കൊച്ചി: കൊച്ചിയിൽ ഗാനമേളക്കിടെ ഒരാളെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കലൂർ സ്റ്റേഡിയത്തിന് പരിസരത്തു സ്വകാര്യ പരിപാടിയോടനുനബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ യുവാവ് കുത്തേറ്റ മരിച്ച സംഭവത്തിലാണ് മുഖ്യപ്രതികളിലൊരാൾ പിടിയിലായത്. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോൺ ആണ് പിടിയിലായത്. ഒന്നാം പ്രതി മുഹമ്മദിനായുള്ള തിരിച്ചിൽ തുടരുകയാണെന്നും ഇയാൾ ഉടൻ പിടിയിലാകുമെന്നും എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

പിടിയിലായ രണ്ടാം പ്രതി അഭിഷേക് ജോണാണ് കൊല്ലപ്പെട്ട രാജേഷിനെ ആദ്യം ആക്രമിച്ചത്. കല്ലുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചപ്പോൾ രാജേഷിന്റെ സുഹൃത്തുക്കൾ അഭിഷേക് ജോണിനെ പിടിച്ചുമാറ്റുകയായിരുന്നു. ഈ സമയം അഭിഷേക് ജോണിന് ഒപ്പമുണ്ടായിരുന്ന കാസർകോട് സ്വദേശി മുഹമ്മദ് കൈയിൽ കരുതിയ കത്തികൊണ്ട് രാജേഷിനെ തുടർച്ചായായി കുത്തുകയായിരുന്നു. ഇവരെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയും പിടിയിലായിട്ടുണ്ട്.

ശനിയാഴ്ച രാത്രിയാണ് കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. ഒന്നര മാസത്തിനുള്ളിൽ കൊച്ചി നഗരമധ്യത്തിലുണ്ടായ ഏഴാമത്തെ കൊലപാതകമായിരുന്നു ഇത്. എറണാകുളം പള്ളുരുത്തി സ്വദേശിയായ എംആർ രാജേഷാണ് കൊല്ലപ്പെട്ടത്.

ഗാനമേളയ്ക്കിടെ, രണ്ട് പേർ പരിപാടി കാണാനെത്തിയ പെൺകുട്ടിയോട് അപമര്യാദമായായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് സംഘടകർ ചോദ്യം ചെയ്തു. രാജേഷ് അടക്കമുള്ളവർ ചേർന്ന് പ്രശ്നമുണ്ടാക്കിയ രണ്ട് പേരെയും ഗാനമേള കാണുന്നത് വിലക്കി. ഇവരെ പരിപാടി നടക്കുന്ന സ്ഥലത്തിന് പുറത്താക്കി. ഇതിൽ അമർഷം പൂണ്ട പ്രതികൾ പരിപാടി കഴിയുന്നത് വരെ കാത്തിരുന്നു. പരിപാടി കഴിഞ്ഞ ശേഷം ഇരുവരും തിരിച്ചെത്തി സംഘാടകരെ ആക്രമിക്കുകയായിരുന്നു.

ഈ സമയം മുപ്പത് വയസ് പ്രായം തോന്നിക്കുന്ന താടിയുള്ള ഒന്നാം പ്രതി കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള കത്തികൊണ്ട് രാജേഷിനെ തുരുതുരാ കുത്തുകയായിരുന്നു. ചോരയിൽ കുളിച്ച രാജേഷിനെ സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേഷിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഓടിരക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.