- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; മുദ്രപ്പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചു; പരാതി പിൻവലിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞു'; കോച്ചിനെതിരെ പരാതി നൽകിയതിന് പിന്നാലെ സമ്മർദ്ദമെന്ന് ലിതാരയുടെ അമ്മ; കുറ്റ്യാടി പൊലീസിൽ പരാതി നൽകി
കോഴിക്കോട്: കോച്ചിനെതിരെ പരാതി നൽകിയതിന് പിന്നാലെ കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി, ബിഹാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി ബാസ്‌കറ്റ് ബോൾ താരം കെ.സി.ലിതാരയുടെ അമ്മ. ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ വീട്ടിൽ എത്തി ഭീഷണി പെടുത്തിയെന്നാണ് ലിതാരയുടെ അമ്മയുടെ പരാതി. കേസ് പിൻവലിക്കണമെന്നാണ് വീട്ടിലെത്തിയവരുടെ ആവശ്യം. പരാതിയില്ലെന്ന് അറിയിച്ച് കേസ് പിൻവലിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും കുടുംബം പറയുന്നു. വീട്ടുകാർ കുറ്റ്യാടി പൊലീസിൽ പരാതി നൽകി.
ലിതാരയുടെ മരണത്തിൽ ആരോപണവിധേയനായ പരിശീലകൻ രവി സിങ്ങിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്ന് രണ്ടു പേരെത്തി ഭീഷണിപ്പെടുത്തിയെന്ന് ലിതാരയുടെ അമ്മ ലളിതയാണ് പൊലീസിൽ പരാതി നൽകിയത്. ഹിന്ദി സംസാരിക്കുന്ന രണ്ടു പേർ വെള്ളം ചോദിച്ച് വീട്ടിലെത്തുകയും, രവി സിങ്ങിനെതിരായ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചു.
കാഴ്ചയിൽ ഉദ്യോഗസ്ഥരെന്ന് തോന്നിക്കുന്ന ആളുകളാണ് വൈകുന്നേരം വീട്ടിൽ എത്തിയത്. കുടിവെള്ളം ചോദിച്ചാണ് വന്നത്. ശേഷം മുദ്രപത്രം കാണിക്കുകയായിരുന്നു. ലിതാരയുടെ മരണത്തിന് കാരണക്കാരനെന്ന് പറയപ്പെടുന്ന കോച്ച് രവിസിങ്ങിന്റെയും ലിതാരയുടെയും ഫോട്ടോയും അവർ കാണിച്ചിരുന്നു.
കേസ് പിൻവലിച്ചാൽ 25 ലക്ഷം രൂപ തരാമെന്ന് വീട്ടിലെത്തിയ രണ്ടു പേർ പറഞ്ഞു. കേസ് പിൻവലിച്ചെന്ന് ലിതാരയുടെ അമ്മ മുദ്രപത്രത്തിൽ എഴുതിക്കൊടുക്കണമെന്നും ലിതാരയുടെ ഐഡി കാർഡ് വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ലിതാരയുടെ കുടുംബം വിസ്സമ്മതിച്ചപ്പോൾ ബലമായി മുദ്രപത്രത്തിൽ എഴുതിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ലളിത ബഹളം വച്ചതിനെ തുടർന്ന് ഇവർ ഓടിപ്പോവുകയായിരുന്നു. സംഭവത്തിൽ കുറ്റ്യാടി സിഐ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വടകര വട്ടോളി കത്തിയണപ്പൻ ചാലിൽ കരുണന്റെ മകളാണ് ലിതാര. കഴിഞ്ഞ, ഏപ്രിൽ 26 നാണ് പാറ്റ്‌നയിൽ ഫ്‌ളാറ്റിൽ ബാസ്‌ക്കറ്റ് ബോൾ താരം കെസി ലിതാരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. കോച്ച് രവി സിംഗിനെതിരെ ഗുരുതര ആരോപണമുയർത്തി, പിന്നാലെ കുടുംബം പരാതി നൽകി. കോച്ച് നിരന്തരം ശല്യം ചെയ്യുകയാണെന്ന് ലിതാര നേരത്തെ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ നൽകിയ പരാതിയിലെ ആരോപണം.
കൊൽക്കത്തയിലെ പരിശീലനത്തിനിടെ കോച്ച് അപമര്യാദയായി പെരുമാറി. ലിതാര ഇതിനെ എതിർത്തു. പിന്നാലെ കോച്ച് രവി സിങ് മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇക്കാര്യം വിശദമാക്കി, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാട്‌ന പൊലീസിനും ബന്ധുക്കൾ പരാതി നൽകിയിരുന്നു. രവി സിങ്ങിനെതിരെ സ്റ്റേഷനിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിനു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവം നടന്നിട്ട് നാലു മാസമായിട്ടും ആരേയും അറസ്റ്റ് ചെയ്യാത്തതിൽ ഏറെ നിരാശരാണ് കുടുംബം. മരണ സർട്ടിഫിക്കറ്റ് പോലും കിട്ടിയില്ലെന്നും ബന്ധുക്കൾ പറയുന്നു. 2018-ൽ ദേശീയചാമ്പ്യന്മാരായ കേരള ബാസ്‌കറ്റ്‌ബോൾ ടീമിൽ അംഗമായിരുന്നു ലിതാര. റെയിൽവേയിൽ ധാനാപുരിൽ ജൂനിയർ ക്ലാർക്കായി ജോലിചെയ്തുവരുന്നതിനിടയിൽ കോച്ച് രവിസിങ്ങിൽനിന്ന് തുടർച്ചയായ മാനസിക, ശാരീരികപീഡനങ്ങളുണ്ടായതായി മാതാപിതാക്കൾ മൊഴിനൽകിയിരുന്നു. ഒരിക്കൽ കൈയിൽ കയറിപ്പിടിച്ചതിനെത്തുടർന്ന് ലിതാര കോച്ചിനെ അടിച്ചിരുന്നു.
തുടർന്ന് പലപ്പോഴും ഒറ്റയ്ക്ക് പരിശീലനത്തിനെത്താൻ കോച്ച് നിർബന്ധിച്ചിരുന്നു. ഇതിന് തയ്യാറാകാതിരുന്നപ്പോൾ പരിശീലനത്തിനെത്തുന്നില്ലെന്ന് കാണിച്ച് മേലധികാരികൾക്ക് പരാതി നൽകി ജോലിയിൽനിന്ന് പുറത്താക്കാനും ശ്രമമുണ്ടായതായി ബന്ധുക്കൾ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