തിരുവനന്തപുരം: ഒടുവിൽ അത്യാഗ്രഹിയായ ചതിയൻ കുടുങ്ങി. വഴിയോരക്കച്ചവടക്കാരിയിൽ നിന്ന് ഒരുകോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരനെ തന്ത്രപരമായാണ് പൊലീസ് അറസ്റ്റു ചെയ്തത്. ആരും ചെയ്യാത്ത ക്രൂരതയാണ് ഈ ലോട്ടറിക്കാരൻ കാണിച്ചത്. പരാതിയെ തുടർന്ന് പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്.

തിരുവനന്തപുരത്ത് മ്യൂസിയത്തിനു സമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മയെ തേടിയാണ് ലോട്ടറി ഭാഗ്യം എത്തിയത്. ഈ ടിക്കറ്റാണ് ഇയാൾ തട്ടിയെടുത്ത്. കണ്ണൻ തന്നെയാണ് ഈ ടിക്കറ്റ് സുകുമാരിയമ്മയ്ക്ക് വിറ്റത്. വിറ്റ ടിക്കറ്റിന്റെ നമ്പർ കണ്ണന് അറിയാമായിരുന്നു. സുകുമാരിയമ്മ എടുത്ത കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 15-നായിരുന്നു നറുക്കെടുപ്പ്. സുകുമാരി അമ്മയ്ക്കാണ് ടിക്കറ്റ് അടിച്ചതെന്ന് മനസ്സിലാക്കി കണ്ണൻ കള്ളക്കളി തുടങ്ങി.

ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതിൽ എഫ്.ജി. 348822 എന്ന ടിക്കറ്റിനായിരുന്നു ഒന്നാംസമ്മാനം. ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നുപറഞ്ഞ് ഇയാൾ സുകുമാരിയമ്മയുടെ അടുത്തെത്തി. എന്നാൽ ആ 1200 രൂപ പോലും നൽകിയില്ല. ടിക്കറ്റുകൾ തിരികെ വാങ്ങിയ ശേഷം 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും കൊടുത്തു.

ഈ സമയം ഒരു കച്ചവടക്കാരൻ ടിക്കറ്റ് നമ്പർ ഒന്നാംസ്ഥാനം ലഭിച്ചതല്ലേയെന്ന് സുകുമാരിയമ്മയോട് ചോദിച്ചു. തനിക്ക് ലോട്ടറിയടിച്ചെന്നും ഇത് എടുത്തയാൾ പണമില്ലാത്തതിനാൽ തിരികെനൽകിയതാണെന്നും കണ്ണൻ പാളയത്തുള്ള മറ്റൊരു വഴിയോരക്കച്ചവടക്കാരോട് പറഞ്ഞു. ഈ വാക്കുകൾ കാട്ടു തീ പോലെ പടർന്നു. ലോട്ടറി അടിച്ചെന്ന് പറഞ്ഞ് കണ്ണൻ ആഘോഷവും തുടങ്ങി.

വഴിയോരക്കച്ചവടക്കാർ വഴി വിവരമറിഞ്ഞ സുകുമാരിയമ്മ മ്യൂസിയം പൊലീസിൽ പരാതിനൽകി. ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൻ ലോട്ടറിവകുപ്പിൽ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതുസംബന്ധിച്ച് പൊലീസ് ലോട്ടറിവകുപ്പിന് റിപ്പോർട്ട് നൽകും. ഇതിന് ശേഷം ലോട്ടറി വകുപ്പാകും അന്തിമ തീരുമാനം എടുക്കുക. ചിലപ്പോൾ ആർക്കും സമ്മാനം കിട്ടാതിരിക്കാനും സാധ്യതയുണ്ട്.

14ന് വൈകിട്ട് അഞ്ചിനായിരുന്നു സുകുമാരിയമ്മയ്ക്ക് ടിക്കറ്റ് വിറ്റത്. 15ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ തന്നെ സുകുമാരിയമ്മയ്ക്ക് സമ്മാനം അടിച്ചത് കണ്ണൻ തിരിച്ചറിഞ്ഞു. അന്ന് അഞ്ചു മണിയോടെ സുകുമാരിയമ്മയുടെ അടുത്ത് ഇയാൾ വീണ്ടുമെത്തി. സമ്മാന വിവരം സുകുമാരിയമ്മ അറിഞ്ഞില്ലെന്ന് മനസ്സിലാക്കി ടിക്കറ്റ് തട്ടിയെടുക്കുകയായിരുന്നു. 17നാണ് സുകുമാരിയമ്മ പൊലീസിൽ പരാതി നൽകിയത്. സംഭത്തിന്റെ ഗൗരവം മനസ്സിലാക്കി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുകയും ചെയ്തു.