന്ത് മകളും ആത്മഹത്യ ചെയ്തതിലും വച്ചുടലെടുത്ത കടും മുൻ വൈരാഗ്യമാണ് കൊലക്ക് ണമെന്നാണ് കേസ്. ആത്മഹത്യാ പ്രേരണക്കുറ്റക്കേസിൽ കോടതി കുറുപ്പിനെ വെറുതെ വിട്ട പിറ്റേന്ന് സൈനികൻ നിയമം കയ്യിലെടുത്ത് വധശിക്ഷ നടപ്പാക്കിയ സംഭവം ജനങ്ങളെ ഞെട്ടിച്ചു. ആത്മഹത്യാ പ്രേരണക്ക് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 306 പ്രകാരം കോടതി പരമാവധി ശിക്ഷ വിധിക്കുന്നത് 10 വർഷം തടവു ശിക്ഷയും പരിധിയില്ലാത്ത പിഴയുമാണ്. ഇവിടെ സൈനികൻ വധശിക്ഷയാണ് സ്വയം നടപ്പാക്കിയത്.

ഒക്ടോബർ 1 പട്ടാപ്പകൽ 11.30 നാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത് കാലങ്ങളായി മനസ്സിൽ സൂക്ഷിച്ച പകയാണ്. പ്രതിയായ ശശിധരൻ നായരുടെ മകനെ 29 വർഷം മുമ്പ് വിദേശത്തേക്ക് ജോലിക്കായി കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാൽ ഉദ്ദേശിച്ച ജോലി ശരിയാകാതെ വന്നതോടെ, ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തു. ഈ മൃതദേഹം അന്ന് നാട്ടിലെത്തിക്കാൻ ഇടപെട്ടത് പ്രഭാകരക്കുറുപ്പായിരുന്നു. മകൻ മരിച്ചതിന് പിന്നാലെ ശശിധരൻ നായരുടെ മകളും ജീവനൊടുക്കി. ഇതോടെയാണ് ഇദ്ദേഹം പ്രഭാകരക്കുറുപ്പിനെതിരെ തിരിഞ്ഞത്. മക്കളുടെ മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന തോന്നൽ മനസ്സിൽ പക കൂട്ടി. അയൽവാസിയായിരുന്ന ശശിധരൻ നായരുമായി തർക്കം പതിവായതോടെ പ്രഭാകരക്കുറുപ്പും കുടുംബവും മടവൂരിലേക്ക് താമസം മാറ്റുകയായിരുന്നു.

മകന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ശശിധരൻ നായർ പ്രഭാകരക്കുറുപ്പിനെതിരെ കേസ് നൽകിയിരുന്നു. ഈ കേസിൽ സെപ്റ്റംബർ 30 ന് കോടതി പ്രഭാകരക്കുറുപ്പിനെ കുറ്റവിമുക്തനാക്കി. ഇതോടെയാണ് കരുതിക്കൂട്ടി കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ഒക്ടോബർ 1ന് ശശിധരൻ നായർ സ്വന്തം ആധാർ കാർഡും ചുറ്റികയും പ്ലാസ്റ്റിക് സഞ്ചിയിൽ കന്നാസിൽ പെട്രോളുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയത്. ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചത്.

ഇതിനിടെ, ശശിധരൻ നായർക്കും പൊള്ളലേറ്റു. നിലവിളി ശബ്ദവും പിന്നാലെ പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും ഭർത്താവിനേയുമാണ്. ശശിധരൻ നായർ സമീപത്ത് ഇരിപ്പുണ്ടായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ ആധാർ കാർഡ് ഉൾപ്പെടെ ഉണ്ടായിരുന്നു. സഞ്ചിയിലും ചോരക്കറയുണ്ട്. സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റികയും ലഭിച്ചു.

പ്രഭാകരക്കുറുപ്പിനേയും വിമല കുമാരിയേയും ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പ്രഭാകരക്കുറുപ്പ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിമല കുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ശശിധരൻ നായരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.