കോഴിക്കോട്: മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരനെ ഡിവൈഎഫ്‌ഐ സംഘം ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ സിപിഎം രൂക്ഷ പ്രസ്താവനകൾ തുടരുന്നു. പ്രതികൾക്ക് ജാമ്യം ഉറപ്പിക്കാനുള്ള സമ്മർദ്ദമാണ്. അതിരൂക്ഷമായ വിമർശനവുമായി രംഗത്തു വരുന്നത് കർക്കശ നടപടികൾ തടയാനുള്ള മുൻകൂർ നീക്കം.

സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് അടക്കമുള്ളവരെ കേസന്വേഷണത്തിൽ തുടക്കം മുതൽ പരിധിവിട്ടു സഹായിക്കുന്ന നിലപാടായിരുന്നു പൊലീസിന്. പിന്നീട് നിലപാട് മാറ്റി. കോഴിക്കോട് കമ്മീഷണർ അക്‌ബർ നിലപാടുകൾ എടുത്തു. ഇതിനൊപ്പം കോടതിയും ഇടപെട്ടു. തുടക്കത്തിൽ ഔദ്യോഗിക ജോലിക്ക് തടസ്സമാകുന്ന വകുപ്പിട്ടാണ് കേസിട്ടത്. പിന്നീട് അത് പത്തുകൊല്ലം ശിക്ഷ കിട്ടുന്ന വകുപ്പായി. ഇതോടെ സിപിഎമ്മും പോഷകസംഘടനകളും പൊലീസിനെതിരെ പ്രസ്താവനകളും പ്രത്യക്ഷസമരവുമായി ഇറങ്ങി. തുടർനടപടികൾക്കു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

ഒളിവിലാണെന്നു പറഞ്ഞ് പ്രതികളെ പൊലീസ് ദിവസങ്ങളോളം പിടികൂടിയില്ല. ഒടുവിൽ സെപ്റ്റംബർ 5നു സുരക്ഷാ ജീവനക്കാരുടെ സ്വകാര്യ ഹർജിയിൽ കോടതി ഇടപെടുകയും പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തതോടെ 6ന് അഞ്ചു പ്രതികൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 2 പ്രതികളെ ഇനിയും പിടികൂടാനുണ്ട്. സിപിഎം പ്രാദേശിക നേതാവിന്റെ മകനെ തേടി വീട്ടിലും ബന്ധുവീട്ടിലും പൊലീസ് പരിശോധന നടത്തിയതോടെയാണ് പൊലീസിനെതിരെ പാർട്ടി തിരിഞ്ഞത്.

സെക്യൂരിറ്റിക്കാരനെ ചവിട്ടുന്ന വീഡിയോ അക്രമത്തിന്റെ എല്ലാ പരിധിയും ലംഘിക്കുന്നതാണെന്ന നിലപാട് കോഴിക്കോട് കമ്മീഷണർ അക്‌ബർക്കുമുണ്ട്. ഇതാണ് കേസ് കടുക്കാൻ കാരണമെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അതിശക്തമായി തന്നെ പ്രതിഷേധം തുടരും. ഏത്രയും വേഗം നേതാക്കൾക്ക് ജാമ്യം ഉറപ്പിക്കാനാണ് നീക്കം. എന്നാൽ അതിന് പൊലീസ് ഇനി വഴങ്ങുമോ എന്ന സംശയവും ശക്തമാണ്. കമ്മീഷണർ നേരിട്ടാണ് കേസ് നടപടികൾ നിരീക്ഷിക്കുന്നത്.

അതിനിടെ അഭിഭാഷകയായ തന്നെ കൊലപ്പെടുത്തുമെന്നു കോടതി മുറിയിൽ പോലും പ്രതികൾക്കൊപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐക്കാർ ഭീഷണിപ്പെടുത്തിയതായി മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷക ബബില ഉമ്മർ പറയുന്നു. രണ്ടു തവണ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബബില ഉമ്മർ ജെസിഎം കോടതി ഒന്നിൽ നൽകിയ സ്വകാര്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. ഈ ഹർജിയിലെ കോടതി ഇടപെടലും നിർണ്ണായകമാകും.

''കേസ് പിൻവലിക്കാൻ തുടക്കത്തിൽ സമ്മർദമുണ്ടായി. എന്നെ നേരിട്ടു വിളിക്കാതെ ആശുപത്രി അധികൃതർ മുഖേനയായിരുന്നു ശ്രമം. കഴിഞ്ഞ വർഷം സമാന രീതിയിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെ ഇതേ സംഘം ആക്രമിച്ചപ്പോൾ ഒത്തുതീർപ്പാക്കിയപോലെ ഈ കേസും തീർപ്പാക്കാനായിരുന്നു ഇടപെടൽ. ഞങ്ങൾ വഴങ്ങാത്തതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഇവരെ നിയമത്തിനു മുന്നിലെത്തിക്കാൻ സാധിച്ചത്. കേസുമായി സുപ്രീംകോടതി വരെ പോകേണ്ടിവന്നാലും പോരാടാനാണു തീരുമാനം'' കഴിഞ്ഞ മാസം മെഡിക്കൽ കോളജിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മർദനത്തിനിരയായ സുരക്ഷാ ജീവനക്കാരൻ നരിക്കുനി പുന്നശ്ശേരി കട്ടയാട്ട് ദിനേശൻ പറയുന്നു.