കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിലെ ഡിവൈഎഫ്‌ഐ നേതാക്കളായ പ്രതികൾ ഒളിവിലാണെന്ന പൊലീസ് വാദം തള്ളി സ്‌പെഷൽ ബ്രാഞ്ച്. പ്രതികൾ നഗരത്തിൽ തന്നെയുണ്ടെന്നാണ് സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാകോടതി നാളെ വിധി പറയും.

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മറ്റിയംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ.അരുൺ ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിങ് ജീവനക്കാരനാണ് അരുൺ. അരുൺ ഏറെ നാളായി ജോലിക്കെത്തിയിട്ടില്ലെന്ന് മാനേജർ ബൈജു അറിയിച്ചു. അരുൺ ഇപ്പോൾ ശമ്പളം പറ്റുന്നുണ്ടോയെന്ന് അറിയില്ലെന്നും മാനേജർ പറഞ്ഞു. അരുൺ ഉൾപ്പെടെ കേസിലെ പ്രതികളെല്ലാം ഒളിവിലാണ്.

സുരക്ഷാജീവനക്കാരെ മർദിച്ച കേസിൽ കെ. അരുണിനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. ഒപ്പം കൂടെയുണ്ടായിരുന്ന എട്ടുപേരെയും പ്രതിചേർത്തിട്ടുണ്ട്. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് തുടർച്ചയായി വാദിക്കുന്നതിനിടയിലാണ് നാലു പേർ നഗരപരിധിയിൽ തന്നെയുണ്ടെന്ന വിവരം പുറത്തുവരുന്നത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ണൂർ റോഡിലെ വൈഎംസിഎ ടവർ ലൊക്കേഷനിൽ പ്രതികളെത്തിയിട്ടുണ്ട്.

എന്നാൽ മണിക്കൂറുകൾക്കകം ഇവിടെ നിന്ന് മുങ്ങുകയും ചെയ്തു. ഇതോടെ പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപവും ശക്തമായി. അതേസമയം അരുൺ അടക്കമുള്ള പ്രതികൾക്കെതിരെ ഇന്ന് തിരച്ചിൽ നോട്ടിസ് പുറത്തുവിടും.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെയാണ് പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവർ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദർശിക്കാൻ എത്തിയവർക്കും മർദനമേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ ഷംസുദ്ദീനെയും സംഘം അക്രമിച്ചിരുന്നു.

അക്രമത്തിൽ പ്രതിഷേധിച്ച് സുരക്ഷാജീവനക്കാർ സംസ്ഥാനത്തൊട്ടാകെ പണിമുടക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഇത് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കുമെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി സർജന്റ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് റിപ്പോർട്ട് നൽകി.

സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധിപറയും. ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവുമായ അരുൺ.കെ, പ്രവർത്തകരായ രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിട്ടുള്ളത്. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് സുരക്ഷാ ജീവനക്കാരും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

സുരക്ഷാ ജീവനക്കാരെന്ന് അറിയില്ലായിരുന്നുവെന്നും തടഞ്ഞു വച്ചപ്പോൾ പ്രകോപനമുണ്ടായെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. ഇതിനിടെ, പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് മനഃപൂർവ്വം സൗകര്യമൊരുക്കുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.