കൊച്ചി: ഇളംകുളത്ത് യുവതിയെ കഴുത്തറത്തുകൊലപ്പെടുത്തിയ സംഭവത്തിൽ ഒപ്പം താമസിച്ച യുവാവിനെ കണ്ടെത്താനാകാതെ വലഞ്ഞ് പൊലീസ്. അതിനിടെ രണ്ടരമാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണ് ഇളംകുളത്തെ യുവതിയുടേത്. കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി കൊച്ചി മാറുകയാണ്. ലഹരിയ്‌ക്കൊപ്പം കൊലപാതക കേസുകളും കൂടുന്നു. ഇളംകുളത്ത് യുവതിയെ കഴുത്തറത്തുകൊലപ്പെടുത്തിയ സംഭവത്തിൽ ഒരു തുമ്പും പൊലീസിന് കിട്ടിയിട്ടില്ല. വീട് വാടകയ്ക്കെടുത്തപ്പോൾ ഇയാൾ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

കൊല്ലപ്പെട്ട യുവതിയും ഒപ്പംതാമസിച്ചിരുന്ന യുവാവും നേപ്പാൾ സ്വദേശികളാണെന്നാണ് സംശയം. വീട് വാടകയ്ക്കെടുത്തപ്പോൾ ഇവർ നൽകിയിരുന്ന വിലാസവും മറ്റുരേഖകളും തെറ്റാണ്. ലക്ഷ്മി, റാം ബഹദൂർ എന്നീ പേരുകളിലുള്ള രേഖകളാണ് ഇവർ വീട്ടുടമയ്ക്ക് നൽകിയിരുന്നത്. ദമ്പതിമാരാണെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ഒന്നരവർഷമായി യുവതിയും യുവാവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇരുവരും തമ്മിൽ വഴക്കിടുന്നതും പതിവായിരുന്നു. ബഹളം കാരണം വീട്ടുടമ ഇവരോട് വീട് ഒഴിഞ്ഞുനൽകാൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് അഞ്ചുദിവസം മുമ്പ് രണ്ടുപേരെയും കാണാതായത്.

നാട്ടിൽ പോയതാകുമെന്നായിരുന്നു വീട്ടുടമ കരുതിയത്. വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. യുവതിയെ കഴുത്തറത്തുകൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൊണ്ട് വരിഞ്ഞുകെട്ടുകയായിരുന്നു. ആരുമറിയാതെ കടത്താനുള്ള ശ്രമം നടന്നുവെന്നാണ് വിലയിരുത്തൽ. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്. സംഭവസ്ഥലത്ത് ചൊവ്വാഴ്ച ഫൊറൻസിക് സംഘവും പരിശോധന നടത്തി.

രണ്ടരമാസത്തിനിടെ എട്ടാമത്തെ കൊലപാതകം

ഈ കൊലപാതകങ്ങളൊന്നും സംഘടിതമായ കുറ്റകൃത്യങ്ങളുടെ ഭാഗമായി നടന്നതല്ലെന്നായിരുന്നു കൊച്ചി പൊലീസിന്റെ വിശദീകരണം. പൊലീസിന്റെ അനാസ്ഥ കൊണ്ടല്ല ഇത്തരം കൊലപാതകങ്ങൾ നടന്നതെന്നും നേരത്തെ നടന്ന കൊലപാതകങ്ങളെല്ലാം പെട്ടെന്നുണ്ടായ ക്ഷോഭം നിമിത്തം യാദൃശ്ചികമായി സംഭവിച്ചവയാണെന്നും പൊലീസ് പത്രക്കുറിപ്പിൽ വിശദീകരിച്ചിരുന്നു.

ഓഗസ്റ്റ് 11-ന് അർധരാത്രിയോടെ എറണാകുളം ടൗൺഹാളിന് സമീപത്താണ് കൊല്ലം സ്വദേശിയായ എഡിസൺ കൊല്ലപ്പെട്ടത്. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന എഡിസണെ കുത്തിക്കൊല്ലുകയായിരുന്നു. മുളവുകാട് ചുങ്കത്ത് സുരേഷാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അതിന്റെ മൂന്നാം ദിവസമാണ് എറണാകുളം സൗത്തിൽ അർധരാത്രി വരാപ്പുഴ സ്വദേശി ശ്യാമിനെ കുത്തിക്കൊന്നത്. സൗത്ത് പാലത്തിന് താഴെ നിന്നിരുന്ന ട്രാൻസ്ജെൻഡറുകളുടെ അടുത്തേക്കെത്തിയ ഹർഷാദ്, സുധീർ, തോമസ് എന്നിവരും അവിടെയുണ്ടായിരുന്ന ശ്യാമും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലിരുന്ന കത്തിയെടുത്ത് ഹർഷാദ് ശ്യാമിനെ കുത്തിവീഴ്‌ത്തുകയായിരുന്നു. ഒളിവിൽപ്പോയ പ്രതികളെ തൊട്ടടുത്ത ദിവസംതന്നെ പിടികൂടി.

