തിരുവനന്തപുരം: ഓണത്തിന്റെ മദ്യകച്ചവടത്തിന് വിപണി പിടിക്കാൻ കേരളത്തിലെക്ക് ദിവസും എത്തിക്കുന്നത് ലക്ഷക്കണക്കിനു രൂപയുടെ മദ്യം. കരവഴിയും കടൽ വഴിയും കളർ കലക്കിയും മദ്യമാഫിയ സാധനം സ്റ്റോക്ക് ചെയ്യുമ്പോൾ പൊലീസും എക്‌സൈസും കണ്ണടക്കുന്നു. തിരുവനന്തപുരത്തെ പൊലീസ് ഉന്നതനാണ് ഇതിന്റെ പിന്നിൽ എന്നാണ് രഹസ്യവിവരം. എസ്‌പി ഓഫീസിലെ ഉദ്യോഗസ്ഥൻ എന്നറിയപ്പെടുന്ന ഇയാളുടെ കീഴിൽ ദിവസും ലക്ഷകണക്കിന് രൂപയുടെ മദ്യമാണ് കേരളത്തിലെക്ക് ഒഴുകി എത്തുന്നത്.

നഗരത്തിൽ 20 സ്‌ക്കൂട്ടറുകളും മൂന്നിലികം കാറുകളിലും ഇയാളുടെ ഒത്താശയിൽ മദ്യവിതരണത്തിനായി ഉപയോഗിക്കുന്നു.ഓണം ലക്ഷ്യം വെച്ച് ബോട്ടുകളിൽ മദ്യം എത്തിച്ച് ആളോഴിഞ്ഞ തീരപ്രദേശത്ത് എത്തിച്ച് സ്റ്റോക്ക് ചെയ്യുകയാണ് ഇപ്പോൾ.ഗോവയിൽ നിന്നാണ് ബോട്ട് വഴിയുള്ള മദ്യം എത്തിക്കുന്നത്. കേരളത്തിലെ മദ്യപാനികൾക്ക് താത്പര്യമുള്ള റമ്മാണ് കൂടുതലായി എത്തിക്കുന്നത്.ഗോവയിൽ നിന്നും നികുതി ഇളവിൽ ലഭിക്കുന്ന മദ്യം കേരളത്തിന്റെ തീരപ്രദേശത്ത് എത്തിച്ച് മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതും ഇതേ മാഫിയയാണ്.

രാത്രിയിൽ കടലിൽ പോയിട്ട് പുലർച്ചെ വരുന്ന മത്സ്യത്തൊഴിലാളികൾക്ക് മദ്യം ലഭ്യമാകണം എങ്കിൽ പകൽ 10 മണി കഴിയണം. ഇത് ലാക്കാക്കിയാണ് ഈ മദ്യമാഫിയ ഹാർബർ പരിസരം കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നത്. പുലർച്ചെ നാല് മുതൽ പകൽ പത്ത് മണി വരെ ഈ കച്ചവടം പൊടിപൊടിക്കും. തെക്കൻ കേരളത്തിലെ ഹാർബറുകളിൽ ഇത്തരം അനധികൃതവിൽപ്പന വ്യാപകമാണെന്ന് ഇന്റലിജൻല് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും പൊലീസും എക്‌സൈസും ഇത് കേട്ട ഭാവം നടിക്കില്ല.

ഒരു ബോട്ടിൽ ആയിരക്കണക്കിന് കെയിസ് മദ്യമാണ് എത്തിക്കുന്നത്. അങ്ങനെ അനവധി ബോട്ടുകളാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഇത് മദ്യം എത്തിക്കുന്നത് ഒരേ സംഘമാണ്. വിഴിഞ്ഞം, വേളി, പെരുമാന്തുറ, കഠിനംകുളം,മുതലപ്പൊഴി,അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ എത്തിച്ച് കരയിൽ സ്റ്റോക്ക് ചെയ്യുന്നു. സ്പിരിറ്റിൽ കളർ കലക്കി ലിക്വർ എന്ന വ്യാജേന വിൽക്കുന്ന സംഘവും സജീവമാണ്.

ഇതിൽ ഉൾപ്പെടുന്ന 18 പേരുടെ വിവരങ്ങൾ അടക്കം മുഖ്യമന്ത്രിക്കും ഡിജിപിക്കും എക്‌സൈസ് കമ്മീഷണർക്കും പരാതി ലഭിച്ചിട്ടുണ്ട്.റോഡ് വഴി ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരിൽ നിന്നും സ്പിരിറ്റ് എത്തുന്നുണ്ട്.പച്ചക്കറി വണ്ടികളിലും മീൻവണ്ടികളിലുമാണ് കൂടുതലായി ഇങ്ങനെ മദ്യം എത്തിക്കുന്നത്.

18 തീരദേശപൊലീസ് സ്‌റ്റേഷനുകൾ കേരളത്തിലുണ്ടെങ്കിലും  ബോട്ടിൽ മദ്യം എത്തിക്കുന്ന മാഫിയെ ഇവർ തൊടാറില്ല. വലിയതുകയാണ് ഇവരിൽ നിന്ന് പൊലീസ് കൈക്കൂലിയായി വാങ്ങിക്കുന്നത് എന്ന് ആരോപണമുണ്ട്. പണ്ട് മാസപ്പടി ആയിരുന്നെങ്കിൽ ഇപ്പോൾ മദ്യകച്ചവടത്തിന്റെ ലാഭവിഹിതമാണ് പൊലീസും എക്‌സൈസും വാങ്ങിന്നത് എന്ന് ആക്ഷേപമുണ്ട്.