തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ ദമ്പതിമാരെ പെട്രോളൊഴിച്ച് കൊല്ലാൻ മുൻ സൈനികനെ പ്രേരിപ്പിച്ചത് തന്റെ മക്കൾക്ക് സംഭവിച്ച ദുരന്തം. ഇതിന്റെ പക വർഷങ്ങളായി കനലെരിയാതെ കിടക്കുകയായിരുന്നു. ശശിധരൻ നായരുടെ(73) മകൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രഭാകര കുറുപ്പിനെ(70) കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടതും പക ആളിക്കത്തിച്ചു.

പ്രതിയായ ശശിധരൻ നായരുടെ മകനെ 29 വർഷം മുമ്പ് വിദേശത്തേക്ക് ജോലിക്കായി കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാൽ ഉദ്ദേശിച്ച ജോലി ശരിയാകാതെ വന്നതോടെ, ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തു. ഈ മൃതദേഹം അന്ന് നാട്ടിലെത്തിക്കാൻ ഇടപെട്ടത് പ്രഭാകരക്കുറുപ്പായിരുന്നു. സഹോദരൻ മരിച്ചതിന് പിന്നാലെ ശശിധരൻ നായരുടെ മകളും ജീവനൊടുക്കി. ഇതോടെയാണ് ഇദ്ദേഹം പ്രഭാകരക്കുറുപ്പിനെതിരെ തിരിഞ്ഞത്. മക്കളുടെ മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന തോന്നൽ മനസ്സിൽ പക കൂട്ടി. അയൽവാസിയായിരുന്ന ശശിധരൻ നായരുമായി തർക്കം പതിവായതോടെ പ്രഭാകരക്കുറുപ്പും കുടുംബവും മടവൂരിലേക്ക് താമസം മാറ്റുകയായിരുന്നു.

രണ്ട് മക്കളുടെയും മരണത്തിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് ആരോപിച്ച് ശശിധരൻ നായർ പൊലീസിൽ പരാതിയും നൽകിയിരുന്നു. വർഷങ്ങളായി നടന്ന കേസിൽ ഇന്നലെ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ശശിധരന്റെ പക വർധിച്ചതും കൊലപ്പെടുത്താൻ തീരുമാനിച്ചതും. ശശിധരൻ നായർ കയ്യിലെ കന്നാസിൽ പെട്രോളുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തുകയായിരുന്നു. കയ്യിൽ ചുറ്റികയും കരുതിയിരുന്നു. ഈ ചുറ്റിക കൊണ്ട് പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയേയും ആക്രമിച്ച ശേഷമാണ് പെട്രോളൊഴിച്ച് കത്തിച്ചത്. ഇതിനിടെ, ശശിധരൻ നായർക്കും പൊള്ളലേറ്റു. നിലവിളി ശബ്ദവും പിന്നാലെ പുക ഉയരുന്നതും കണ്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും ഭർത്താവിനേയുമാണ്. ശശിധരൻ നായർ സമീപത്ത് ഇരിപ്പുണ്ടായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന സഞ്ചിയിൽ ആധാർ കാർഡ് ഉൾപ്പെടെ ഉണ്ടായിരുന്നു. സഞ്ചിയിലും ചോരക്കറയുണ്ട്. സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റികയും ലഭിച്ചു.

പ്രഭാകരക്കുറുപ്പിനേയും വിമല കുമാരിയേയും ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ പ്രഭാകരക്കുറുപ്പ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിമല കുമാരിയെ(65) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എൺപത് ശതമാനം പൊള്ളലേറ്റ വിമല തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പരിക്കേറ്റ ശശിധരൻ നായരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

. പറഞ്ഞ ജോലിയും ശമ്പളവും കൊടുക്കാൻ പ്രഭാകരക്കുറുപ്പ് തയ്യാറാകാത്തതാണ് മകന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ശശി പലരോടും പറഞ്ഞിരുന്നു. ഇന്നു രാവിലെ 11.45നോടയാണ് വിളി കേട്ട് അയൽവാസികൾ ഓടി എത്തിയത് ഓടി എത്തുമ്പോൾ തീ പിടിച്ചു നിൽക്കുന്ന ശശിയെയാണ് കാണുന്നത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രഭാകര കുറുപ്പും ഭാര്യ വിമലയും തീ കത്തിയ നിലയിൽ നിലത്ത് കിടക്കുന്നത് കണ്ടത് . തുടർന്നാണ് പൊലീസിന് വിവരമറിയിച്ചത്.നിലവിൽ ഹോളോ ബ്രിക്‌സ് നിർമ്മാണ യൂണിറ്റ് നടത്തുകയായിരുന്നു പ്രഭാകര കുറുപ്പ്. സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ് ശശിധരൻ നായർ.