തൃശ്ശൂർ: തൃശൂർ കുന്നംകുളം കീഴൂരിൽ അമ്മയെ വിഷം കൊടുത്തു കൊല്ലാൻ മകൾ നടത്തിയത് മാസങ്ങൾ നീണ്ട പരിശ്രമം.ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ ഒരു സൂചനയും നൽകാതിരുന്ന മകളിലേക്ക് പൊലീസ് എത്തിയത് മകളുടെ ഫോൺ നിർബന്ധപൂർവ്വം വാങ്ങി നടത്തിയ പരിശോധനയിലൂടെയാണ്.മൊബൈൽ പരിശോധിച്ചതിലുടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി മകൾ തന്റെ ഫോണിൽ പരിശോധിച്ചത് ലോകത്തിലെ ഏറ്റവും കൂടിയ വിഷമുള്ള ജീവി മുതൽ ഏറ്റവം കൂടുതൽ വിഷമുള്ള സസ്യം വരെയാണ്.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ അത് വരെ പതറാതെ പിടിച്ചു നിന്ന മകൾക്ക് സത്യം പറയേണ്ടി വന്നു.വിശദമായ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ടുമാസം മുമ്പും പ്രതി മാതാപിതാക്കളെ അപായപ്പെടുത്താൻ ശ്രമം നടത്തിയിരുന്നതായി പൊലീസ്. പ്രതി അമ്മ രുഗ്മിണിക്ക് വിഷം നൽകിയതിന്റെ അവശിഷ്ടങ്ങളും, എലിവിഷം നൽകുന്നതിന് ഉപയോഗിച്ച പാത്രവും കണ്ടെടുത്തതായി എസിപി ടി എസ് സിനോജ് പറഞ്ഞു. ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്നും എസിപി പറഞ്ഞു.

ഇന്ദുലേഖ കുന്നംകുളത്തെ കടയിൽ നിന്നാണ് എലിവിഷം വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കടയിലെത്തിച്ചും തെളിവെടുത്തു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും എസിപി പറഞ്ഞു.ഇന്ദുലേഖ അമ്മയ്ക്ക് നിരവധി തവണ ചെറിയ അളവിൽ വിഷം നൽകിയിരുന്നതായാണ് സൂചന. സ്ലോ പോയിസണിങ്ങിലൂടെ കൊലപ്പെടുത്തുകയായിരുന്നു പദ്ധതി. വിഷാംശം നിരന്തരം ഉള്ളിൽ ചെന്നതിനെത്തുടർന്ന് രുഗ്മിണിയുടെ കരളിന് വലിയതോതിൽ നാശം സംഭവിച്ചിരുന്നതായി ഡോക്ടർമാർ കണ്ടെത്തി.

വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. സ്വർണം പണയം വെച്ച് വായ്പ എടുത്തതിനെ തുടർന്നാണ് ഇത്രയധികം ബാധ്യത വന്നതെന്നാണ് കരുതുന്നത്. മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീർക്കാനാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെന്നും പൊലീസ് വിലയിരുത്തുന്നു.

14 സെന്റ് ഭൂമിയും വീടും മാതാപിതാക്കളുടെ കാലശേഷം ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നതാണ്. എന്നാൽ വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തുന്നതിന് മുമ്പ് കടബാധ്യത വീട്ടണമെന്ന് ഇന്ദുലേഖ പദ്ധതിയിട്ടു. ഭൂമി തന്റെ പേരിൽ എഴുതി നൽകണമെന്ന് ഇന്ദുലേഖ ആവശ്യപ്പെട്ടു. ഭൂമി സ്വന്തം പേരിലാക്കിയശേഷം പണയപ്പെടുത്തി കടബാധ്യത തീർക്കാനായിരുന്നു ആലോചിച്ചത്. എന്നാൽ അമ്മ രുഗ്മിണി ഇതിനെ എതിർത്തു.

തങ്ങളുടെ കാലശേഷം മാത്രമേ വീടും സ്ഥലവും എഴുതി നൽകൂവെന്ന് അമ്മ രുഗ്മിണി ഉറച്ച നിലപാടെടുത്തു. ഇതോടെയാണ് പ്രതിക്ക് അമ്മയോട് വൈരാഗ്യം ഉണ്ടായതെന്നും പൊലീസ് സൂചിപ്പിച്ചു. അച്ഛൻ ചന്ദ്രനും ചായയിൽ പാറ്റ ഗുളിക കലർത്തി നൽകി അപായപ്പെടുത്താനും ശ്രമിച്ചിരുന്നു. കയ്പുരസം തോന്നിയതിനാൽ ചന്ദ്രൻ ചായ കുടിച്ചില്ല. പിന്നീട് വീട്ടിൽനിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവർ കണ്ടെത്തിയതായും ചന്ദ്രൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.