- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാ ഒരു 'പൊലീസ് കള്ളൻ'! കാഞ്ഞിരപ്പള്ളിയിൽ പഴക്കടയിൽ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരൻ; വീഡിയോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുടുങ്ങിയത് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ പി വി ഷിഹാബ്; മോഷണം പൊലീസ് യൂണിഫോമിൽ; കേസെടുത്തു കാഞ്ഞിരപ്പള്ളി പൊലീസ്
കോട്ടയം: വേലി തന്നെ വിളവു തിന്നുന്നു എന്നു പറയാറില്ലേ.. അത്തരമൊരു സംഭവാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും പുറത്തുവന്നത്. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കിലോയ്ക്ക് 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ ആയ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് മോഷ്ടിച്ചത്.
രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പൾ ഉൾപ്പെടെ വ്യക്തമായതാണു പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. മാമ്പഴങ്ങൾ പെട്ടിയിൽനിന്നെടുത്ത് സ്‌കൂട്ടറിൽ ഇടുന്നതു ദൃശ്യങ്ങൾ വ്യക്തമാണ്. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുക്കുകയായിരുന്നു.
മാമ്പഴം മോഷണം പോയ വിഷയം അറിഞ്ഞതോടെ സിസി ടി വി കേന്ദ്രീകരിച്ചായിരുന്നു അന്വഷണം നടത്തിയത്. അന്വേഷണത്തിന് ഒടുവിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് പുലർച്ചെ മടങ്ങുന്നതിനിടെ ആണ് പൊലീസുകാരൻ കടയ്ക്ക് പുറത്ത് വച്ച മാമ്പഴം അടിച്ചു മാറ്റിയത്.
വഴിയിരകിൽ പ്രവർത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരൻ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാൽ കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല. ജനറൽ ആശുപത്രിയിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസുകാരൻ എന്നാണ് വിവരം. പൊലീസ് യൂണിഫോമിൽ എത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്നതാണ് കൗതുകം.
സിസിടിവി ക്യാമറ ദൃശ്യങ്ങളടക്കം വ്യക്തമായ തെളിവുകൾ ഉള്ളതിനാൽ സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഷിഹാബിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും എന്നാണ് സൂചന. ഇയാൾക്കെതിരെ നേരത്തേയും സമാനമായ രീതിയിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പല കേസുകളിലും പ്രതിയാണെന്നുമാണ് സൂചന. മുണ്ടക്കയം സ്റ്റേഷനിൽ ഐടി ആക്ട് അടക്കമുള്ള വിവിധ വകുപ്പുകളിലെ കേസുകളിൽ ഷിഹാബ് പ്രതിയാണ്. ഇങ്ങനെ രണ്ട് കേസുകളിലെ പ്രതിയാണ് ഇയാൾ എന്നാണ് കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിവരം.
മറുനാടന്‍ മലയാളി ബ്യൂറോ