ബംഗളൂരു: കർണാടക രാമനഗരയിലെ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി (44) ജീവനൊടുക്കിയ കേസിൽ ബംഗളൂരു സ്വദേശിനിയായ യുവതി ഉൾപ്പെടെ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. ചില സ്വകാര്യ വീഡിയോകളുടെ പേരിൽ ഒരു സ്ത്രീ ബ്ലാക്ക്‌മെയിൽ ചെയ്തതായി സ്വാമി ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു സ്വദേശിയായ സ്ത്രീയെ ചോദ്യം ചെയ്യുന്നത്. രാമനഗര ജില്ലയിലെ ഒരു ഗ്രാമത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ കഞ്ചുഗൽ ബന്ദേമഠത്തിലെ തന്റെ പൂജാമുറിയുടെ ജനലിലെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഹണിട്രാപ്പിൽ കുടുക്കി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മൂവരെയും ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബസവലിംഗ സ്വാമി ഒരു സ്ത്രീയുമായി നടത്തിയ വിഡിയോ കോളുകളുടെ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സ്ത്രീയുമായി സ്വാമി നടത്തിയ വിഡിയോ കോളുകൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് അദ്ദേഹം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

സ്വാമി എഴുതിയ ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യത്തെപ്പറ്റി സൂചനയുണ്ട്. ഒരു അജ്ഞാത സ്ത്രീ എന്നോട് ഇത് ചെയ്തു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് മഠത്തിലെ മുറിയിൽ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ ഏറെ വൈകിയിട്ടും മുറി തുറക്കാതെ വന്നതോടെ ജീവനക്കാർ മുറി തുറന്ന് പരിശോധിച്ചു. ഇതോടെയാണ് തൂങ്ങിയ നിലയിൽ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം മുറിയിൽ സ്വാമിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തുകയായിരുന്നു. ഈ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ആത്മഹത്യാക്കുറിപ്പിൽ പറയുന്ന രണ്ടുപേർ മഠവുമായി ബന്ധപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

ഒരു യുവതിയുമായി മഠാധിപതി വീഡിയോ കോൾ നടത്തിയിരുന്നു. ഇതെല്ലാം സ്‌ക്രീൻ റെക്കോഡ് ചെയ്ത് സൂക്ഷിച്ച യുവതി, പിന്നീട് ഈ വീഡിയോകൾ ഉപയോഗിച്ച് സ്വാമിയെ ഭീഷണിപ്പെടുത്തി. 'ഒരു അജ്ഞാത യുവതിയാണ് എന്നോട് ഇത് ചെയ്തത്' എന്നാണ് സ്വാമിയുടെ കുറിപ്പിലുണ്ടായിരുന്നതെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. തന്നെ ചിലർ ഭീഷണിപ്പെടുത്തിയെന്നും ദ്രോഹിച്ചെന്നും സ്വാമിയുടെ കുറിപ്പിലുണ്ടായിരുന്നതായി കഴിഞ്ഞദിവസം പൊലീസ് വെളിപ്പെടുത്തിയിരുന്നു.

മഠാധിപതി സ്ഥാനത്തുനിന്ന് തന്നെ നീക്കാനാണ് ഇത് ചെയ്തതെന്നും സ്വാമി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതൽവിവരങ്ങൾ പൊലീസ് പുറത്തുവിട്ടത്. 400 വർഷം പഴക്കമുള്ള പ്രമുഖ മഠമാണ് രാമനഗരയിലെ മാഗഡി കുഞ്ചുഗൽബംഡേ മഠം. 1997-ലാണ് ബസവലിംഗ സ്വാമി മഠാധിപതിസ്ഥാനം ഏറ്റെടുത്തത്.

ഒരുവർഷത്തിനിടെ കർണാടകത്തിൽ ജീവനൊടുക്കിയ മൂന്നാമത്തെ മഠാധിപതിയാണ് ബസവലിംഗ സ്വാമി. കഴിഞ്ഞ ഡിസംബറിൽ രാമനഗരയിലെ മറ്റൊരു പ്രധാന മഠമായ ചിലുമെ മഠത്തിലെ മഠാധിപതിയെ മഠത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ബെലഗാവിയിലെ ഒരു മഠാധിപതിയെ മഠത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട ശബ്ദസന്ദേശം പ്രചരിച്ചതിനെത്തുടർന്നായിരുന്നു ഇത്.