- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുഴൽനാടനും ഷിയാസും അറസ്റ്റിലായത് എന്തുകൊണ്ട്?
കൊച്ചി: കോതമം?ഗലം ടൗണിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റ് ചെയ്ത മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും താത്ക്കാലിക ജാമ്യം കിട്ടുമ്പോൾ അത് സർക്കാരിന് തിരിച്ചടി. കേസ് കോടതി രാവിലെ വീണ്ടും പരിഗണിക്കും. തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നാണ് വിവരം. കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉൾപ്പെടെയുള്ള വകുപ്പുകൾ മാത്യുകുഴൽനാടനെതിരേ ചുമത്തിയിരുന്നു.
ആശുപത്രി സംരക്ഷണ നിയമം എങ്ങനെ ദുരുപയോഗപ്പെടുത്താം എന്നതിന് തെളിവാണ് ഈ കേസ്. സർക്കാരിനെതിരെ പ്രതിഷേധിച്ചാലും കേസെടുക്കുന്ന അവസ്ഥ. പൂക്കോട്ടെ സിദ്ധാർത്ഥിന്റെ മരണം വിസ്മൃതിയിലാക്കുകായണ് ഈ നാടകത്തിന് പിന്നിലെന്ന ആരോപണം ഏതായാലും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ആശുപത്രി സംരക്ഷണ നിയമ പ്രകാരം കുഴൽനാടനെ അകത്താക്കുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ആരോപണം ഉന്നയിച്ചത് മുതൽ തുടങ്ങുന്ന വേട്ടയാടൽ കഴിഞ്ഞ ദിവസം പുതിയ തലത്തിലെത്തി. ഇടക്കാല ജാമ്യം കിട്ടിയിരുന്നില്ലെങ്കിൽ കുഴൽനാടനെ സർക്കാർ ജയിലിൽ അടയ്ക്കുമായിരുന്നു. രാത്രി പന്ത്രണ്ടു മണിക്കായിരുന്നു അറസ്റ്റ്. രണ്ടു പേരുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. പൊലീസ് ആസ്ഥാനത്തെ പ്രമുഖനും സെക്രട്ടറിയേറ്റിലെ പ്രധാനിയും ചേർന്ന് നടത്തിയ നാടകം.
കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയുടേയും എൽദോസ് കുന്നപ്പള്ളി എംഎൽഎയുടേയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം ഏഴുമണിയോടെ ആരംഭിച്ചിരുന്നു. സമരപ്പന്തലിൽ നിന്നാണ് മാത്യു കുഴൽനാടനേയും മുഹമ്മദ് ഷിയാസിനേയും പൊലീസ് അറസ്റ്റ് ചെയ്തത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്.
മൃതദേഹവും വഹിച്ച് റോഡിലൂടെ പ്രതിഷേധവുമായി നീങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഈ സംഭവത്തിൽ ആശുപത്രി സംരക്ഷണ നിയമം ഉപയോഗിച്ചുവെന്നതാണ് വസ്തുത. രാത്രിയിലെ അറസ്റ്റ് ഇരുവർക്കും ജാമ്യം കിട്ടില്ലെന്ന പ്രതീക്ഷയിലായിരുന്നു. അജണ്ടയുടെ പുറത്ത് പൊലീസ് നടത്തിയ അക്രമമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടി സർക്കാർ നടത്തിയ പദ്ധതി മാത്രമായിരുന്നു പൊലീസിന്റെ നരനായാട്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശമ്പളം കൊടുക്കാൻ കഴിയാത്തത്, സിദ്ധാർഥന്റെ മരണം തുടങ്ങി സംസ്ഥാന സർക്കാർ നേരിടുന്ന വലിയൊരു ജനരോഷത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണോ ഇത് എന്ന് സംശയിക്കുന്നു. രാവിലെ മൃതദേഹവുമായി പ്രതിഷേധം നടത്തിയതിന് ശേഷം വിഷയം സംസാരിച്ചു തീർക്കുന്നതിനുവേണ്ടി മന്ത്രിയുമായി സംസാരിച്ചു. ഏതാനും കാര്യങ്ങളിൽ ധാരണയിലെത്തുകയും കളക്ടറും ഡിഎഫ്ഒയും സംസാരിക്കാനും തയ്യാറായി കോതമംഗലത്തെത്തുകയും ചെയ്തു. എന്നാൽ ഏതോ അജ്ഞാത കേന്ദ്രത്തിൽ നിന്ന്, മൃതദേഹം വിട്ടുകൊടുത്തതിന് ശേഷം മാത്രം സംസാരിച്ചാൽ മതി എന്ന് പറഞ്ഞ് കളക്ടറേയും ഡിഎഫ്ഒയും സംസാരിക്കാൻ അനുവദിക്കാതെ മനപ്പൂർവ്വം ഒരു പൊലീസ് ആക്ഷൻ സൃഷ്ടിച്ച് മൃതദേഹത്തെ അങ്ങേയറ്റം നിഷ്ഠൂരമായി കൊണ്ടുപോയി. ഉപവാസ സമരം വളരെ ശാന്തമായി സമാധാനമായി മുമ്പോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ ഇരുട്ടിന്റെ മറവിൽ പൊലീസ് വളരെ ആസൂത്രിതമായി ഡിസിസി അധ്യക്ഷനെ മാത്രം റാഞ്ചിക്കൊണ്ടുപോകുന്നതുപോലെ തട്ടിക്കൊണ്ടു പോയി- ജാമ്യം ലഭിച്ചതിനുപിന്നാലെ മാത്യു കുഴൽനാടൻ പറഞ്ഞു.
പിണറായിയുടെ പൊലീസിന്റെ ഏറ്റവും ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ നടപടികളാണ് കോതമംഗലത്ത് അരങ്ങേറിയത്. ഇതുകൊണ്ടൊന്നും സമരത്തെ തളർത്താമെന്ന് കരുതണ്ട. പൊതുജനങ്ങളെ അണിനിരത്തി മുമ്പോട്ടു പോകും- മാത്യു കുഴൽനാടൻ പറഞ്ഞു. ഇടക്കാല ജാമ്യം വീടുകളിലേക്ക് മടങ്ങുകയല്ല, പോരാട്ടത്തിന് സമരപ്പന്തലിലേക്ക് മടങ്ങുകയാണ്. വീണ്ടും അവിടെവെച്ച് കാണാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമായി പൊലീസ് ഉദ്യോഗസ്ഥന്മാർ മാറിയെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. സമരം അതിശക്തമായി മുമ്പോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.