- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ ഡി.ജെ പാർട്ടികളിലെയും ഫാഷൻ ഷോകളിലെയും സ്ഥിരം സാന്നിധ്യമായ സൂപ്പർ മോഡൽ; പ്രത്യേകം ഫാഷൻ ഷോകളും സംഘടിപ്പിച്ചത് മോഡലിംഗിലെ മികവിന് അപ്പുറത്തേക്കുള്ള താൽപ്പര്യങ്ങളാലോ? 19കാരി മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ ഡിംപിൾ ലാമ്പ മുഖ്യ ആസൂത്രക; ഡിംപിളിന്റെ കെണിയിൽ മറ്റുയുവതികളും വീണതായി സംശയം
കൊച്ചി: കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ അന്വേഷണം ഊർജ്ജിതമാകുമ്പോൾ പ്രതിക്കൂട്ടിലേക്ക് എത്തുന്നത് രാജസ്ഥാൻ സ്വദേശിനിയായ മോഡൽ ഡിംപിൾ ലാമ്പയിലേക്ക്. ഇവരുടെ സുഹൃത്തായ 19കാരിയാണ് ബൊലേറോ കാറിൽ വെച്ച് ക്രൂരബലാത്സംഗത്തിന് ഇരയായത്. അറിഞ്ഞു കൊണ്ട് തന്നെ തന്റെ സുഹൃത്തിനെ ഇവർ കെണിയിലേക്ക് തള്ളിവിടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഡിംപിൾ ചെറിയ മീനല്ലെന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യമായിരിക്കുന്നത്. കൊച്ചിയിലെ ഡി.ജെ പാർട്ടികളിലെയും ഫാഷൻ ഷോകളിലെയും സ്ഥിരം സാന്നിധ്യമാണ് ഇവരെന്നാണ് ലഭിച്ച വിവരം. ഒരു വിധത്തിൽ കൊച്ചിയിലെ സൂപ്പർമോഡലായി വിലസുകയായിരുന്നു അവർ. ഇവരെ വെച്ച് പരസ്യം ചെയ്ത് ഫാഷൻ ഷോകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരവും. അത്രയ്ക്കും പ്രശസ്തിയുള്ള മോഡൽ സെക്‌സ് റാക്കറ്റിലെയും കണ്ണിയായി മാറിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ.
മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് (26), നിധിൻ (35), സുദീപ് (34) എന്നിവർക്ക് ഡിംപിളിനെ നേരത്തെ പരിചയമുണ്ടായിരുന്നെന്നാണ് വിവരം. വ്യാഴാഴ്ച മൂന്ന് യുവാക്കളും കൊച്ചിയിലെത്തി ഡിംപിളിനെ വിളിച്ച് പാർട്ടിയിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നെന്നും യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. അതിനാൽ കൂട്ട ബലാത്സംഗം ഡിംപിൾ കൂടി അറിഞ്ഞുള്ള ആസൂത്രണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ബലാത്സംഗക്കുറ്റത്തിന് പുറമേ ഗൂഢാലോചനാക്കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഡിംപിൾ ലാമ്പയാണ് ബാർ ഹോട്ടലിലെ ഡി.ജെ. പാർട്ടിക്ക് തന്നെ കൊണ്ടുപോയതെന്നാണ് ബലാത്സംഗത്തിനിരയായ 19-കാരിയുടെ മൊഴി. പിന്നീട് ബിയറിൽ എന്തോ പൊടി കലർത്തിനൽകിയെന്നും അവശയായ തന്നെ മൂന്ന് യുവാക്കൾക്കൊപ്പം കാറിൽ കയറ്റിവിട്ടത് ഡിംപിളാണെന്നും യുവതിയുടെ മൊഴിയിലുണ്ട്. തുടർന്നാണ് കേസിൽ ഡിംപിളിനെയും പ്രതിചേർത്തത്. ഡി.ജെ. പാർട്ടി നടന്ന കൊച്ചിയിലെ ഫ്ളൈ ഹൈ ഹോട്ടൽ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത പലരും ബാർ ഹോട്ടലിൽനൽകിയ തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് പറയുന്നു.
അതേസമയം, കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും പൊലീസ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഡിംപിൾ മറ്റുയുവതികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.. ബിയറിൽ മയക്കുമരുന്നു കലർത്തിയ മയക്കിയ ശേഷം 19കാരി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. 45 മിനിറ്റ് കൊച്ചി നഗരത്തിൽ ബൊലേറോ ജിപ്പിൽ കറങ്ങിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. 45 മിനിറ്റിനുള്ളിൽ ജീപ്പ് നഗരത്തിലുണർന്നിരിക്കുന്ന പൊലീസിന്റെയും നിരീക്ഷണ കാമറകളുടെയും മുന്നിലൂടെ നിരവധി തവണയാണ് കടന്നുപോയത്. ബഹളം വെക്കാനോ ഒച്ചയെടുക്കാനോ ഓടി രക്ഷപ്പെടാനോ പറ്റുന്ന ശാരീരിക അവസ്ഥയിലായിരുന്നില്ല എന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്.
