- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലൂക്കാച്ചന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; ശാസ്ത്രീയ-സാങ്കേതിക പരിശോധനയ്ക്ക് പൊലീസ്
അടിച്ചിറ: കഴുത്തിനു മുറിവേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ദുരൂഹത ഏറെ. മരണ കാരണം കണ്ടെത്താൻ ശാസ്ത്രീയ സാങ്കേതിക പരിശോധന നടത്തും. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് സാധൂകരിക്കുന്നതൊന്നും പൊലീസിന് അന്വേഷണത്തിൽ കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കുന്നത്.
പ്രവാസിയായിരുന്ന അടിച്ചിറ അരീച്ചിറ കുന്നേൽ ലൂക്കോസിനെ(ലൂക്കാച്ചൻ-64)യാണ് വെള്ളിയാഴ്ച വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യ ലിസി വിവരം അയൽവാസികളെ അറിയിക്കുകയും അയൽവാസികൾ പൊലീസിനെ വിളിക്കുകയുമായിരുന്നു. കൊലപാതക സംശയം സജീവമാണ്.
ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി ലൂക്കോസിന്റെയും ബന്ധുക്കളുടെയും ടെലിഫോൺ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി പൊലീസ് വീണ്ടും ശേഖരിക്കും. ഒരാൾക്ക് തനിച്ച് സ്വയം കഴുത്ത് അറുക്കാൻ കഴിയുമോയെന്നതാണ് ദുരൂഹത കൂട്ടുന്നത്.
നാളെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. വിരലടയാള വിദഗ്ധരുടെയും സൈബർ സെല്ലിന്റെയും റിപ്പോർട്ടുകൾ കൂടി പരിശോധിക്കും. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശാനുസരണം കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജി, കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലൂക്കോസിന്റെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം 3.30നു സംക്രാന്തി ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടക്കും.
വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലത്ത് എത്തിയ ശേഷം പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് മൃതദേഹത്തിന്റെ കഴുത്തിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത്. തുടർപരിശോധനയിൽ മൃതദേഹം കണ്ടെത്തിയതിനു സമീപത്തു വിദേശത്തുനിന്നു കൊണ്ടുവന്ന കത്തി കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. കിടപ്പുമുറിയിലെ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. കഴുത്തിന്റെ ഇടതുവശത്തുനിന്നു താഴേയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്.
അബുദാബിയിൽ ഓയിൽ കമ്പനിയിൽ എൻജിനീയറായ ലൂക്കോസ് കഴിഞ്ഞ മെയ് മാസമാണ് ജോലി അവസാനിപ്പിച്ച് നാട്ടിൽ എത്തിയത്. സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയം കണ്ണൂരിൽ നടക്കാനിരിക്കെയാണ് ദുരൂഹ മരണം ഉണ്ടായത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ലൂക്കോസിന്റെ ബന്ധുക്കളും സമീപവാസികളും പറയുന്നു. വിദേശനിർമ്മിതമായ ഒരു കത്തികൊണ്ടാണ് കഴുത്തിന്റെ ഒരുഭാഗം ആഴത്തിൽ മുറിഞ്ഞിരിക്കുന്നത്. സംഭവം നടക്കുമ്പോൾ ഭാര്യയും വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ മകൻ ക്ലിൻസുമാണ് വീട്ടിലുണ്ടായിരുന്നത്. മുറി അകത്തുനിന്ന് പൂട്ടിയിരുന്നില്ലെന്നും പറയുന്നു.
ചോരപുരണ്ട കത്തി കഴുകി വൃത്തിയാക്കാൻ ലൂക്കോസിന്റെ ഭാര്യ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ഉഴവൂർ സ്വദേശികളായ ഇവർ 18 വർഷം മുൻപാണ് അടിച്ചിറയിൽ താമസം തുടങ്ങിയത്. മകൾ റിൻസ് ഓസ്ട്രേലിയയിലാണ്.