ഓഗസ്റ്റ് 16-നാണ് മൂന്നാമത്തെ കൊലപാതകം നടന്നതായി അറിയുന്നത്. കാക്കനാട് ഇൻഫോപാർക്കിന് സമീപമുള്ള ഫ്‌ളാറ്റിൽ ഹോട്ടൽ ജീവനക്കാരനായ സജീവ് കൃഷ്ണയെ വെട്ടിക്കൊന്ന് മൃതദേഹം പ്ലാസ്റ്റിക് കവറിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ് ഡക്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഫ്‌ളാറ്റിൽ ഒപ്പമുണ്ടായിരുന്ന അർഷാദിനെ രണ്ടുദിവസത്തിന് ശേഷം കാസർകോട് നിന്നാണ് പൊലീസ് പിടിച്ചത്. മയക്കുമരുന്ന് ഇടപാടായിരുന്നു ഇതിന് കാരണം. ഓഗസ്റ്റ് 28-നാണ് നാലാമത്തെ കൊലപാതകം നടക്കുന്നത്. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുടെ സുഹൃത്തായ പാലക്കാട് സ്വദേശി അജയിനെ നെട്ടൂരിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തി ഭർത്താവ് സുരേഷ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ് ഓടിയ അജയ്, നെട്ടൂർ മാർക്കറ്റ്‌റോഡിൽ വീണ് മരിച്ചു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.

സെപ്റ്റംബർ 10-നാണ് അഞ്ചാമത്തെ കൊലപാതകം. പണമിടപാടു സംബന്ധിച്ച് കലൂരിൽ ഉണ്ടായ സംഘർഷത്തിനിടെ വെണ്ണല സ്വദേശി സജിൻ സഹീർ കൊല്ലപ്പെടുകയായിരുന്നു. മുൻ വൈരാഗ്യവും സാമൂഹികമാധ്യമത്തിലെ പോസ്റ്റും കൊലപാതകത്തിലേക്ക് നയിച്ചു. വീണ്ടുമൊരു കത്തിക്കുത്തുണ്ടാകുന്നത് സെപ്റ്റംബർ 18-ന് ആണ്. ഇരുമ്പനത്താണ് കത്തിക്കുത്ത് നടന്നത്. പുത്തൻകുരിശ് വരിക്കോലി ചെമ്മനാട് ചൂരക്കുളത്തിൽ വാടകയ്ക്ക് താമസിക്കുന്ന പ്രവീൺ ഫ്രാൻസിസ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊയ്ന്തറ കോളനിയിൽ അഖിലാണ് മുൻവൈരാഗ്യത്തെ തുടർന്ന് പ്രവീണിനെ വയറ്റിൽ കുത്തി വീഴ്‌ത്തിയത്. കുത്തു കിട്ടിയതിനെ തുടർന്ന് മുണ്ടെടുത്ത് വയറ്റിൽ മുറുക്കി കെട്ടി ബൈക്ക് ഓടിച്ച് സ്വകാര്യ ആശുപത്രിയിലെത്തി കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സയിലായിരുന്ന പ്രവീൺ പിന്നീട് മരിച്ചു. അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു

സെപ്റ്റംബർ 25-ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് മുന്നിൽ ലേസർ സംഗീതനിശ പാർട്ടിക്കിടെയുണ്ടായ കത്തിക്കുത്തിൽ എം.ആർ. രാജേഷ് കൊല്ലപ്പെടുന്നത് അടുത്ത കൊലപാതകം. കലൂർ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന പരിപാടിക്ക് ആവശ്യത്തിന് പൊലീസ് ബന്തവസ്സുണ്ടായിരുന്നില്ല. സംഘാടകർ ജി.സി.ഡി.എ.യുടെ അനുമതി വാങ്ങിയിരുന്നെങ്കിലും പൊലീസിന്റെ മുൻകൂർ അനുമതി തേടിയിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് ഹുസൈനെ പൊലീസ് പിന്നീട് കർണാടക അതിർത്തിയിൽനിന്ന് അതിസാഹസികമായി പിടികൂടി.