താൻ 45 മിനിറ്റ് ഓർക്കാൻ പോലും ആഗ്രഹിക്കുന്നില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. പരസ്യചിത്രങ്ങളിൽ അവസരം വാഗ്ദാനം ചെയ്താണ് സുഹൃത്ത് ഡോളി പെൺകുട്ടിയുമായി സൗഹൃദത്തിലായത്. ഈ മേഖലകളിൽ ജോലി ചെയ്യുന്നവരെ പരിചയപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ ഡോളി കെണിയിൽ പെടുത്തിയതാണെന്ന് സൂചന. പുറത്തുവരുന്നത് വലിയ സെക്സ് മാഫിയയെ കുറിച്ചാണ്.
സംഭവദിവസം രാത്രി എട്ടോടെ ഭക്ഷണം കഴിക്കാനിറങ്ങിയ പെൺകുട്ടിയെ ഡോളി ഡി.ജെ പാർട്ടിയുണ്ടെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി. എന്നാൽ, അറ്റ്ലാന്റിസ് ജങ്ഷനിലെ ഡാൻസ് ബാറിലേക്ക് ഡോളി നിർബന്ധിച്ച് കയറ്റി. ആദ്യ ഗ്ലാസ് ബിയർ കുടിച്ചു, അതിനിടെ ഡോളിയെ കാണാൻ മൂന്ന് പേർ ബാറിലെത്തി വൈകാതെ അവർ ഇറങ്ങി.
രണ്ടാമത്തെ ഗ്ലാസ് ബിയർ ഡോളിയാണ് നൽകിയത്. അത് കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നി. ശരീരം കുഴയുന്ന അവസ്ഥയുണ്ടായി. മദ്യലഹരിയിൽ കുഴഞ്ഞു വീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞാണ് ഡോളി തന്നെ കൂട്ടി പാർക്കിങ്ങിലെത്തിയത്. അവിടെ നേരത്തേ ഡോളിയെ കാണാനെത്തിയവർ വാഹനത്തിലുണ്ടായിരുന്നു. അവശയായ തന്നോട് ആ വാഹനത്തിൽ കയറാൻ നിർബന്ധിച്ചത് ഡോളിയായിരുന്നു. താൻ കയറിയശേഷം 10 മിനിറ്റിനകം വരാമെന്ന് പറഞ്ഞ് ഡോളി പബ്ബിൽ പോയി. എന്നാൽ, ഡോളി വരുംമുമ്പ് അവർ വാഹനവുമായി പുറപ്പെട്ടു.
ക്രൂരമായ ലൈംഗിക അതിക്രമത്തിനുശേഷം ഇവർ ഭക്ഷണം വാങ്ങാനായി തന്നെയും കൂട്ടി ഹോട്ടലിൽ ഇറങ്ങി. അപ്പോഴും താൻ ശാരീരികമായും മാനസികമായും മരവിച്ച അവസ്ഥയിലായിരുന്നു. എല്ലാവരെയും പേടിയോടെയാണ് കണ്ടത്. ജീപ്പിലിരുന്നു പൊട്ടിക്കരഞ്ഞു. അതിനിടെ വാഹനം വീണ്ടും പബ്ബിലെത്തി. അവിടെ ഡോളിയുണ്ടായിരുന്നു. അവർ ജീപ്പിൽ കയറിയെങ്കിലും ഒന്നും പറയാൻ പറ്റിയിരുന്നില്ല. തുടർന്ന് അവർ കാക്കനാടുള്ള ഹോട്ടലിനു മുന്നിൽ ഇറക്കിവിട്ടു.
താമസസ്ഥലത്തെത്തിയപ്പോഴാണ് ശാരീരികമായി എത്രത്തോളം മുറിപ്പെട്ടുവെന്ന് അറിഞ്ഞത്. തുടർന്ന് സുഹൃത്തിനോട് പറഞ്ഞ് കാക്കനാട്ടെ ആശുപത്രിയിലേക്ക് പോയി. കൂടുതൽ ചികിത്സക്കാണ് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. അവിടെ നിന്നാണ് പൊലീസ് മൊഴിയെടുത്തത്. ആദ്യം ഡോളിയെയും പിന്നാലെ മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന കുറ്റമാണ് ഡോളിക്കെതിരെ ചുമത്തിയത്.
മറുനാടന് മലയാളി ബ്യൂറോ